News >> പാപ്പായുടെയും പാത്രയാര്‍ക്കീസിന്‍റെയും വദനങ്ങളില്‍ സുവിശേഷാനന്ദം
അന്ത്യഅത്താഴവേളയില്‍ യേശു വെളിപ്പെടുത്തിയ അഭിലാഷം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രക്രിയയില്‍ ഒരു ചുവടു മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞതിലുള്ള സുവിശേഷാത്മകമായ സന്തോഷമാണ് ഫ്രാന്‍സീസ് പാപ്പായുടെയും റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലന്‍റെയും വദനങ്ങളില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചാവേളയില്‍ തെളിഞ്ഞതെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറീക്കൊ ലൊംബാര്‍ദി. കത്തോലിക്ക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുണ്ടായ, ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ട, തെറ്റിദ്ധാരണകളുടെയും പിളര്‍പ്പുകളുടെയും അവസാനം ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും തമ്മില്‍ വെള്ളിയാഴ്ച (12/02/16) ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയിലെ, ഹൊസേ മര്‍ത്തീ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചു നടന്ന കൂടിക്കാഴ്ചയെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ്, ഈ റേഡിയോനിലയത്തിന്‍റെ മേധാവികൂടിയായ ഈശോസഭാവൈദികനായ അദ്ദേഹം ഇതു പറഞ്ഞത്. ഈയൊരു സമാഗമത്തിന് ആയിരം വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്ന വസ്തുത തന്നെ ഇതിന്‍റെ പ്രാധാന്യം എടുത്തുകാട്ടുന്നുവെന്ന് ഫാദര്‍ ലൊംബാര്‍ദി പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ ഹിതത്തോടു പ്രത്യുത്തരിക്കുകയും ഇന്നത്തെ ലോകത്തെ അലട്ടുന്ന നിരവധിയായ പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ടു കടമകള്‍ നിറവേറ്റുകയും ചെയ്യുന്നതിന് ഭിന്നിപ്പുകളെ തരണം ചെയ്യേണ്ടതുണ്ട് എന്ന ബോധ്യം ഈ കൂടിക്കാഴ്ചയുടെ പിന്നിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പാപ്പായും പാത്രിയാര്‍ക്കീസും തമ്മിലുള്ള ഈ കൂടിക്കാഴ്ച ക്രൈസ്തവരുടെ സമ്പൂര്‍ണ്ണൈക്യത്തിലേക്കു നയിക്കുമെന്ന പ്രത്യാശയും ഫാദര്‍ ലൊംബാര്‍ദി പ്രകടിപ്പിച്ചു.Source: Vatican Radio