News >> സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം അനിവാര്യം
സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം കണ്ടാല്‍ മാത്രമെ അന്നാട്ടില്‍ അനരഞ്ജനത്തിന്‍റെയും ശാന്തിയുടെയുമായ ഒരു ഭാവി ഉറപ്പുവരുത്താന്‍ കഴിയുകയുള്ളുവെന്ന് മാര്‍പ്പാപ്പാ. ഞായറാഴ്ചത്തെ (07/02/16) ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ, സംഘര്‍ഷവേദിയായ സിറിയയില്‍ യാതനകളനുഭവിക്കുന്ന പൗരജനത്തിനും യുദ്ധത്തിന്‍റെ ഭീകരതകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സകലവും ഉപേക്ഷിച്ച് പലായനം ചെയ്യന്‍ നിര്‍ബന്ധിതരായിട്ടുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ക്ഷണിക്കവെയാണ് ഇതു പറഞ്ഞത്. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരെ സംഭാഷണമേശയിലേക്ക് അടിയന്തരമായി ആനയിക്കുന്നതിന് സര്‍വ്വാത്മനാ പരിശ്രമിക്കാന്‍ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സിറിയയില്‍ രൂക്ഷമായിത്തുടരുന്ന യുദ്ധത്തില്‍ ആശങ്കപ്രകടിപ്പിച്ച പാപ്പാ ഈ സംഘര്‍ങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളുടെ അതിജീവനവും മാനവാന്തസ്സും ഉറപ്പാക്കുന്നതിനാവാശ്യമായ സഹായം ഉദാരമായ ഐക്യദാര്‍ഢ്യത്തോടുകൂടി എത്തിക്കാന്‍കഴിയട്ടെയെന്ന് ആശംസിക്കുന്നു. Source: Vatican Radio