News >> കുമ്പസാരക്കാര്‍ അമ്മയുടെ സ്നേഹാര്‍ദ്രരൂപവും പിതാവിന്‍റെ കരുണാര്‍ദ്രഭാവവും
പാപസങ്കീര്‍ത്തനത്തിന്‍റെ കൂദാശ കൈകാര്യംചെയ്യുന്ന വൈദികര്‍ക്ക് അമ്മയുടെ സ്നേഹാര്‍ദ്രരൂപവും പിതാവിന്‍റെ കരുണാര്‍ദ്രഭാവവും വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ ആയിരത്തോളം വരുന്ന 'കാരുണ്യത്തിന്‍റെ മിഷണറിമാരെ' (the Missionaries of Mercy) ഫെബ്രുവരി 9-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ലോകത്തുള്ള എല്ലാ രൂപതകളില്‍നിന്നുമായി മെത്രാന്മാരും മേലധികാരികളും തിരഞ്ഞെടുത്ത് നിയോഗിച്ച കുമ്പസാരക്കാരാണ് 'കാരുണ്യത്തിന്‍റെ മിഷണറിമാരായി' വത്തിക്കാനിലെത്തിയത്. ആഗോളസഭയുടെ രൂപതകളില്‍നിന്നായി ആയിരത്തിലേറെ കുമ്പസാരക്കാരായ രൂപതാ വൈദികരും സന്ന്യസ്തരും പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു.കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്കി അവരെ സ്നേഹിച്ചു പരിപാലിച്ചു വളര്‍ത്തുന്ന അമ്മയുടെയും, മക്കളോട് എന്നും മാപ്പും ദയയും കാണിക്കുന്ന കരുണാര്‍ദ്രനായ പിതാവിന്‍റെയും രൂപമാണ് കുമ്പസാരക്കാര്‍ ഉള്‍ക്കൊള്ളേണ്ടത്. പാപ്പാ ഉദ്ബോധിപ്പിച്ചു. പാപിയായൊരു മകനും മകളും സഭ അനുവദിക്കുന്ന പാപമോചനത്തിന്‍റെ കൂദാശയ്ക്ക് എത്തുന്നത് ഗൃഹാതുരത്വത്തിന്‍റെ വേദനിക്കുന്ന വികാരത്തോടും അനുതാപത്തോടുംകൂടിയാണ്. പാപ്പാ വൈദികരെ അനുസ്മരിപ്പിച്ചു.മാപ്പു ലഭിക്കുമെന്നും, ദൈവം തന്നെ തിരികെ സ്വീകരിക്കുമെന്നുമുള്ള പ്രത്യാശയോടെ പാപികള്‍ കാരുണ്യം തേടിയാണ് അനുതാപത്തിന്‍റെ കൂദാശയ്ക്ക് അണയുന്നത്. പാപത്തില്‍നിന്ന് മോചനം നേടുവാനും, മേലില്‍ അതില്‍ വീഴാതിരിക്കുവാനുമുള്ള തീവ്രമായ പരിശ്രമമാണ് കുമ്പസാരത്തിനുള്ള അവരുടെ വരവ്. കുമ്പസാരക്കാരായ വൈദികര്‍ അവരുടെ മാനസിക തുറവ് മനസ്സിലാക്കേണ്ടതാണ്. ഉള്ളിലുദിച്ച അനുതാപത്തിന്‍റെ തീവ്രമായ ആഗ്രഹവും അത് മനസ്സില്‍ വളര്‍ത്തിയ ദൈവത്തിന്‍റെ കൃപയോടും സഹകരിച്ചുകൊണ്ടാണ് പാപികള്‍ വൈദികരുടെ മുന്നില്‍ പാപസങ്കീര്‍ത്തനത്തിന് അണയുന്നത്. അതിനാല്‍ ഒരിക്കലും കുമ്പസാരക്കാരന്‍ വിധികര്‍ത്താവിന്‍റെയോ, ന്യായാധിപന്‍റെയോ ധാര്‍ഷ്ട്യഭാവം കാണിക്കരുത്. മറിച്ച് നല്ലിടയന്‍റെയും അമ്മയായ സഭയുടെയും ക്ഷമിക്കുന്ന സ്നേഹമാണ് പ്രകടമാക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.അനുതാപിയായെത്തുന്നവനെ കാരുണ്യത്തിന്‍റെ പുതപ്പുകൊണ്ട് ആവരണംചെയ്ത് വ്യക്തിഗതമായ പാപത്തിന്‍റെ മ്ലേച്ഛത മറയ്ക്കുകയാണ് കുമ്പസാരക്കാരന്‍ ചെയ്യേണ്ടത്. പാപത്തില്‍ വീണ ആദിമാതാപിതാക്കള്‍ തിന്മയുടെ മ്ലേച്ഛതയാല്‍ നഗ്നരാണെന്നു തിരിച്ചറിഞ്ഞ്, ഇലകള്‍കൊണ്ട് അവരുടെ നഗ്നത മറച്ചു. അതുപോലെ മദ്യപിച്ച നോഹിന്‍റെ നീചാവസ്ഥയും നഗ്നതയും മറക്കാന്‍ മക്കള്‍ ശീലചുറ്റിയ പോലെയും... (ഉല്പത്തിപ്പുസ്തകത്തിലെ സംഭവങ്ങള്‍ 9, 18.. 23), പാപികളായവരെ വിനീതഭാവത്തോടും വാത്സല്യത്തോടുംകൂടെ കാരുണ്യത്തിന്‍റെ പുതപ്പണിയിക്കുന്ന പ്രക്രിയയാണ് കുമ്പസാരത്തിന്‍റെ കൂദാശയെന്നു പാപ്പാ വ്യക്തമാക്കി.അനുതാപത്തിന്‍റെ കൂദാശ ഫലവത്തായി പരികര്‍മ്മംചെയ്യാന്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ച വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ലിയോപോള്‍ഡ് മാന്‍ഡിക് എന്നിവരുടെ അലിയാത്ത പൂര്‍ണ്ണകായ ഭൗദികശേഷിപ്പുകളുടെ വണക്കം ജുബിലിയോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്നതിനെക്കുറിച്ച് പാപ്പാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. കാരുണ്യത്തിന്‍റെ പ്രേഷിതരായ ഈ രണ്ടു കപ്പൂച്ചിന്‍ വിശുദ്ധാത്മാക്കളെയും കുമ്പസാരക്കാര്‍ക്ക് മാതൃകയായി പാപ്പാ ചൂണ്ടിക്കാണിക്കുകയും ചെയ്തു.ഫെബ്രുവരി 10-ാം തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ അന്ത്യത്തില്‍ എല്ലാ കുമ്പസാരക്കാരായ വൈദികരെയും 'കാരുണ്യത്തിന്‍റെ മിഷണറിമാരാ'യി പറഞ്ഞയക്കുന്നതായി പാപ്പാ ആഹ്വാനംചെയ്തു. പരിശുദ്ധ സിംഹാസനത്തിനു മാത്രം പൊറുക്കുവാന്‍ അധികാരമുള്ളതും സംവരണചെയ്യപ്പെട്ടതുമായ പാപങ്ങള്‍ക്കു പൊറുതി നല്കുവാനുള്ള പ്രത്യേക അധികാരം രൂപതകളുടെ പ്രതിനിധികളായെത്തിയ വൈദികര്‍ക്കു പാപ്പാ രേഖാമൂലം നല്കിയതും ജൂബിലവര്‍ഷത്തില്‍ സഭമാതാവ് പ്രകടമാക്കുന്ന വികേന്ദ്രീകൃതമാകേണ്ട അജപാലന സമ്പന്നത വ്യക്തമാക്കുന്നു (MV. 18). ജൂബിലിക്കായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച കാരുണ്യവദനം
Misericordiae Vultus എന്ന ആധാരരേഖ (Papal Bull) വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഈ നാളുകളില്‍ പ്രാവര്‍ത്തികമാകുന്നതെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്.Source: Vatican Radio