News >> ദളിത് ക്രൈസ്തവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കണമെന്നു ഡിസിഎംഎസ്

ചങ്ങനാശേരി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് ക്രൈസ്തവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ ചങ്ങനാശേരി അതിരൂപത പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

1954ല്‍ തിരുവിതാംകൂര്‍ തിരുക്കൊച്ചി നിയമസഭയില്‍ പി.എം. മര്‍ക്കോസും 1964ല്‍ പി. ചാക്കോയും മാത്രമാണ് സംസ്ഥാന നിയമസഭയില്‍ എത്തിയിട്ടുള്ളത്. ജനസംഖ്യയില്‍ എട്ടു ശതമാനത്തോളം വരുന്ന ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കു രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും യോഗം ആരോപിച്ചു. 

ഡിസിഎംഎസ് അതിരൂപത കമ്മറ്റിയുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്യന്‍സ് ഹാളില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഫാ. ബെന്നി കുഴിയടിയില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് കൈതപ്പറമ്പില്‍, ടോമി മംഗലത്ത്, ജോസഫ് ചാമക്കാലാ, ഡോ. എം.സി. സിറിയക്, ജെ.സി. തറയില്‍, പി.ജെ. ജോണ്‍, ബേബി എം.സി, മിനി റോയി, സാലിമ്മ ടീച്ചര്‍, പി.ഒ. ഔസേഫ് എന്നിവര്‍ പ്രസംഗിച്ചു.

കരുണയുടെ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത ദളിത് കത്തോലിക്കാ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വരൂപിക്കുന്ന ഒരുകോടി രൂപയുടെ വിദ്യാഭ്യാസ ഫണ്ടിന്റെ ആദ്യ ഗഡു സ്വീകരണവും നടന്നു. 

മാര്‍ച്ച് 10ന് സിബിസിഐയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന റാലിയിലും ധര്‍ണയിലും അതിരൂപതയില്‍നിന്നു കഴിയുന്നത്ര അംഗങ്ങളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
Source: Deepika