News >> ക്രിസ്തു തരുന്ന ജീവഭോജ്യത്തെക്കുറിച്ച് പാപ്പാ
ആഗസ്റ്റ് 2-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ ആറാം അദ്ധ്യായഭാഗമാണ് (യോഹ. 6, 24-35) പാപ്പാ ചിന്താവിഷയമാക്കിയത്. അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയ ക്രിസ്തുവിനെ ജനങ്ങള്‍ അന്വേഷിച്ചിറങ്ങുന്നു. അവര്‍ കഫര്‍ണാം എന്ന സ്ഥലത്ത് അവിടുത്തെ കണ്ടെത്തി. തന്നെ ഇത്രയേറെ താല്പര്യത്തോടെ ജനങ്ങള്‍ അന്വേഷിക്കുന്നതിന്‍റെ കാരണം അവിടുത്തേയ്ക്കു പിടികിട്ടി. ക്രിസ്തു അത് അവരോട് തുറന്നടിക്കുന്നു : നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് (ദൈവരാജ്യത്തിന്‍റെ) അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, മറിച്ച് ഭക്ഷിക്കാന്‍ നിറയെ അപ്പം ലഭിച്ചതുകൊണ്ടാണ് (യോഹ. 6, 26). തീര്‍ച്ചയായും അവര്‍ അവിടുത്തെ അന്വേഷിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അവിടുന്ന് അത്ഭുതകരമായി അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ച് അവരുടെ വിശപ്പ് അടക്കിയതുകൊണ്ടാണ്.അനേകര്‍ക്കുവേണ്ടി മുറിക്കപ്പെടേണ്ട ജീവന്‍റെ അപ്പമാണ് ക്രിസ്തു - എന്ന ആശയം ജനങ്ങള്‍ക്ക് മനസ്സിലായില്ല. 'അനേകര്‍ക്കായി' എന്നുള്ള ക്രിസ്തുവിന്‍റെ പ്രയോഗം അവിടുത്തെ അളവില്ലാത്ത സ്നേഹം പ്രതിഫലിപ്പിക്കുന്ന പ്രയോഗമാണ്. എന്നാല്‍ ജനങ്ങളാവട്ടെ ദാനം ചെയ്തവനെക്കാള്‍, ദാനം കിട്ടിയ അപ്പമാണ് വിലമതിക്കുന്നത്. ഈ വിധത്തിലുള്ള അവരുടെ ആത്മീയ അന്ധത അകറ്റി, ദൈവികദാനത്തിന്‍റെ സ്രോതസ്സായ ക്രിസ്തുവിലേയ്ക്ക് ജനങ്ങളെ പിന്‍തിരിപ്പിക്കാന്‍ അവിടുന്നു ശ്രമിക്കുന്നു. നശ്വരമായ അപ്പത്തിനും വസ്ത്രത്തിനും തൊഴിലിനും വേതനത്തിനും മാത്രമായി ജീവിക്കുന്ന കാഴ്ചപ്പാടു മാറ്റി, അനശ്വരവും നിലനില്ക്കുന്നതുമായവ അന്വേഷിക്കണമെന്ന് ക്രിസ്തു ആഹ്വാനംചെയ്യുന്നു. 'നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍ എന്നാണ് അവിടുന്ന് ആഹ്വാനംചെയ്തത്.അങ്ങനെ ശാരീരികമായ വിശപ്പിനും ദാഹത്തിനും അപ്പുറം മനുഷ്യന് ആത്മീയമായ വിശപ്പും ദാഹവുമുണ്ടെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. ഭൗതികമായ ഭക്ഷണത്തിന് അടക്കാനാവാത്ത വിശപ്പ് മനുഷ്യനുണ്ട് എന്നു നാം മനസ്സിലാക്കിയിരിക്കണം. ഈ വിശപ്പ് ജീവിതത്തിന്‍റെ ഭാഗവുമാണ്. അത് ഏറെ പ്രധാനപ്പെട്ടതും പരിഗണിക്കേണ്ടതുമാണ്. അത് ജീവനുവേണ്ടിയുള്ള, നിത്യജീവനുവേണ്ടിയുള്ള വിശപ്പാണ്. ക്രിസ്തു അവരോടു പറഞ്ഞു, 'ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ പക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല' (യോഹ. 6, 35). ജീവന്‍റെ അപ്പം ക്രിസ്തുവാണ്.അന്നന്നുവേണ്ട ആഹാരത്തിനുള്ള നമ്മുടെ ആവശ്യവും ആശങ്കയും ക്രിസ്തു ഇല്ലാതാക്കുന്നില്ല. നമ്മുടെ ജീവിതം ബാഹ്യമായി മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ക്രിസ്തു നല്‍കുന്നില്ല. എന്നാല്‍ അവിടുന്നു നമ്മുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാന തലങ്ങളിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. എല്ലാ നന്മകളും ദാനമായി നല്കുന്നവനും, ദാനംതന്നെയുമായ അവിടുന്നുമായുള്ള ആത്മീയ ഐക്യത്തിലേയ്ക്കാണ് ക്രിസ്തു നമ്മെ നയിക്കുന്നത്. മാത്രമല്ല, മനുഷ്യചരിത്രവും അതിന്‍റെ സുഖദുഃഖങ്ങളുമെല്ലാം നിത്യതയുടെ പശ്ചാത്തലത്തില്‍, ദൈവികൈക്യത്തിന്‍റെ തലത്തില്‍ കാണണമെന്ന് അവിടുന്ന് നിഷ്ക്കര്‍ഷിക്കുന്നു. ഇപ്രകാരമുള്ള അനശ്വരതയുടെ കൂടിക്കാഴ്ചയ്ക്കു മാത്രമേ, നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാനാവൂ! അനശ്വരവും അഭൗമവുമായ ഈ ദാനത്തിനായി പരിശ്രമിക്കുമ്പോള്‍ നമ്മുടെ ചെറിയ ജീവിതങ്ങളും അവയുടെ ആശകളും ആശങ്കകളും, വേദനകളും ഈ കൂട്ടായ്മ തരുന്ന പ്രകാശത്തിന്‍റെ പ്രത്യാശയില്‍ മങ്ങിമറയും.'ഞാന്‍ ജീവന്‍റെ അപ്പമാകുന്നു, എന്‍റെ പക്കല്‍ വരുന്നവന് വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല' (യോഹ. 6, 35). ഇവിടെ മനുഷ്യരുടെ ശരീരത്തിനും ആത്മാവിനും ഒരുപോലെ പോഷണമാകുന്ന പരിശുദ്ധ ദിവ്യകാരുണ്യത്തിലേയ്ക്കാണ് ക്രിസ്തു വിരല്‍ചൂണ്ടുന്നത്. ദിവ്യകാരുണ്യത്തില്‍ 'ജീവന്‍റെ അപ്പ'മായ ക്രിസ്തുവിനെ നമുക്ക് കണ്ടെത്താം, സ്വീകരിക്കാം.നമ്മുടെ ക്ലേശകരമായ ജീവിതത്തിലും ജീവിതപതായിലും ജീവന്‍റെ അപ്പമായ ക്രിസ്തു പാഥേയമാണ്, തിരുപ്പാഥേയമാണ്! എന്നാല്‍ 'ജീവന്‍റെ അപ്പം' സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനും, അവരുടെ ആത്മീയവും ശാരീരികവുമായ വിശപ്പ് അടക്കുവാനുമുള്ള ഉത്തരവാദിത്തം ഈ ജീവിതത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട് എന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിന് നാം സുവിശേഷം പ്രഘോഷിക്കണമെന്നും സുവിശേഷത്തിന്‍റെ സജീവ സാക്ഷികളാകണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു. സാഹോദര്യത്തിന്‍റെ മനോഭാവമുള്ള ജീവിതസാക്ഷ്യത്തിലൂടെ നമുക്ക് ക്രിസ്തുവിനെയും അവിടുത്തെ സ്നേഹത്തെയും മനുഷ്യരുടെമദ്ധ്യേ പങ്കുവയ്ക്കാം.നിത്യജീവന്‍ തരുന്ന ജീവന്‍റെ അപ്പവും തന്‍റെ തിരുക്കുമാരനുമായ ക്രിസ്തുവിനെ കണ്ടെത്തുവാനും, അവിടുത്തെ അനുധാവനംചെയ്യുവാനും പരിശുദ്ധ കന്യകാനാഥ നമ്മെ സഹായിക്കട്ടെ! എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. .തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. ചത്വരത്തില്‍നിന്നും സകലരും ആവേശത്തോടെ പ്രത്യുത്തരിച്ചു. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ഏവര്‍ക്കും പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.പന്നെ റോമിന്‍റെയും ഇറ്റലിയുടെയും മാത്രമല്ല, ലോകത്തിന്‍റെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്നും വേനല്‍ വെയിലിനെ വെല്ലുവിളിച്ചും വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പാപ്പാ അഭിവാദ്യംചെയ്തു. ജനങ്ങള്‍ കൊടിതോരണങ്ങള്‍ ഉയര്‍ത്തിയും, ആനന്ദാരവം മുഴക്കിക്കിയും ഫ്രാന്‍സിസിനോടുള്ള ആദരവും സ്നേഹവും പ്രകടമാക്കി.എല്ലാവര്‍ക്കും നല്ലദിനം ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുത് എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തുകൊണ്ട് അപ്പസ്തോലിക അരമനയിലെ ത്രികാലപ്രാര്‍ത്ഥനയുടെ ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങി.
(Source: Vatican Radio, William Nellikkal)