News >> നിസ്സംഗത പാടില്ല; വിശുദ്ധനാട്ടിലെ ജനങ്ങള്‍ക്ക് സഹായമേകുക.
തിന്മ വിജയം വരിച്ചുവെന്ന പ്രതീതിയുളവാക്കിയ ദു:ഖവെള്ളി വിശുദ്ധ നാട്ടില്‍ അറുതിയില്ലാത്ത അക്രമങ്ങളാല്‍ അനന്തമായി നീളുകയാണെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള സംഘം. അനുവര്‍ഷം ദു:ഖവെള്ളിയാഴ്ച വിശുദ്ധനാടിനുവേണ്ടി ഇടവകകളില്‍ ധനം സമാഹരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, പതിവുപോലെ ഇക്കൊല്ലവും, ലോകത്തിലെ കത്തോലിക്കാമെത്രാന്മാര്‍ക്കയച്ച കത്തിലാണ് പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ ഈ പ്രസ്താവനയുള്ളത്. ലോകം മുഴുവനിലേക്കും നമ്മുടെ നോട്ടം വ്യാപിപ്പിക്കുകയാണെങ്കിലും, ശാന്തമായ ഒരു ഭാവിക്ക് പ്രത്യാശയുടെ ചിറകേകാന്‍ കഴിയാത്ത ഒരവസ്ഥയാണുള്ളതെന്നുംഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രിയും, കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലും ക്ഷാരബുധനാഴ്ച (10/02/16) ഒപ്പുവച്ച ഈ കത്തില്‍ കാണുന്നു. അസ്വസ്ഥവും ആകുലവുമായ മാനവഹൃദയം വെളിച്ചവും ജീവനും പ്രത്യാശയും തേടുകയാണെന്നും, സാഹോദര്യത്തിന്‍റെ പാതയില്‍ സകലരുമൊത്ത് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തുന്ന ഈ കത്ത്, മദ്ധ്യപൂര്‍വ്വദേശത്തെ സഹോദരങ്ങളോട് കാരുണ്യവും ഔത്സുക്യവും പ്രകടിപ്പിക്കാന്‍ ഈ ജൂബിലി വര്‍ഷത്തില്‍ നാം പൂര്‍വോപരി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഉത്ഥാനത്തിന്‍റെ വെളിച്ചത്താല്‍ താങ്ങിനിറുത്തപ്പെട്ടാണ് നാം ദുഃഖവെള്ളിയാഴ്ചയുടെ കുരിശിനെ ആശ്ലേഷിക്കുന്നതെന്ന് സത്യം എടുത്തുകാട്ടുന്ന പൗരസ്ത്യസഭകള്‍ക്കായുള്ള സംഘം നമുക്ക് നിസ്സംഗതപാലിക്കാനാകില്ലയെന്നും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ ചരിത്രം ഇപ്പോള്‍ അടിയന്തരമായി മാറ്റിയിരിക്കുന്ന പുരാതനമായ ഒരു ധര്‍മ്മത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്, ദു:ഖവെള്ളിയാഴ്ച വിശുദ്ധ നാടിനുവേണ്ടി നടത്തുന്ന ധനസമാഹരണമെന്നും അത് സഹോദരങ്ങളെ സഹായിക്കുന്നതിലുള്ള ആനന്ദം നമ്മിലുളവാക്കുന്നുവെന്നും പറയുന്നു. Source: Vatican Radio