News >> അനുതാപിയെ കരുണകൊണ്ട് പുതപ്പിക്കണം: മാര്‍പാപ്പ
വത്തിക്കാനില്‍ നിന്ന് സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി: മിശിഹായുടെ ഹൃദയത്തിനിണങ്ങിയ കുമ്പസാരക്കാരന്‍, അനുതാപിയെ കരുണയുടെ പുതപ്പ് പുതപ്പിക്കുന്നവനാകണമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായ പരിശുദ്ധ സിംഹാസനത്തിനുമാത്രം മോചിക്കാന്‍ അധികാരമുള്ള നാലു പാപങ്ങള്‍ മോചിക്കാനായി 1142 കരുണയുടെ പ്രേഷിതരായ വൈദികരെ ലോകം മുഴുവനിലേക്കും അയച്ചു കൊണ്ട് അവരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന പാപം, മാര്‍പാപ്പയെ ശാരീകമായി ആക്രമിക്കുന്ന പാപം, ആറാം പ്രമാണത്തിന് എതിരായ പാപത്തില്‍ പങ്കാളിയായശേഷം ആ പങ്കാളിയുടെ പാപം മോചിക്കുന്ന വൈദികന്റെ പാപം, കുമ്പസാര രഹസ്യം ലംഘിക്കുന്ന വൈദികന്റെ പാപം ഇവ കരുണയുടെ ജൂബിലി വര്‍ഷം മുഴുവന്‍ മോചിക്കാനായി ഈ വൈദികര്‍ക്ക് അധികാരമുണ്ടായിരിക്കും.
റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി വൈസ് റെക്ടറും പാലാ രൂപതാ വൈദികനുമായ ഫാ. ജോസഫ് സ്രാമ്പിക്കലും ഇവരില്‍ ഉള്‍പ്പെടുന്നു.
കരുണയുടെ പ്രേഷിതര്‍ ദൈവസാമിപ്യത്തിന്റെയും ആര്‍ദ്രതയുടെയും ക്ഷമയുടെയും സാക്ഷികളായിരിക്കണം. സഭയുടെ മാതൃത്വം കരുണയുടെ പ്രേഷിതരിലൂടെ പ്രത്യക്ഷമാകണം. വിശ്വാസത്തില്‍ പുതിയ മക്കളെ ജനിപ്പിക്കുകയും വിശ്വാസത്തെ പരിപോഷിപ്പിക്കുകയും ദൈവത്തിന്റെ ക്ഷമ നല്‍കുകയും ചെയ്യുന്ന സഭ മാതാവാണ്. മാനസാന്തരത്തിന്റെ ഫലമായ നവജീവിതം വിശ്വാസികള്‍ക്ക് പ്രദാനം ചെയ്യുന്നതും വിശ്വാസികള്‍ മിശിഹായില്‍ ഉള്‍ചേര്‍ക്കപ്പെടുന്നതും തിരുസഭയിലൂടെയാണ്. അനുതാപിയെ സ്വീകരിക്കുന്നതും പാപങ്ങള്‍ കേള്‍ക്കുന്നതും അത് മോചിക്കുന്നതും സമാധാനം നല്കുന്നതും മിശിഹായാണെന്നു കുമ്പസാരിപ്പിക്കുന്ന വൈദികര്‍ എപ്പോഴും ഓര്‍മിക്കണം. വൈദികര്‍ മിശിഹായുടെ ശുശ്രൂഷകരും അവനില്‍ നിന്നു പാപമോചനം സ്വീകരിക്കുന്നവരുമാണ്.
പാപമോചനം സ്വീകരിക്കാനുള്ള അനുതാപിയുടെ ഹൃദയത്തിലുള്ള ആഗ്രഹം ദൈവകൃപയുടെ ഫലവും പ്രവര്‍ത്തിയുമാണ്. ഈ ആഗ്രഹമാണു മാനസാന്തരത്തിന്റെ തുടക്കം. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ മുമ്പിലുള്ളതു പാപമല്ല അനുതപിച്ച പാപിയും ദൈവപുത്രനായി ജീവിക്കുവാനായി എന്തും ചെയ്യുവാന്‍ ഒരുക്കമുള്ള ആളുമാണ്. കുമ്പസാരക്കാരന്‍ അനുതാപിയെ സ്വന്തം തോളില്‍ വഹിച്ച് അനുകമ്പകൊണ്ട് ആശ്വസിപ്പിക്കണം. ദൈവപിതാവിന്റെയും സഭാമാതാവിന്റെയും ഹൃദയത്തോടെ അനുതാപിയെ സ്വീകരിക്കാന്‍ സാധിക്കാത്ത വൈദികന്‍ ആ കൂദാശ പരികര്‍മം ചെയ്യാതിരിക്കുന്നതാണു നല്ലത്.
കരുണയുടെ അമ്മയായ മറിയം കരുണയുടെ പ്രേഷിതരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. 1953 സെപ്റ്റംബര്‍ 21 ാം തീയതിയിലെ കുമ്പസാരമാണ് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതെന്നും പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ കരുണയുടെ പ്രേഷിതരെ ഓര്‍മിപ്പിച്ചു.
ദൈവകരുണയുടെ ഉപകരണങ്ങളായിരുന്ന വിശുദ്ധ പാദ്രേ പിയോയുടേയും വിശുദ്ധ ലെയോപോള്‍ഡോ മാന്‍ഡിച്ചിന്റെയും ഭൌതീകാവശിഷ്ടങ്ങള്‍ ഫെബ്രുവരി അഞ്ചു മുതല്‍ പതിനൊന്നാം തീയതി വരെ വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍ വിശ്വാസികളുടെ വണക്കത്തിനായി സ്ഥാപിച്ചിരുന്നു. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം ആ ദിവസങ്ങളില്‍ ബസിലിക്കായിലേക്കുണ്ടായിരുന്നു.
Source: Deepika