News >> വായ്പ എഴുതിത്തള്ളിയത് അന്വേഷിക്കണം: ഇന്‍ഫാം

കാഞ്ഞിരപ്പള്ളി: ഉത്പന്നങ്ങളുടെ വിലയിടിവുമൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന കര്‍ഷകന്‍ വായ്പ തിരിച്ചടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ജയിലിലടയ്ക്കുന്ന നിയമം നടപ്പാക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട വ്യവസായികളുടെയും സമ്പന്നരുടെയും 1.14 ലക്ഷം കോടിയുടെ ലോണുകള്‍ എഴുതിത്തള്ളിയ നടപടിയില്‍ അന്വേഷണം വേണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍ ആവശ്യപ്പെട്ടു. കിടപ്പാടംപോലും പണയംവച്ചാണ് തുച്ഛമായ തുകകള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ചെറുകിട കര്‍ഷകര്‍ വായ്പയായി എടുക്കുന്നത്. 

5,000 രൂപയില്‍ കുറഞ്ഞ തുകയ്ക്കു പോലും പലിശ ഈടാക്കി അവസാനം കര്‍ഷകനെ ആത്മഹത്യയിലേയ്ക്കു പറഞ്ഞുവിടുന്നവര്‍ കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും അതിഭീമമായ ലോണുകള്‍ എഴുതിത്തള്ളുന്നത് വഞ്ചനാപരവും നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതുമാണ്. 1.14 കോടി കിട്ടാക്കടമായി കണക്കാക്കി എഴുതിത്തള്ളുന്ന സാഹചര്യം ബാങ്കിംഗ് മേഖലയുടെ കെടുകാര്യസ്ഥതയും പ്രവര്‍ത്തന വൈകല്യവുമാണു സൂചിപ്പിക്കുന്നത്. തുക എഴുതിത്തള്ളുകയല്ല, ഇതനുവദിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുകയാണു വേണ്ടതെന്നു വി.സി.സെബാസ്റ്യന്‍ പറഞ്ഞു.
Source: Deepika