News >> സമാധാനദൂതുമായി മെക്സിക്കോയില്‍ മാര്‍പാപ്പ

മെക്സിക്കോ സിറ്റി: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി മെക്സിക്കോയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ദാരിദ്യ്രവും കുറ്റകൃത്യങ്ങളും അരങ്ങുവാഴുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാജ്യത്തിന്റെ മധ്യസ്ഥയായ ഗ്വാദലൂപ്പെ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കുര്‍ബാനയര്‍പ്പിച്ചാണു മാര്‍പാപ്പ മെക്സിക്കന്‍ സന്ദര്‍ശനത്തിനു തുടക്കം കുറിച്ചത്. സന്ദര്‍ശനവേളയില്‍ രാജ്യത്തു വര്‍ധിച്ചുവരുന്ന അക്രമങ്ങളും അഴിമതിയും പ്രധാന ചര്‍ച്ചാവിഷയമാകും. 

അമേരിക്കയിലേക്കു കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വന്‍തീര്‍ഥാടകപ്രവാഹമാണ്. 

രാജ്യത്തെ അക്രമവും അഴിമതിയും അവസാനിപ്പിക്കാന്‍ മെക്സിക്കന്‍ ജനത മുന്‍കൈയെടുക്കണമെന്ന് ഈ മാസം ആദ്യം മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പ എന്നനിലയിലുള്ള തന്റെ പ്രഥമസന്ദര്‍ശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരം മെക്സിക്കന്‍ സിറ്റിയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രസിഡന്റ് എന്ററിക് പെന നീറ്റോയും ആയിരക്കണക്കിനാളുകളും കരഘോഷത്തോടെയാണു സ്വാഗതം ചെയ്തത്.
Source: Deepika