News >> ചരിത്രം കുറിച്ച് മാര്‍പാപ്പ-പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച

ഹവാന: ആയിരത്തോളം വര്‍ഷം പഴക്കമുള്ള വിഭജനത്തിന്റെ അകല്‍ച്ച കുറച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ ഒന്നാമന്‍ പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തി. കത്തോലിക്കാ സഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെയും തലവന്മാര്‍ തമ്മില്‍ ആദ്യമായി നടന്ന കൂടിക്കാഴ്ചയും സംഭാഷണവും ക്യൂബന്‍ തലസ്ഥാനത്തെ ഹൊസെമാര്‍ത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിലായിരുന്നു.

ഒടുവില്‍ നമ്മള്‍ സഹോദരന്മാരായി എന്നു സ്പാനിഷ് ഭാഷയില്‍ പറഞ്ഞുകൊണ്ടാണു ഫ്രാന്‍സിസ് മാര്‍പാപ്പ, പാത്രിയര്‍ക്കീസിനെ സ്വീകരിച്ചത്. ഇനി എല്ലാം എളുപ്പമാകും എന്നു കിറില്‍ പാത്രിയര്‍ക്കീസ് പ്രതിവചിച്ചു. ഇരുവരും ആലിംഗനം ചെയ്തു കവിളില്‍ മൂന്നുവട്ടം ചുംബിച്ചു. മരംകൊണ്ടു പാനല്‍ ചെയ്ത ചെറിയ വിഐപി മുറിയിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച ദൈവഹിതമാണെന്നു വ്യക്തമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും പറഞ്ഞു.

നമ്മള്‍ കൂടിക്കാണുന്നതു ശരിയായ സമയത്തും സ്ഥലത്തുമാണ്. ഇതു സാധ്യമായതു ദൈവേച്ഛയാലാണെന്ന് എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കിറില്‍ വീണ്ടും പ്രതികരിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട സംഭാഷണത്തിനു ശേഷം ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. 30 ഖണ്ഡികകള്‍ ഉള്ള പ്രഖ്യാപനത്തില്‍ പശ്ചിമേഷ്യയിലെ ക്രൈസ്തവ പീഡനത്തിലേക്കു ലോകനേതാക്കളുടെ അടിയന്തര ശ്രദ്ധക്ഷണിച്ചു. പൌരാണികമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ തടയണമെന്നു ലോകനേതാക്കളോട് അഭ്യര്‍ഥിച്ചു.

ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹ്, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്ത ഹിലാരിയോണ്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ദ്വിഭാഷിമാരെ കൂട്ടിയായിരുന്നു ചര്‍ച്ച. 

79 വയസുള്ള മാര്‍പാപ്പ വെള്ളവസ്ത്രവും 69 വയസുള്ള പാത്രിയര്‍ക്കീസ് കറുത്ത വസ്ത്രവുമാണു ധരിച്ചിരുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഒന്നിനാണു മാര്‍പാപ്പ ഹവാനയില്‍ എത്തിയത്. അവിടെ മൊത്തം മൂന്നു മണിക്കൂര്‍ ചെലവഴിച്ച ശേഷം മെക്സിക്കോയിലെ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനുപോയി. കിറില്‍ പാത്രിയര്‍ക്കീസ് ഒരു ദിവസം മുമ്പേ ക്യൂബയില്‍ എത്തിയതാണ്. ഇനി ബ്രസീലും പരാഗ്വേയും സന്ദര്‍ശിച്ചിട്ടാണു മോസ്കോയിലേക്കു മടങ്ങുക.

സഹോദരന്മാര്‍ തമ്മിലുള്ള സംഭാഷണമായിരുന്നു തങ്ങളുടേതെന്നു ഹവാനയില്‍നിന്നു മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍വച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. യുദ്ധങ്ങളും വിശ്വാസവിഷയങ്ങളും ഓര്‍ത്തഡോക്സ് സഭകള്‍ ജൂണില്‍ നടത്താന്‍ പോകുന്ന സാര്‍വത്രിക സമ്മേളനവും ചര്‍ച്ചാവിഷയമായി.യോജിച്ചു നടത്താവുന്ന പലകാര്യങ്ങളും ചര്‍ച്ചചെയ്തെന്നു മാര്‍പാപ്പ പറഞ്ഞു. ഐക്യമെന്നത് ഒന്നിച്ചു നടക്കല്‍ ആണല്ലോ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തങ്ങളുടെ പ്രഖ്യാപനത്തെ രണ്ടു മെത്രാന്മാരുടെ അജപാലനപരമായ പ്രഖ്യാപനമായാണു കാണേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.
Source: Deepika