News >> നിത്യസഹായ മാതാവിനോടുള്ള നവനാള്‍ഭക്തിക്ക് 150 വയസ്സ്


നിത്യസഹായ മാതാവിന്‍റെ നവനാള്‍ ഭക്തിക്ക് 150 വയസ്സു തികയുന്നു. 2016 ജൂണ്‍ 27-ാം തിയതിയാണ് ആ ശുഭദിനം. ഒരുവര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലി ആഘോഷം റോമില്‍ പ്രഖ്യാപിച്ചു. നിത്യസഹായമാതാവിന്‍റെ നവനാള്‍ ഭക്തിയുടെ പ്രായോക്താക്കളായ ദിവ്യരക്ഷക സഭയുടെ(Redemptorists) സുപീരിയര്‍ ജനറല്‍, ഫാദര്‍ മിഷേല്‍ ബ്രെഹില്‍ 2015 ജൂണ്‍ 27-ാം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഈ ചരിത്ര സംഭവത്തിന്‍റെ പ്രഖ്യാപനം നടന്നത്.

ഉണ്ണിയെ കൈയ്യിലേന്തിയ ദൈവമാതാവിന്‍റെ അത്ഭുതചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിച്ചുപോരുന്നു. 9-ാം പിയൂസ് പാപ്പാ ദിവ്യരക്ഷക സഭാംഗങ്ങളെ ചിത്രം ഏല്പിക്കുകയും, ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൈവമാതാവിന്‍റെ അത്ഭുചിത്രം കൈമാറിയതിന്‍റെയും ദൈവമാതാവിനോടുള്ള ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള ആഹ്വാനം വത്തിക്കാന്‍ നല്കിയതിന്‍റെയും 150-ാം വാര്‍ഷികമായി  2016-ല്‍ ആചരിക്കപ്പെടുന്നത്.

ദിവ്യരക്ഷക സഭ അല്ലെങ്കില്‍ റെ‍ഡംപ്റ്ററിസ്റ്റ് മിഷണറിമാരാണ്(Redemptorists) നിത്യസഹായമാതാവിന്‍റെ ഭക്തി ലോകമെമ്പാടും എത്തിച്ചത്. അവര്‍തന്നെയാണ് അത് ഭാരതത്തിന്‍റെ  വിവിധ ഭാഗങ്ങളിലും കേരളത്തിലും ​പ്രചരിപ്പിച്ചത്. ‍9-ാം പിയുസ് പാപ്പായുടെ ആഹ്വാനം  ഉള്‍ക്കൊണ്ടാണ് ലോകമെമ്പാടും നിത്യസഹായ നാഥയുടെ ഭക്തി പ്രചരിപ്പിക്കപ്പെട്ടത്. റോമിലെ മെരുലാന (Via Merulana) എന്ന സ്ഥലത്തുള്ള രക്ഷാകരസഭയുടെ ആസ്ഥാനത്തോടു ചേര്‍ന്നുള്ള ദേവാലയത്തിലാണ് നിത്യസഹായമാതാവിന്‍റെ അസ്സല്‍ ചിത്രം (Icon) സൂക്ഷിച്ചിരിക്കുന്നത്. അത്ഭുതചിത്രത്തിന്‍റെ സന്നിധിയില്‍ റോമാ രൂപതയുടെ വികാരി ജനറള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി വിശ്വാസസമൂഹത്തോടു ചേര്‍ന്ന് 2015 ജൂലൈ 27-ന് ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് ഒരുവര്‍ഷം നീളുന്ന ജുബിലിക്ക് തുടക്കുകുറിച്ചു. ലോകമെമ്പാടും നിത്യസഹായിനിയായ കന്യകാനാഥയോടുള്ള ഭക്തി ഇനിയും പ്രചരിപ്പിക്കുകയും മാനവകുലത്തിന്‍റെ നന്മയ്ക്കും സമാധാനപൂര്‍ണ്ണമായ നിലനില്പിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ വലീനി പ്രബോധിപ്പിക്കുകയും ചെയ്തു.  

മാതാവിന്‍റെ ചിത്രത്തെക്കുറിച്ചുള്ള ചരിത്രം:

പുരാതനമായ ഒരു വര്‍ണ്ണന ചിത്രമാണ് (Icon) നിത്യസഹായ നാഥയുടേത്. ഇംഗ്ലിഷില്‍ Icon 'ഐക്കണ്‍' (Iconography) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇത് പൗരസ്ത്യ ക്രൈസ്തവ കലാപാരമ്പര്യത്തില്‍ വളര്‍ന്ന ചിത്രണരീതിയും ശൈലിയുമാണ്. ചിത്രത്തിന്‍റെ വര്‍ണ്ണഭംഗിയെക്കാള്‍ വര്‍ണ്ണനഭംഗിയും അര്‍ത്ഥങ്ങളുമാണ് ചിത്രകാരന്‍ ഈ ശൈലിയില്‍ ശ്രദ്ധിക്കുന്നത്.

13-ാം നൂറ്റാണ്ടില്‍ ഗ്രീസിലെ ക്രീറ്റില്‍നിന്നും (Crete) ഒരു വ്യാപാരി ചിത്രം റോമില്‍കൊണ്ടുവന്നതിന് ചരിത്രരേഖകളുണ്ട്. വ്യാപാരി മരണക്കിടക്കയില്‍ ചിത്രം പരസ്യവണക്കത്തിന് നല്കുവാന്‍ സുഹൃത്തിനോട് ആവശ്യപ്പെടുകയും ചിത്രം അയാളെ ഏല്പിക്കും ചെയ്തു. പിന്നെ ചിത്രം എത്തിപ്പെട്ടത് റോമിലെ മേരി മേജര്‍ ബസിലിക്കയ്ക്ക് അടുത്തുള്ള വിശുദ്ധ മത്തായിയുടെ ചെറിയ ദേവാലയത്തിലായിരുന്നു. 1812-ല്‍ നെപ്പോളിയന്‍റെ ആക്രമണത്തില്‍ ദേവാലയം നശിപ്പിക്കപ്പെട്ടു. ചിത്രം വീണ്ടും റോമില്‍ത്തന്നെയുള്ള പോസ്തെരുളാനാ (Posterulana) പള്ളിയില്‍ തദ്ദേശവാസികള്‍ എത്തിച്ചു. മൂന്നു നൂറ്റാണ്ടുകള്‍ പിന്നെയും കടന്നുപോയി. ചിത്രം മിക്കവാറും ഉപേക്ഷിക്കപ്പെട്ട രീതിയില്‍ ദേവാലയത്തിന്‍റെ പാര്‍ശ്വത്തില്‍ തൂങ്ങിക്കിടന്നു.

ഒരുകാലത്ത് ആ ദേവാലയത്തിലെ അള്‍ത്താരശുശ്രൂഷകനും, പിന്നീട് കത്തോലിക്കാ സഭയുടെ തലവനുമായിത്തീര്‍ന്ന പിയൂസ് 9-ാമന്‍ പാപ്പായാണ് ദൈവമാതാവിന്‍റെ പുരാതന ചിത്രം വീണ്ടെടുക്കുന്നത്. ചിത്രത്തിന്‍റെ മഹാത്മ്യത്തെപ്പറ്റി കാരണവാന്മാരില്‍നിന്നും കേള്‍ക്കാന്‍ ഇടയായതാണ് ജൊവാന്നി ഫെരേത്തി എന്ന തദ്ദേശവാസിയായ ഒന്‍പാതാം പിയൂസ് പാപ്പായ്ക്ക് പ്രചോദനമായത്. അത്ഭുതചിത്രമുള്ള ദേവാലയത്തിന്‍റെ പരിസരത്ത് ഭൂസ്വത്തു വാങ്ങിയ ദിവ്യരക്ഷക സഭയുടെ(the Redemptorist) ആസ്ഥാനവും ദിവ്യരക്ഷകന്‍റെ നാമത്തില്‍ ദേവാലയവും പണിതീര്‍ത്ത സന്ന്യസ്തരോട് നിത്യസഹായനാഥയുടെ അത്ഭുതചിത്രത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുന്നതിന് പാപ്പാ ആവശ്യപ്പെട്ടു. മാത്രമല്ല, ദൈവമാതൃഭക്തി 'നിത്യസഹായ മാതാവ്' എന്നപേരില്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കുവാനും റിഡംപ്റ്ററിസ്റ്റ് സന്ന്യാസികളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. അത് 1866-ലെ ജൂണ്‍ 27-ാം തിയതി സ്നാപക യോഹന്നാന്‍റെ തിരുനാളിനോടു ചേര്‍ന്നുവന്ന ഞായറാഴ്ചയായിരുന്നു.

നിത്യസഹായമാതാവ് - ചിത്രത്തിന്‍റെ വിവരണം:

54 x 42 സെന്‍റിമീറ്റര്‍ വലുപ്പമുള്ളതും, പാകപ്പെടുത്തിയതുമായ ദേവദാരുവിന്‍റെ ഒറ്റപ്പലകയിലാണ് ചിത്രീകരണം. അമ്മയും മകനും - ദൈവമാതാവും ഉണ്ണിയേശുവും. മാതാവിന്‍റെ വലതുഭാഗത്ത് ഗബ്രിയേല്‍ മാലാഖ കുരിശും ആണികളും പിടിച്ചു നില്ക്കുന്നു. ഇടതുഭാഗത്ത് മിഖയേല്‍ മാലാഖ കുന്തവും നീര്‍പ്പഞ്ഞിയും പേറി നില്ക്കുന്നു. ആസന്നമാകുന്ന പീ‍ഡകളെക്കുറിച്ച് മാലാഖമാര്‍‍ ഉണ്ണിയേശുവെ ഓര്‍മ്മിപ്പിക്കുന്നതുപോലെയാണിത്. ഭയന്നോടിയ ഉണ്ണി അമ്മയുടെ കൈയ്യിലേറിയിരിക്കുന്നു. പീഡാഭവത്തെ ധ്യാനിക്കുന്ന പ്രതീതി ഉണര്‍ത്തുമാറ് അമ്മയുടെയും മകന്‍റെയും മുഖത്ത് മ്ലാനത തളംകെട്ടി നില്ക്കുന്നു. ഉണ്ണിവിദൂരതയിലേയ്ക്കു ദൃഷ്ടി പതിച്ചിരിക്കുന്നു.

ഭാവി പീഡനങ്ങളുടെ ദര്‍ശനംകണ്ട് അമ്മയുടെ ചാരത്തേയ്ക്ക് ഓടിയ ഉണ്ണിയേശുവിന്‍റെ പാദരക്ഷയുടെ വാറ് പൊട്ടി തൂങ്ങിക്കിടക്കുന്നു. പൊട്ടിയ വാറ് മനോവ്യഥയുടെ പ്രതീകാത്മകമായ ചിത്രീകരണമാണത്രേ! അമ്മയുടെ കൈയ്യില്‍ മകന്‍ മുറുകെ പിടിച്ചിരിക്കുന്നത് അഭയം തേടലാണ്. സാന്ത്വനമായി അമ്മ മകനെ കൈക്കൊള്ളുന്നു. ഗ്രീക്കു ഭാഷയില്‍ മറിയത്തെ 'രക്ഷകന്‍റെ സഹായിനി' (hodighitria) എന്നും വിശേഷിപ്പിച്ചിരിക്കുന്നു. മേലങ്കിയുടെ നെറുകയിലെ നക്ഷത്രം പരിശുദ്ധ കന്യകാമറിയത്തിന് രക്ഷാകര ചരിത്രത്തിലുള്ള സവിശേഷ സ്ഥാനവും സമുന്നത പദവിയും ചിത്രപ്പെടുത്തുന്നു. ചിത്രത്തിന് മൊത്തമായി ശോകത്തിന്‍റെ ഇരുണ്ട നിറമാണെങ്കിലും പശ്ചാത്തലമായി വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണനിറം (Gold Foil) വേദനയില്‍നിന്നും ഉതിര്‍ക്കൊള്ളേണ്ട ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയും പ്രത്യാശയും വിരിയിക്കുന്നു.

വിശുദ്ധ ലൂക്ക വരച്ചതാണ് ചിത്രമെങ്കില്‍ ക്രിസ്തുവര്‍ഷം 45-നും 82-നും ഇടയ്ക്കുള്ള കാലമായിരിക്കാമെന്ന് നിരൂപകന്മാര്‍ സ്ഥാപിക്കുന്നു. സിറിയയിലെ അന്ത്യോക്യയിലാണ് സുവിശേഷകന്‍ ജനിച്ചതും ജീവിച്ചതുമെന്ന് ചരിത്രകാരന്മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പരസ്യജീവിത സംഭവങ്ങള്‍ സുവിശേഷത്തില്‍ കൃത്യമായി ചേര്‍ത്തുകൊണ്ട് ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം ഹൃദസ്പര്‍ശിയായി വരച്ചുകാട്ടുന്ന സുവിശേഷകന്‍ ലൂക്ക രചയിതാവു മാത്രമല്ല ചിത്രകാരനുമായിരുന്നെന്ന് പാരമ്പര്യം പറയുന്നു. ആഗോളസഭ അതുകൊണ്ടായിരിക്കാം വിശുദ്ധ ലൂക്കയെ കലാകാരന്മാരുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നത്.

Source: Vatican Radio