News >> ലോക രോഗീദിനം ദൈവിക കാരുണ്യത്തിന്‍റെ അനുസ്മരണദിനം
കാനായിലെ കല്യാണവിരുന്നില്‍ യേശുവിന്‍റെ അമ്മയായ മറിയം പ്രകടമാക്കിയ സഹാനുഭാവം ദൈവത്തിന്‍റെ അനന്തമായ കാരുണ്യം പ്രതിഫലിപ്പിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 11-ാം തിയതി വ്യാഴാഴ്ച ആഗോള സഭ ആചരിച്ച 24-ാമത് 'ലോക രോഗീദിന'ത്തെക്കുറിച്ച് ബുധനാഴ്ച ഫെബ്രുവരി 10-ാം തിയതി വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണ വേദിയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ഈശോയുടെ ഗ്രാമമായ നസ്രത്തില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11, 2016) ആചരിക്കപ്പെട്ട സഭയുടെ രോഗീദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലും കാനായിലെ ദൈവിക സാന്നിദ്ധ്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമൃദ്ധിയെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചിരുന്നു.ഫെബ്രുവി 11-ാം തിയതി ലൂര്‍ദ്ദുനാഥയുടെ തിരുനാളിലാണ് എല്ലാവര്‍ഷവും ലോക രോഗീദിനം ആചരിക്കുന്നത്.മറിയം പ്രകടമാക്കിയ മാനുഷിക പ്രതിബദ്ധതയും, അതിനെ തുടര്‍ന്ന് കാനായില്‍ നടന്ന അത്ഭുതവും ക്രിസ്തുവിലൂടെ ലോകത്തിന് ദൃശ്യമായ ദൈവിക കാരുണ്യത്തിന്‍റെ ധാരാളിത്തമാണെന്ന് പ്രഭാഷണത്തില്‍ പാപ്പാ വിശേഷിപ്പിച്ചു. "അവിടുന്നു പറയുന്നതുപോലെ ചെയ്യുക," എന്ന മറിയത്തിന്‍റെ ആഹ്വാനം, മാനവകുലത്തെ ക്രിസ്തുവിന്‍റെ ദൈവികകാരുണ്യത്തിനു സമര്‍പ്പിച്ച പ്രസ്താവമാണെന്ന് പാപ്പാ പറഞ്ഞു (യോഹ. 2, 5) . പരിശുദ്ധ കന്യകാമറിയത്തിന്‍റെ മനുഷ്യരോടുള്ള തീക്ഷ്ണമായ സഹാനുഭാവം ലോകത്തുള്ള എല്ലാ രോഗികള്‍ക്കും, രോഗീപരിചരണത്തില്‍ വ്യാപൃതരായിരിക്കുന്ന സകലര്‍ക്കും ഉണ്ടാവട്ടെയെന്ന് പാപ്പാ ആശംസിക്കുകയും, രോഗികള്‍ക്കുവേണ്ടിയും അവരെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കം നഴ്സുമാര്‍ക്കും, സന്നദ്ധസേവകര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയുംചെയ്തു.നസ്രത്തിലെ മംഗലവാര്‍ത്തയുടെ ബസിലിക്കയെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളായിരുന്നു. 2016-ാമാണ്ടിലെ ലോകരോഗീ ദിനത്തിന്‍റെ സവിശേഷത. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും നസ്രത്തിലെത്തിയ രോഗികളുടെ സാന്നിദ്ധ്യവും അവര്‍ക്കുവേണ്ടിയുള്ള പ്രത്യേക ജാഗരപ്രാര്‍ത്ഥനയും ആഘോഷത്തിന്‍റെ വൈകാരികത പകര്‍ന്ന സംഭവമായിരുന്നു.വിശുദ്ധനാടിന്‍റെ നവവിശുദ്ധരായ അനില്‍ ഖട്ടാസിന്‍റെയും, ക്രൂശിതനായ ക്രിസ്തുവിന്‍റെ വിശുദ്ധ മേരിയുടെയും മാദ്ധ്യസ്ഥത്തിലായിരുന്നു രോഗകള്‍ക്കായുള്ള പ്രാര്‍ത്ഥനാശുശ്രൂഷ നടത്തപ്പെട്ടത്.ഗദ്സെമന്‍ തോട്ടത്തില്‍നിന്നും കാല്‍വരിക്കടുത്തുള്ള ക്രിസ്തുവിന്‍റെ കല്ലറയുടെ ബസിലിക്കയിലേയ്ക്കു നടത്തിയ മേരിയന്‍ പ്രദക്ഷിണവും, ജൂബിലി കവാടത്തിലൂടെയുള്ള പ്രവേശനവും ലോക രോഗീദിനത്തിന്‍റെ ആത്മീയ ചൈതന്യത്തിന് മാറ്റുകൂട്ടി. പാപ്പായുടെ പ്രതിനിധിയായെത്തിയ വത്തിക്കാന്‍റെ രോഗീപരിചാരകരുടെ കാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി നസ്രത്തിലെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തി. കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ ലോകമെമ്പാടുമുള്ള രോഗികളായ സഹോദരങ്ങള്‍ക്കുവേണ്ടിയും, അവരുടെ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ആയിരങ്ങള്‍ക്കുവേണ്ടിയും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രത്യേകം പ്രാര്‍ത്ഥിച്ചു.രോഗീപരിചരണ മേഖലയിലും ആതുരശുശ്ര രംഗത്തുമുള്ളവരുടെ പഠനശിബിരം, ചര്‍ച്ചാ സമ്മേളനം എന്നിവയും രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ദിനത്തിന്‍റെ പ്രത്യേകതകളായിയിരുന്നു. യൂനിത്താത്സി, കാരിത്താസ്, വിശുദ്ധനാട്ടിലെ ലത്തീന്‍ പേട്രിയാര്‍ക്കേറ്റ് എന്നീ പ്രസ്ഥാനങ്ങള്‍ വത്തിക്കാന്‍റെ ആരോഗ്യപരിചാരകരുടെ കാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിനോട് ചേര്‍ന്നാണ് നസ്രത്തിലെ ലോകരോഗീദിന പരിപടികള്‍ക്ക് നേതൃത്വംനല്കിയത്.Source: Vatican Radio