News >> ക്രൈസ്തവരുടെ ധാര്‍മികശക്തി ഭരണാധികാരികളെ ഉണര്‍ത്തും: മോണ്‍. ചിറ്റിലപ്പിള്ളി

സ്വന്തം ലേഖകന്‍

കോയമ്പത്തൂര്‍: ക്രൈസ്തവ വിശ്വാസികളുടെ ധാര്‍മികസമരത്തിന്റെ ശക്തി ഏതു ഭരണാധികാരിയെയും ഉറക്കത്തില്‍നിന്നുണര്‍ത്തുന്നതാകുമെന്നു പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന പ്രതിഷേധ-പ്രാര്‍ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോണ്‍. ചിറ്റിലപ്പിള്ളി. 

ധാര്‍മികശക്തിയാണു മറ്റ് ഏതു ശക്തിയെക്കാളും വലുത്. സ്നേഹവും കൂട്ടായ്മയും പ്രാര്‍ഥനയുമാണു ക്രൈസ്തവന്റെ ശക്തി. പക്ഷേ, ഇതൊരിക്കലും ബലഹീനതയുമല്ല. മറ്റു പ്രദേശങ്ങളില്‍ നടക്കുന്ന ഭീകരതകള്‍ നമ്മള്‍ വായിച്ചറിയുന്നു. എന്നാല്‍, ഈ ഭീകരത നമ്മുടെ മുറ്റത്തും എത്തിച്ചേരുന്നതു നമ്മള്‍ ഇത്തരം അക്രമത്തിലൂടെ തിരിച്ചറിയുകയാണ്. ഈ അക്രമികളോടു നമുക്ക് ഒന്നേ അഭ്യര്‍ഥിക്കാനുള്ളൂ, ഞങ്ങളും ഭാരതാംബയുടെ മക്കളാണ്. ഈ അക്രമം കേവലം വിവരക്കേടായി തള്ളാനാകില്ല. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ അര്‍ഥം നശിപ്പിക്കുന്ന തരത്തിലാണ് അക്രമികള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കുണ്െടന്നു മോണ്‍. ചിറ്റിലപ്പിള്ളി പറഞ്ഞു. രാമനാഥപുരം രൂപതയോടുള്ള പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ പ്രത്യേക കരുതലും രൂപതയുടെ ഐക്യദാര്‍ഢ്യവും മോണ്‍ ചിറ്റിലപ്പിള്ളി ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഭാരതത്തിന്റെ ശ്രേഷ്ഠതയ്ക്കു കാരണം ഇവിടത്തെ മുനിവര്യന്മാരുടെ ധ്യാനവും പ്രബോധനങ്ങളുമാണെന്നു കോയമ്പത്തൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. അനീഷ് പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു, അഹം ബ്രഹ്മാസ്മി എന്നീ മഹദ് വചനങ്ങള്‍ ഉയര്‍ന്നുവന്ന മണ്ണിലാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നതെന്നതു വിരോധാഭാസമാണ്. ക്രൈസ്തവ സഭകള്‍ രാജ്യത്തിനു നല്കുന്ന സംഭാവനകള്‍ ഇവിടത്തെ ഭരണാധികാരികള്‍ കാണുന്നില്ല. കടല്‍വെള്ളത്തില്‍ വെറും രണ്ടര ശതമാനമാണ് ഉപ്പിന്റെ അളവ്. എന്നാല്‍ കടല്‍ജലത്തിന്റെ രുചി ഉപ്പാണ്. അതുപോലെ ഇന്ത്യന്‍ ജനസംഖ്യയില്‍ രണ്ടര ശതമാനമാണ് ക്രൈസ്തവരുടെ എണ്ണം. ഈ ക്രൈസ്തവരുടെ ചൈതന്യമാണ് ഇന്ത്യയുടെ പൊതുവായ സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. 

ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് സമ്മേളനത്തിന്റെ ഉപസംഹാരം നടത്തി. ക്രൈസ്തവ വിശ്വാസവും സഭയോടുള്ള കൂട്ടായ്മയും വെളിപ്പെടുത്താന്‍ ദൈവം തന്ന അവസരമാണ് ഈ സമ്മേളനമെന്നു ബിഷപ് പറഞ്ഞു. സഭയോടും പൌരോഹിത്യത്തോടുമുള്ള ആദരവ് ഇവിടെ വെളിവാകുന്നു. നമ്മളെല്ലാം ഭാരതത്തിന്റെ മക്കളാണ്. ഇവിടെ ജാതിയോ മതമോ വര്‍ഗമോ ഇല്ല. ബിഷപ് പറഞ്ഞു. 

രൂപത ചാന്‍സലര്‍ ഫാ. തോമസ് കാവുങ്കല്‍, ലിജോ ചുങ്കത്ത്, ഫാ. മാത്യു പുരയിടം, ഫാ. സെബി വെള്ളാനിക്കാരന്‍, പാസ്ററല്‍ കൌണ്‍സില്‍ അംഗം കുര്യാച്ചന്‍, സിസ്റര്‍ അര്‍പുതമേരി, ടി.കെ. സിറിയക്, തങ്കച്ചന്‍ മാസ്റര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം ഇന്നു ജില്ലാ കളക്ടര്‍ക്കു നിവേദനമായി നല്കും. രൂപതയിലെ വൈദികര്‍, കൈക്കാരന്മാര്‍, പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങി നൂറോളം പേരടങ്ങുന്ന സംഘമാണു നിവേദനം നല്കുക. വരുംദിവസങ്ങളില്‍ അധികാരികള്‍ എടുക്കുന്ന നടപടികള്‍ക്കനുസരിച്ചു തുടര്‍പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും യോഗം തീരുമാനിച്ചു. 

രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിനും റാലിക്കും ബിഷപ്പിനോടും വികാരി ജനറാളിനോടും ചാന്‍സലറോടുമൊപ്പം ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയും രൂപതാ പിആര്‍ഒ യുമായ ഫാ. ജോണ്‍സണ്‍ വീപ്പാട്ടുപറമ്പില്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
Source: Deepika