News >> പാപാവസ്ഥ മനുഷ്യന് കര്‍ത്താവിന്‍റെ സാന്നിധ്യം അനിവാര്യമാക്കുന്നു
ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ച മദ്ധ്യാഹ്നത്തിലും വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥന നയിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരം വിവിധരാജ്യക്കാരയിരുന്ന തീര്‍ത്ഥാടകരാലും സന്ദര്‍ശകരാലും നിറഞ്ഞിരുന്നു. അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കല്‍ ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30, പ്രത്യക്ഷനായ പാപ്പാ ജനസഞ്ചയത്തെ കൈകള്‍ വീശി അഭിവാദ്യം ചെയ്യുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനിസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, മീന്‍പിടുത്തത്തിലേര്‍പ്പെട്ടിരുന്ന ശിമയോനെയും അതില്‍ പങ്കുകാരായിരുന്ന യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്ന സംഭവം, ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങള്, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ സന്ദേശം ഇപ്രകാരമായിരുന്നു:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, യേശു തന്‍റെ ആദ്യശിഷ്യരെ വിളിക്കുന്ന സംഭവം വിശുദ്ധ ലൂക്ക വിവരിക്കുന്നതാണ് ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം. അനുദിനജീവിത പശ്ചാത്തലത്തിലാണ് ഇതു സംഭവിക്കുന്നത്: ഒരു രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും മീനൊന്നും കിട്ടാതിരുന്ന ഏതാനും മീന്‍പിടുത്തക്കാര്‍ ഗലീലീയ തടാകത്തിന്‍റെ കരയില്‍ വലകഴുകി വൃത്തിയാക്കി വയ്ക്കുകയായിരുന്നു. അവരില്‍ ഒരാളുടെ, അതായത്, ശിമയോന്‍ പത്രോസിന്‍റെ വള്ളത്തില്‍ യേശു കയറുകയും തീരത്തു നിന്ന് അല്പം അകലേക്ക് വള്ളം നീക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെടുകയും വള്ളത്തിലിരുന്നുകൊണ്ട് കായല്‍ത്തീരത്തുണ്ടായിരുന്ന അനേകരായിരുന്ന ജനങ്ങളോടു ദൈവവചനം പ്രഘോഷിക്കുകയും ചെയ്തു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ യേശു ശിമയോനോട് ആഴത്തിലേക്കു നീക്കി വലവീശാന്‍ പറഞ്ഞു. യേശുവിനെ നേരത്തെ അറിയാമായിരുന്നിട്ടും അവിടത്തെ വചനത്തിന്‍റെ അത്ഭുതശക്തി അനുഭവിച്ചിട്ടുള്ളവനായിരുന്നിട്ടും ശിമയോന്‍ ഇപ്രകാരം പ്രത്യുത്തരിക്കുന്നു:
ഗരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 5 വാക്യം 5. അവന്‍റെ ആ വിശ്വാസം വിഫലമായില്ല: വാസ്തവത്തില്‍ അവരുടെ വല കീറിപ്പോകുന്നത്ര നിറയെ മീന്‍ കിട്ടി. ഈ അസാധാരണ സംഭവത്തിനു മുന്നില്‍ മീന്‍പിടുത്തക്കാര്‍ വിസ്മയഭരിതരായി. ശിമയോന്‍ പത്രോസ് യേശുവിന്‍റെ കാല്ക്കല്‍ വീണുകൊണ്ടു പറയുന്നു :
കര്‍ത്താവേ, എന്നില്‍ നിന്നകന്നു പോകണമെ,
കാരണം ഞാന്‍ പാപിയാണ്. വാക്യം 8. സത്യവും ശക്തവുമായ വചനമുള്ള പ്രതാപവാനായ ഗുരു മാത്രമല്ല യേശു, പിന്നെയോ, ദൈവത്തിന്‍റെ ആവിഷ്ക്കാരമായ കര്‍ത്താവുമാണ് എന്ന് ഈ അത്ഭുത അടയാളം അവനെ ബോധ്യപ്പെടുത്തി. അവിടത്തെ ഈ സമീപ്യസാന്നിധ്യം പത്രോസില്‍ സ്വന്തം നിസാരത്വത്തെയും അയോഗ്യതയെയും കുറിച്ചുള്ള ശക്തമായ ഒരവബോധം ഉളവാക്കുന്നു. പാപിയും വിശുദ്ധനും തമ്മില്‍ അകലം പാലിക്കണമെന്ന് പത്രോസ്, മാനുഷികമായ കാഴ്ചപ്പാടില്‍, ചിന്തിക്കുന്നു. എന്നാല്‍ സത്യത്തില്‍ അവന്‍റെ പാപാവസ്ഥ കര്‍ത്താവ് അവനില്‍ നിന്നകന്നു പോകരുതെന്നാവശ്യപ്പെടുന്നു. ഇത് ഒരു വൈദ്യന് രോഗിയില്‍ നിന്ന് അകലം പാലിക്കാനാകില്ല എന്നതു പോലെയാണ്. യേശു ശിമയോന്‍ പത്രോസിനു നല്കുന്ന ഉത്തരം ഉറപ്പുള്ളതും നിര്‍ണ്ണായകവുമാണ്:
ഭയപ്പെടേണ്ട; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും, വാക്യം 10. വീണ്ടും, ഗലീലിയയിലെ മീന്‍പിടുത്തക്കാരന്‍ ഈ വാക്കില്‍ വിശ്വാസമര്‍പ്പിക്കുകയും, തന്‍റെ ഗുരുവും കര്‍ത്താവുമായിത്തീര്‍ന്നവനെ, സകലവും ഉപേക്ഷിച്ച് അനുഗമിക്കുകയും ചെയ്യുന്നു. ശിമയോന്‍റെ പങ്കാളികളായിരുന്ന യാക്കോബും യോഹന്നാനും അപ്രകാരം തന്നെ ചെയ്യുന്നു. ഇതാണ് യേശുവിന്‍റെയും സഭയുടെയും ദൗത്യത്തെ നയിക്കുന്ന യുക്തി, അതായത്, അന്വേഷിച്ചിറങ്ങുക, സ്തീപുരുഷന്മാരെ പിടിക്കാനായി ഇറങ്ങുക, ഇത് മതപരിവര്‍ത്തനത്തിനുവേണ്ടിയല്ല, മറിച്ച്, പാപമോചനം വഴി സകലര്‍ക്കും അവരുടെ പൂര്‍ണ്ണ അന്തസ്സും സ്വാതന്ത്ര്യവും വീണ്ടെടുത്തു നല്കുന്നതിനാണ്. ക്രിസ്തുമതത്തിന്‍റെ സത്ത ഇതാണ്: പുനര്‍ജനിപ്പിക്കുന്നതും ദൈവം സൗജന്യമായി നല്കുന്നതുമായ സ്നേഹം സകലരേയും ആശ്ലേഷിക്കുകയും സകലരോടും കാരുണ്യം കാട്ടുകയും ചെയ്യുന്നതായ മനോഭാവത്തോടുകൂടെ പ്രസരിപ്പിക്കുക. ഇത് ഓരോ വ്യക്തിക്കും ദൈവത്തിന്‍റെ കാരുണ്യം അനുഭവിക്കാന്‍ കഴിയുന്നതിനും ജീവന്‍ പൂര്‍ണ്ണമായുണ്ടാകുന്നതിനും വേണ്ടിയാണ്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ കുമ്പസാരക്കാരെ ഓര്‍ക്കുകയാണ്. ഇവരാണ്, വിശുദ്ധരായ ലെയൊപ്പോള്‍ഡും പാദ്രെ പീയൊയും ചെയ്തതുപോലെ, യേശുവിന്‍റെ മാതൃക പിന്‍ചെന്നുകൊണ്ട്, ദൈവപിതാവിന്‍റെ കാരുണ്യം പകരേണ്ടവരില്‍ പ്രഥമര്‍. ഇന്നത്തെ സുവിശേഷം നമ്മോടു ചോദിക്കുന്നു: കര്‍ത്താവിന്‍റെ വാക്കില്‍ യഥാര്‍ത്ഥ വിശ്വാസമര്‍പ്പിക്കാന്‍ നമുക്കാറിയാമോ? അതോ, നമ്മുടെ തോല്‍വികളാല്‍ നാം നിരാശയില്‍ നിപതിക്കുകയാണോ? ഭയപ്പെടേണ്ട എന്ന യേശുവിന്‍റെ വാക്ക് ഉച്ചരിച്ചുകൊണ്ട് നമ്മള്‍, കര്‍ത്താവിന്‍റെ മുമ്പില്‍ പാപികളും അയോഗ്യരും ആണെന്ന ബോധ്യമുള്ളവരെയും സ്വന്തം തെറ്റുകളാല്‍ വീണുപോയവരെയും സമാശ്വസിപ്പിക്കാന്‍ കരുണയുടെ ഈ വിശുദ്ധ വര്‍ഷത്തില്‍ വിളിക്കപ്പെട്ടിരിക്കുന്നു. നിന്‍റെ സകലപാപങ്ങളെയുംകാള്‍ വലുതാണ് പിതാവിന്‍റെ കരുണ. വളരെ വലുതാണത്. ഭയപ്പെടേണ്ട. ശിഷ്യരായിരിക്കുകയെന്നാല്‍ ഗുരുവിന്‍റെ കാല്പാടുകളില്‍ നമ്മുടെ പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുകയാണെന്ന് മനസ്സിലാക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. സകലര്‍ക്കും ജീവന്‍ വീണ്ടും നല്കുന്ന ദൈവകൃപയുടെ കാലടിപ്പാടുകളാണിവ. ഈ വാക്കുകളെ തുര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കുകയും ചെയ്തു.Source: Vatican Radio