News >> കാരുണ്യസ്പര്‍ശവുമായി പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ പര്യടനം ആരംഭിച്ചു
കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൗത്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ യാത്ര ആരംഭിച്ചിരിക്കുന്നത്.ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7.15-ന് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും റോമിലെ ഫുമിച്ചീനോ അന്തര്‍ദേശിയ വിമാനത്താവളത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. 7.45-ന് പാപ്പാ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. പതിവുപോലെ ചെറിയ കറുത്തബാഗുമായിട്ടാണ് 78 വയസ്സുകാരന്‍ പാപ്പാ ഉന്മേഷത്തോടെ വിമാനപ്പടവുകള്‍ കയറിയത്. വിമാനകവാടത്തില്‍ നിന്നുകൊണ്ട് പുഞ്ചിരിയോടെ ഏവരെയും അഭിവാദ്യംചെയ്തു. തുടര്‍ന്ന് വിമാനത്തിന്‍റെ പൈലറ്റിനെയും സഹപ്രവര്‍ത്തകരെയും അഭിവാദ്യംചെയ്തു. കൃത്യം 8.30-ന് അല്‍ ഇത്താലിയ A 330 വിമാനത്തിലാണ് ക്യൂബവഴിയുള്ള മെക്സിക്കോ യാത്ര പാപ്പാ ആരംഭിച്ചത്. നിശ്ചിത പരിപാടിയില്‍നിന്നും അരമണിക്കൂര്‍ വൈകിയാണ് സാങ്കേതിക കാരണങ്ങളാല്‍ യാത്ര തുടങ്ങിയത്.മെക്സിക്കോയാണ് പാപ്പായുടെ പ്രഥമ ദൗത്യമെങ്കിലും യാത്രയുടെ ആദ്യഘട്ടത്തില്‍, വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.30-ന് കരീബിയന്‍ ദ്വീപുരാജ്യമായ ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയില്‍ പാപ്പാ വിമാനമിറങ്ങും. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവാനായ പാത്രിയര്‍ക്കിസ് കിരിലുമായുള്ള കൂടിക്കാഴ്ചയും സംയുക്ത ക്രൈസ്തവൈക്യ പ്രഖ്യാപനത്തിലുള്ള ഒപ്പുവയ്ക്കലുമാണ് ഹവാനയില്‍ പാപ്പാ വിമാനമിറങ്ങുന്നതിന്‍റെ ലക്ഷ്യം.ക്യൂബയില്‍നിന്നും അന്നുതന്നെ (ഫെബ്രുവരി 12 വെള്ളിയാഴ്ച) വൈകുന്നേരം 5.30-ന് മെക്സിക്കോ ലക്ഷ്യമാക്കി പാപ്പാ യാത്രതുടരും. അന്നുതന്നെ മെക്സിക്കോയിലെ സമയം വൈകുന്നേരം 7.30-ന് തലസ്ഥാന നഗരത്തിലെ ബെനീത്തോ ഹ്വാരസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിമാനമിറങ്ങുന്നതോടെ 6 ദിവസങ്ങള്‍, ഫെബ്രുവരി 18-ാം തിയതി വ്യാഴാഴ്ചവരെ നീളുന്ന അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമാകും. ക്യൂബിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിവിധ രാജ്യാതിര്‍ത്തികള്‍ കടക്കവെ രാഷ്ട്രത്തലവന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് വിമാനത്തില്‍നിന്നും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു : ഇറ്റാലിയന്‍ പ്രസിഡന്‍റ് സേര്‍ജോ മത്തരേലാ, ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഫ്രാന്‍കോയിസ് ഒളാന്തെ, സ്പെയിനിലെ ഫിലിപ്പ് ആറാമന്‍ രാജാവ്, പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ് അനിബാള്‍ കാവാകോ സില്‍വ എന്നിവര്‍ക്കാണ് സുഹൃദ്ബന്ധത്തിന്‍റെ ഹ്രസ്വമായ സന്ദേശങ്ങള്‍ പാപ്പാ അയച്ചത്.Source: Vatican Radio