News >> ദൈവ ശാസ്ത്ര ഡയലോഗ് കമ്മീഷന്‍ കൂദാശകളെക്കുറിച്ചു ചര്‍ച്ച നടത്തി
കയ്റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 13-ാം സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി ആറു വരെ ഈജിപ്തിലെ കയ്റോയില്‍ നടന്നു. കമ്മീഷനില്‍ പ്രതിനിധീകരിക്കപ്പെടുന്ന ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലൊന്നായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയാണ് ഇപ്രാവശ്യം സമ്മേളനത്തിനു വേദിയൊരുക്കിയത്.
റോമിലെ സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കൂര്‍ട്ട് കോഹ്, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താ ആംബാ ബിഷോയി എന്നിവരുടെ സഹാധ്യക്ഷതയിലുള്ള സമ്മേളനത്തില്‍ പ്രവേശന കൂദാശകളെപ്പറ്റിയുള്ള ചര്‍ച്ചകളാണു നടന്നത്.
കത്തോലിക്കാ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ വെളിച്ചത്തില്‍ നടന്ന ചര്‍ച്ചകളില്‍, ആദിമ നൂറ്റാണ്ടുകളില്‍ പാശ്ചാത്യ പൌരസ്ത്യസഭകളിലെല്ലാം മാമ്മോദീസാ, തൈലാഭിഷേകം (സ്ഥൈര്യലേപനം), വിശുദ്ധ കുര്‍ബാന എന്നീ പ്രവേശനകൂദാശകള്‍ ഒന്നിച്ചു പരികര്‍മം ചെയ്യുന്ന പാരമ്പര്യമാണ് ഉണ്ടായിരുന്നത്.
മാമ്മോദീസാ മാത്രമായി കൊടുക്കുന്നത് പില്‍ക്കാലത്ത് പാശ്ചാത്യസഭയിലുണ്ടായ ഒരു മാറ്റമാണെന്നും ചര്‍ച്ച വിലയിരുത്തി. കത്തോലിക്കാസഭയുടെ മാമ്മോദീസാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണു വിഷയം കമ്മീഷന്‍ ചര്‍ച്ച ചെയ്തത്.
30 അംഗങ്ങളുള്ള കമ്മീഷനില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യുഹാനോന്‍ മാര്‍ ദെമേത്രിയൂസ്, സിറിയന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കലുമാണ് ഇന്ത്യയില്‍നിന്നുള്ളത്.
Source: Deepika