News >> ദൈവവുമായുള്ള വ്യക്തിബന്ധം ദൃഢമാക്കണം: ഡോ.പെനാക്കിയോ

കൊച്ചി: ദൈവവുമായുള്ള വ്യക്തിബന്ധം കൂടുതല്‍ ദൃഢപ്പെടുത്താന്‍ ഓരോരോ സമര്‍പ്പിതരും പരിശ്രമിക്കണമെന്ന് ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ പറഞ്ഞു. തെരേസ്യന്‍ കര്‍മലീത്ത സന്യാസിനി സഭ (സിടിസി)യുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസിസീ കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

സ്ത്രീശാക്തീകരണത്തിന്റെ മേഖലയില്‍ ദൈവദാസി മദര്‍ ഏലീശ്വയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. സിടിസി സഭയ്ക്കു മാര്‍പാപ്പായുടെ ജൂബിലിയാശംസകളും പ്രാര്‍ഥനകളും നേരുന്നതായും ആര്‍ച്ച്ബിഷപ് പെനാക്കിയോ പറഞ്ഞു.

ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍, ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ.അലക്സ് വടക്കുംതല, ഡോ. ജെറാള്‍ഡ് ജെ. മത്തിയാസ്, ഡോ. ഇഗ്നേഷ്യസ് മസ്ക്രീനൂസ്, ഡോ. പൂല അന്തോണി, ഇറ്റലിയില്‍നിന്നുള്ള പോസ്റുലേറ്റര്‍ ഫാ. ഫ്രാഞ്ചെസ്കൊ റൊമാനൊ ഗാംബലുംഗ, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവര്‍ സഹകാര്‍മികരായി. 

സഭയ്ക്കും സമൂഹത്തിനും മഹത്തായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സിടിസി സന്യാസിനി സഭയുടെ ശതോത്തര സുവര്‍ണ ജൂബിലി സന്തോഷം നിറഞ്ഞ ഒന്നാണെന്നു ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. സിടിസി സഭയിലെ ഓരോ അംഗവും ദൈവദാസി മദര്‍ ഏലീശ്വയെപ്പോലെ കാരുണ്യത്തിന്റെ മുഖമായി മാറാനാണു ദൈവം ആഗ്രഹിക്കുന്നത്. കൂടുതല്‍ ദൈവവിളികള്‍ക്ക് അത് ഇടയാക്കുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.

രാവിലെ വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍നിന്നു പ്രദക്ഷിണമായാണു കാര്‍മികര്‍ ദേവാലയത്തിലേക്കെത്തിയത്. റോമില്‍നിന്നെത്തിച്ച വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ആര്‍ച്ച്ബിഷപ് ഡോ.കല്ലറയ്ക്കലിനു നുണ്‍ഷ്യോ കൈമാറി. സിടിസി സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ ലൈസ നന്ദി പറഞ്ഞു. 

വൈകുന്നേരം എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന പൊതുസമ്മേളനം രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുനര്‍നിര്‍മിതിയില്‍ കേരളസഭയ്ക്കു വലിയ പങ്കുവഹിക്കാനാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

പുതിയ തലമുറയില്‍ മൂല്യങ്ങളെക്കുറിച്ചു അവബോധം പകരാന്‍ നമുക്കു സാധിക്കണം. സിടിസി സഭ സമൂഹത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണ്. വിശുദ്ധ തോമാശ്ളീഹായിലൂടെ ആരംഭിക്കുന്ന കേരളസഭ ആരംഭകാലം മുതല്‍ ശക്തമായ സേവന പ്രവര്‍ത്തനങ്ങളാണു നടത്തിയിട്ടുള്ളത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെയെങ്കിലും സന്യസ്തശുശ്രൂഷയ്ക്കായി അയയ്ക്കുന്ന പതിവ് അന്നുണ്ടായിരുന്നു. 

സഭ കേരളത്തില്‍ ഇന്നും ശക്തമായിരിക്കുന്നതിനു അന്നത്തെ പ്രവര്‍ത്തനങ്ങളും കാരണമായിട്ടുണ്െടന്നു മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. ഇറ്റലിയില്‍നിന്നുള്ള പോസ്റുലേറ്റര്‍ ഫാ. ഫ്രാഞ്ചെസ്കൊ റൊമാനൊ ഗാംബലുംഗ ദൈവദാസി മദര്‍ ഏലീശ്വയുടെ നാമകരണ നടപടികളുടെ സംഗ്രഹം അവതരിപ്പിച്ചു. കുടുംബ ദത്തെടുക്കല്‍ കര്‍മപരിപാടിയായ "സമരിയ നികേതന്‍' കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനംചെയ്തു. സിടിസി സഭാംഗങ്ങളുടെ അവയവദാന പദ്ധതി "അഗാപ്പേ'യുടെ ഉദ്ഘാടനം, സമ്മതപത്രങ്ങള്‍ ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ.സാബു നെടുനിലത്തിനു കൈമാറി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി നിര്‍വഹിച്ചു. 

മദര്‍ ഏലീശ്വ അവാര്‍ഡ് മേരി ജോസഫിനു ലക്നൌ ബിഷപ് ഡോ. ജെറാള്‍ഡ് ജെ. മത്തിയാസ് കൈമാറി. ശതോത്തര സുവര്‍ണ ജൂബിലി സ്മരണിക മുന്‍ എംപി പി. രാജീവനു നല്‍കി ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പ്രകാശനം ചെയ്തു. സംഗീത ആല്‍ബം ഗായിക മിന്മിനിക്കു നല്‍കി ഛണ്ഡിഗഢ് ബിഷപ് ഡോ.ഇഗ്നേഷ്യസ് മസ്ക്രീനൂസ് പ്രകാശനംചെയ്തു.

ഒസിഡി പ്രൊവിന്‍ഷ്യല്‍ റവ.ഡോ.പ്രസാദ് തെരുവത്ത്, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ.ലാലി വിന്‍സന്റ്, ഡെപ്യൂട്ടി മേയര്‍ ടി. ജെ വിനോദ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, മുന്‍ എംപി പി. രാജീവ്, സിസ്റര്‍ ലൈസ, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.
Source: Deepika