News >> പാപ്പാ മെക്സിക്കൊയിലേക്ക്
ഫ്രാന്‍സീസ് പാപ്പാ പന്ത്രണ്ടാം വിദേശ അപ്പസ്തോലിക പര്യടനം വെള്ളിയാഴ്ച (12/02/16) ആരംഭിക്കുന്നു.പതിനെട്ടാം തിയതി വരെ നീളുന്ന ഈ സപ്തദിന ഇടയസന്ദര്‍ശനത്തിന്‍റെ വേദി മെക്സിക്കൊയാണ്.ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ പാപ്പായും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനും തമ്മിലുള്ള ചരിത്രപ്രധാനവും ഇദംപ്രഥമവുമായ കൂടിക്കാഴ്ച ഈ ഇടയസന്ദര്‍ശനത്തിന് സവിശേഷത പകരുന്നു.മെക്സിക്കോയിലേക്കുള്ള യാത്രാമദ്ധ്യേ, കരീബിയന്‍ ദ്വീപായ ക്യൂബയുടെ തല്സ്ഥാനമായ ല ഹബാനയിലെ ഹൊസേ മര്‍ത്തീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരിക്കും, വെള്ളിയാഴ്ച(12/02/16), ഫ്രാന്‍സീസ് പാപ്പായും ആകമാന റഷ്യയുടെയും മോസ്കോയുടെയും പാത്രിയാര്‍ക്കീസായ കിറിലും തമ്മില്‍ കൂടിക്കാഴ്ച നടത്തുക.വെള്ളിയാഴ്ച രാവിലെ റോമിലെ സമയം 7.45 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15 ന് ആയിരിക്കും പാപ്പാ റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ലെയൊണാര്‍ദൊ ദ വീഞ്ചിയില്‍ നിന്ന് അല്‍ ഇത്താലിയയുടെ വിമാനത്തില്‍ മെക്സിക്കോയിലേക്കു പുറപ്പെടുക.ഇടയ്ക്കുവച്ച് ക്യൂബയില്‍, ല ഹബാനയിലെ ഹൊസേ മര്‍ത്തീ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ അവിടെ വച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയാര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തുകയും ഇരുവരും ഒരു സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവയക്കുകയും അത് പരസ്പരം കൈമാറുകയും ചെയ്യും.ക്യൂബ, ബ്രസീല്‍, പരഗ്വായ്, എന്നീ രാജ്യങ്ങളില്‍ താന്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായിട്ടാണ് പാത്രിയാര്‍ക്കീസ്‍ കിറില്‍ ആദ്യവേദിയായ ക്യൂബയില്‍ എത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ്(11/02/16) അദ്ദേഹം ഈ സന്ദര്‍ശനം ആരംഭിച്ചത്.പാത്രിയാര്‍ക്കീസുമായുള്ള കൂടിക്കാഴ്ചാനന്തരം യാത്ര തുടരുന്ന പാപ്പാ വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം രാത്രി 7.30 ന് മെക്സിക്കൊ നഗരത്തിലെ ബെനീത്തൊ ഹുവാരെസ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങും. അപ്പോള്‍ ഇന്ത്യയില്‍ സമയം ശനിയാഴ്ച രാവിലെ 7 മണിയായിരിക്കും. ഇന്ത്യ, സമയത്തില്‍, മെക്സിക്കൊയെക്കാള്‍ 11 മണിക്കുറും 30 മിനിറ്റും മുന്നിലാണ്.റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനുമായുള്ള കൂടിക്കാഴ്ചയൊഴിച്ചാല്‍ ബാക്കിയെല്ലാം പാപ്പായുടെ വിദേശ അപ്പസ്തോലിക പര്യടനത്തില്‍ ഉള്‍പ്പെടുത്താറുള്ള പതിവു പരിപാടികളാണ്, അതായത്, രാഷ്ട്രത്തലവന്‍, സര്‍ക്കാരധികാരികള്‍, സഭാധികാരികള്‍, സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകളും വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണവും.ഈ യാത്രാവേളയില്‍ പാപ്പാ വ്യോമ-കരമാര്‍ഗ്ഗങ്ങളിലൂടെ 23563 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. വിവിധ അവസരങ്ങളിലായി 16 പ്രഭാഷണങ്ങള്‍ നടത്തും.Source: Vatican Radio