News >> ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം ഉദ്ഘാടനം നാളെ (12-02-2016)
തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതയുടെ സ്നേഹസാന്ത്വന ശുശ്രൂഷയായ ലൂര്‍ദ്മാതാ കെയറിന്റെ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലായി പണി പൂര്‍ത്തിയാക്കിയ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിന്റെ ഉദ്ഘാടനം നാളെ.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് എതിര്‍വശത്തായി പി.ടി. ചാക്കോ നഗറില്‍ നാളെ വൈകുന്നേരം ആറിനു മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം നിര്‍വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ കാന്‍സര്‍ കെയര്‍ ഹോമിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂര്‍ദ് മാതാ കെയര്‍ ചെയര്‍മാനുമായ മോണ്‍. ഡോ. മാണി പുതിയിടം ആമുഖസന്ദേശവും ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍ സ്വാഗതവും ആശംസിക്കും.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി പി.ജെ. ജോസഫ് സുവനീര്‍ പ്രകാശനവും മന്ത്രി വി.എസ്. ശിവകുമാര്‍ ആംബുലന്‍സിന്റെ താക്കോല്‍ ദാനവും നിര്‍വഹിക്കും. കാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം മന്ത്രി ഡോ. എം.കെ. മുനീര്‍ വിതരണം ചെയ്യും.
ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍, ഇമ്മാനുവേല്‍ മൈക്കിള്‍ കൊട്ടാരത്തില്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ജേക്കബ് നിക്കോളാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Source: Deepika