News >> മെക്സിക്കോ മാടിവിളിക്കുന്നു, പാപ്പാ ഫ്രാന്‍സിസിനെ...!
സമാധാനത്തിനായി പൊരുതണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഫെബ്രുവരി 12-ം തിയതി ആരംഭിച്ച് 18-ാം തിയതി സമാപിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെക്കുറിച്ചു ദേശീയ പത്രം, 'നോട്ടിമെക്സി'നു നല്കിയ അഭിമുഖത്തിലാാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.2015 നവംബറില്‍ ആഫ്രിക്കയിലെയ്ക്കു നടത്തിയ അപ്പസ്തോലിക യാത്രയ്ക്കുശേഷം മെക്സിക്കോയിലേയ്ക്കുള്ള ഈ പ്രേഷിതയാത്ര പാപ്പാ ഫ്രാന്‍സിസിന്‍റെ 12-ാം അന്താരാഷ്ട്ര പര്യടനമാണ്. അഴിമതിയും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുംകൊണ്ട് കലുഷിതമായ മെക്സിക്കോയുടെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തിലേയ്ക്ക് സമാധാനത്തിന്‍റെ സന്ദേശവുമായിട്ടാണ് താന്‍ വരുന്നതെന്ന് പാപ്പാ അഭിമുഖത്തില്‍ തുറന്നു പ്രസ്താവിച്ചു. ഇന്നു നാം യുദ്ധം ചെയ്യേണ്ടത് മണ്ണിനും പണത്തിനും പെരുമയ്ക്കും വേണ്ടിയല്ല, രാഷ്ട്രങ്ങളിലും ജനതകളിലും മനുഷ്യഹൃദയങ്ങളിലും സമാധാനമുണ്ടാകാന്‍, നിലവിലുള്ള സാമൂഹീക-രാഷ്ട്രീയ തിന്മകള്‍ക്കെതിരെയാണെന്ന് അഭിമുഖത്തില്‍ പാപ്പാ വ്യക്തമാക്കി.സമൂഹത്തില്‍ നിലനില്കുന്ന അഴിമതിക്കും അതിക്രമങ്ങള്‍ക്കും മയക്കുമരുന്നു വിപണിക്കും മനുഷ്യക്കടത്തിനുമെതിരെ അനുദിനം പോരാടിക്കൊണ്ട് സാമൂഹ്യഭദ്രത കൈവരിക്കാന്‍ അനുദിനം ആര്‍ജ്ജിക്കേണ്ട ധാര്‍മ്മിക കരുത്താണ് മെക്സിക്കന്‍ ജനതയുടെ ഇന്നിന്‍റെ വെല്ലുവിളി എന്ന് സ്പാനിഷ് ഭാഷയില്‍ നല്കിയ അഭിമുഖത്തില്‍ പാപ്പാ പ്രസ്താവിച്ചു.സമാധാനത്തിനുള്ള മാര്‍ഗ്ഗം സംവാദമാണ്, യുദ്ധമല്ലെന്നും പാപ്പാ വ്യക്തമാക്കി. നേതാക്കളും ജനങ്ങളുമായുള്ള സംവാദം, കുടുംബങ്ങളിലെ സംവാദം, അയല്‍പക്കങ്ങള്‍ തമ്മിലുള്ള സംവാദം, മതനേതാക്കളും മതങ്ങളും തമ്മില്‍ വളരേണ്ട സംവാദം... അങ്ങനെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പാരസ്പര്യത്തിന്‍റെയും സംവാദത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മനുഷ്യര്‍ തമ്മില്‍ അടുക്കുവാനും, കൂട്ടായ്മയിലൂടെ ഐക്യദാര്‍ഢ്യവും സമാധാനവും വളര്‍ത്തുവാനും പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.അഭിമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിച്ചൊരു കാര്യം - ഗ്വാദലൂപെയിലെ കന്യകാനാഥയുടെ മാതൃസാന്നിദ്ധ്യത്തെക്കുറിച്ചായിരുന്നു. അമ്മമാര്‍ ജീവിതത്തിന്‍റെ ഏതു പ്രതിസന്ധിയിലും മക്കള്‍ക്കു സാന്ത്വനമാകുന്നതുപോലെ യേശുവിന്‍റെ അമ്മ, പരിശുദ്ധ കന്യകാനാഥ, മനുഷ്യകുലത്തിന്, വിശിഷ്യാ കേഴുന്ന ജനതയ്ക്ക് മാതൃസാന്നിദ്ധ്യവും സാന്ത്വനവുമാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പായുടെ അഭിമുഖം അവസാനിച്ചത്.Source: Vatican Radio