News >> എളിമയാല്‍ ജയിക്കുന്ന ദൈവം
വിശുദ്ധ സ്നാപകയോഹന്നാനുണ്ടായിരുന്നതു പോലുള്ള എളിമ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു. വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍ വെള്ളിയാഴ്ച (05/02/16) രാവിലെ താന്‍ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട, മര്‍ക്കോസിന്‍റെ സുവിശേഷം ആറാം അദ്ധ്യായം 14 മുതല്‍ 29 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, സ്നാപകന്‍റെ ശിരച്ഛേദ സംഭവവിവരണത്തെ അവലംബമാക്കി വിചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. മിശിഹായ്ക്ക് വഴിയൊരുക്കിയ നീതിമാനും വിശുദ്ധനും ആയ സ്നാപകന്‍, ഒരു രാജ്ഞിയുടെ പ്രതികാരബുദ്ധിയുടെയും ഭീരുവായ ഒരു രാജാവിന്‍റെ നീചത്വത്തിന്‍റെയും ഫലമായി, കാരാഗൃഹത്തിന്‍റെ അന്ധകാരത്തില്‍ ശിരച്ഛേദം ചെയ്യപ്പെട്ടുവെന്നാലും അവിടെ ദൈവം ജയിക്കുകയായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. സ്ത്രീയില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റം വലിയവനെന്ന് യേശു വിശേഷിപ്പിച്ച സ്നാപകയോഹന്നാന്‍റെ ജീവിതം എന്നും ചെറുതാകലിന്‍റേതായിരുന്നുവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, സ്നാപകയോഹാന്നാന്‍ സ്വന്തം മഹത്വമല്ല മറിച്ച് ദൈവത്തിന്‍റെ മഹത്വമാണ് തേടിയതെന്ന സത്യം എടുത്തു കാട്ടി. സ്നാപക യോഹാന്നാന്‍റെ ശിരച്ഛേദ സംഭവവിവരണമടങ്ങിയ മര്‍ക്കോസിന്‍റെ സുവിശേഷം ആറാം അദ്ധ്യായം വായിക്കുന്ന പക്ഷം ദൈവം ജയിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയുമെന്നും മനുഷ്യരുടേതില്‍നിന്ന് ഭിന്നമായ ഒരു ശൈലിയാണ്, അതായത്, താഴ്മയാണ് ദൈവത്തിന്‍റെ ശൈലിയെന്നും പാപ്പാ പറഞ്ഞു.Source: Vatican Radio