News >> സമാധാനവും കാരുണ്യവും പങ്കുവയ്ക്കുന്ന അപ്പസ്തോലികയാത്ര
കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൂതനായിട്ട് പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ സന്ദര്‍ശിക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ റോമില്‍ നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന യാത്ര 18-ാം തിയതി വ്യാഴാഴ്ചവരെ നീളും. പാപ്പാ ഫ്രാന്‍സിസിന്‍റെ 12-ാമത് അന്തര്‍ദേശിയ അപ്പസ്തോലിക യാത്രയാണിത്. യാത്രാമദ്ധ്യേ ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍വച്ച് റഷ്യയുടെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് കിരില്‍ പ്രഥമനും പാപ്പാ ഫ്രാന്‍സിസുമായി നടക്കുന്ന ആദ്യകൂടിക്കാഴ്ച ചരിത്ര സംഭവമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.പാപ്പായ്ക്കൊപ്പം മെക്സിക്കോ സന്ദര്‍ശിക്കുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഫെബ്രുവരി 9-ാം തിയതി ചൊവ്വാഴ്ച 'ക്രൈസ്തവ കുടുംബം'
(famiglia Christiana Weekly) എന്ന ഇറ്റലിയിലെ വളരെ പ്രസിദ്ധമായ കത്തോലിക്കാ പ്രസിദ്ധീകരണത്തിനാണ് ആറു നാളുകള്‍ നീളുന്ന അപ്പോസ്തോലിത യാത്രയെക്കുറിച്ച് വിവരിച്ചത്. 1989-1992 കാലയളവില്‍ വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയായി കര്‍ദ്ദിനാള്‍ പരോളിന്‍ മെക്സിക്കോയില്‍ സേവനംചെയ്തിട്ടുണ്ട്. കൂടാതെ 2014 ജൂലൈ മാസത്തില്‍ മെക്സിക്കോയില്‍ നടന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പ്രത്യേക സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്.മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചടവും, അഴിമതിയും അതിക്രമങ്ങളും കുടിയേറ്റ പ്രശ്നങ്ങളുംകൊണ്ട് കലങ്ങിമറിഞ്ഞ മെക്സിക്കോയുടെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തിലേയ്ക്കാണ് കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും മിഷണറിയായി, ലാറ്റിനമേരിക്കന്‍ പുത്രന്‍, പാപ്പാ ഫ്രാന്‍സിസ് ചെല്ലുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, കുടിയേറ്റപ്രശ്നം എന്നീ മേഖലകളില്‍ മെക്സിക്കോയിലെ സഭ ഏറെ സജീവമാണെന്നും, ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും യാതനകള്‍ അനുഭവിക്കുകയും കൊടുംദാരിദ്ര്യത്തില്‍ കഴിയുകയുംചെയ്യുന്ന മാനുഷിക അടിയന്തിരാവസ്ഥ ഇന്നും അന്നാടിന്‍റെ ഭാഗധേയമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.മെക്സിക്കോയില്‍ ഇന്ന് ഏറെ രൂഢമൂലമായി നില്ക്കുന്ന അഴിമതി, മയക്കുമരുന്ന കച്ചവടം, മനുഷ്യക്കടത്ത് എന്നീ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമാണിത്. പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും, ജനങ്ങളും ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും തീര്‍ച്ചയായും മെക്സിക്കന്‍ ജനതയ്ക്ക് ധാര്‍മ്മിക ബലമേകുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രത്യാശപ്രകടിപ്പിച്ചു. Source: Vatican Radio