News >> കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സ്ലൊവേനിയയില്‍
സ്ലൊവേനിയായിലെ ദൊബൊവയിലുള്ള അഭയാര്‍ത്ഥികേന്ദ്രം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്ദര്‍ശിച്ചു. അന്നാട്ടില്‍ ത്രിദിനസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം അവസാനദിനമായിരുന്ന വ്യാഴാഴ്ചയാണ് (04/02/16) ഈ അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇറാക്ക് അഫ്ഖാനിസ്ഥാന്‍ ഇറാന്‍ സിറിയ എന്നീ രാജ്യാക്കാര്‍ കൂടുതലായുള്ള ഈ അഭായര്‍ത്ഥികളെ കര്‍ദ്ദിനാള്‍ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. സങ്കീര്‍ണ്ണമായ കുടിയേറ്റപ്രശ്നം പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ആര്‍ക്കും തനിച്ചു നിന്ന് പരിഹാരം കാണാനാകില്ലെന്നുമുള്ള ഉറച്ച ബോധ്യം അദ്ദേഹം വെളിപ്പെടുത്തി. കുടിയേറ്റക്കാര്‍ക്ക് സഹായമേകുന്നതില്‍ പാപ്പായ്ക്കുള്ള താല്പര്യത്തെക്കുറിച്ചും അവര്‍ക്ക് സഹായഹസ്തം നീട്ടുന്നവര്‍ക്ക് പാപ്പായേകുന്ന പ്രചോദനത്തെക്കുറിച്ചും പരാമര്‍ശിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ ഈ രംഗത്ത് സഭ സര്‍ക്കാരുകള്‍ക്കു നല്കുന്നത് സാങ്കേതിക പരിഹാരങ്ങളല്ല, മറിച്ച്, സര്‍വ്വോപരി ഐക്യദാര്‍ഢ്യാധിഷ്ഠിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.Source: Vatican Radio