News >> സാമൂഹികതിന്മകള്‍ ഇല്ലാതാക്കാന്‍ അജപാലകര്‍ മാതൃകയാവണമെന്ന് പാപ്പാ മെത്രാന്‍സംഘത്തോട്
ഗ്വാദലൂപേ നാഥയുടെ മെക്സിക്കോ നഗരപ്രാന്തത്തിലെ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് രാജ്യത്തെ മെത്രാന്‍ സംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.മെക്സിക്കന്‍ ജനതയുടെ, ഓരോരുത്തരുടെയും ഹൃദയമറിയുന്ന അമ്മയാണ് ഗ്വാദലൂപ്പെയിലെ കന്യകാനാഥാ. ഈ അമ്മയുടെ ആലയത്തിലേയ്ക്ക് പത്രോസിന്‍റെ പിന്‍ഗാമിയായി വിളിക്കപ്പെട്ട ഈ മണ്ണിന്‍റെ പുത്രനായ താനും വരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ആമുഖമായി പാപ്പാ പരാമര്‍ശിച്ചു.കന്യകാനാഥ പ്രത്യക്ഷപ്പെട്ട 'തെപെയാക്ക് കുന്നി'ന് (
Cerro del Tepeyac)വളരെ അടുത്തുനിന്നുകൊണ്ട് ദേശീയ മെത്രാന്‍ സമിതിയോടു സംസാരിക്കുമ്പോള്‍ ഗ്വാദലൂപ്പെ നാഥയാണ് നിങ്ങളെയും സഭാസമൂഹങ്ങളെയും അഭിസംബോധനചെയ്യുന്നതും പ്രചോദിപ്പിക്കുന്നതും. കന്യകാനാഥയെ അനുദിനം വിശുദ്ധ ജ്വാന്‍ ദിയേഗോ കാത്തുനിന്നു ശ്രവിച്ചതുപോലുള്ള തുറവോടെ തന്‍റെ പ്രഭാഷണവും ശ്രവിക്കണമെന്ന് ആമുഖമായി പാപ്പാ മെത്രാന്മാരെ ക്ഷണിച്ചു.ഗ്വാദലൂപ്പേയിലെ നാഥയുടെ അലിവുള്ള കടാക്ഷം നമ്മെ ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപത്തിലേയ്ക്കു നയിക്കുന്നു. മനുഷ്യകുലത്തോടു കരുണകാണിച്ച ക്രിസ്തുവിലേയ്ക്കു അടുപ്പിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടുക. അതുപോലെ ദൈവത്തിന്‍റെ കരുണയാല്‍ അനുരജ്ഞിതരായി ജീവിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുക. ഇന്നിന്‍റെ ഭൗതികതയിലും സുരക്ഷിതത്വത്തിലും ആശ്രയിച്ചു ജീവിക്കുന്ന സംസ്ക്കാരം എവിടെയും എന്നപോലെ ഇന്നാട്ടിലും ശക്തിപ്പെടുന്നുണ്ട്. ധൂര്‍ത്തിന്‍റെ ആര്‍ഭാടത്തില്‍ ഭിന്നിപ്പും പാര്‍ശ്വവത്ക്കരണവും നാമ്പെടുക്കുന്നു. അതിനാല്‍ അജപാലകര്‍ ദൈവത്തിന്‍റെ കാരുണ്യഭാവവും സുതാര്യതയും അണിയണം. ലൗകായത്വത്തില്‍ മുഴുകുകയും അധോലോക പ്രവര്‍ത്തനങ്ങളുമായി കൂട്ടുചേരുകയും ചെയ്യുന്നവര്‍, 'ഫറവോന്‍റെ രഥ'ത്തിലാണ് കര്‍ത്താവ്. അതിനെ കടലിലാഴ്ത്തും. എന്നാല്‍ കരുത്തുള്ളത് അവിടുത്തെ അഗ്നിശലാഖയ്ക്കാണ്, തീത്തൂണിനാണ്. ചെങ്കടലിനെ പകുത്തുമാറ്റി, ഇസ്രായേലിനെ കാനാനിലൂടെയും മിസ്രയേലിലൂടെയും സീനായിലൂടെയും നയിച്ചത് ദൈവിക സാന്നിദ്ധ്യത്തിന്‍റെ ദീപസ്തംഭമാണ് (പുറപ്പാട് 14, 24-25).ജീവിതചുറ്റുപാടുകള്‍ ഇന്ന് സങ്കീര്‍ണ്ണമാണ്. അസ്തിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ അംഗീകരിച്ചിരുന്ന അനശ്വരമായ 'വലിയ ശക്തി', ദൈവമാണെന്ന (cognition) ജ്ഞാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതു തച്ചുടച്ചുണ്ടാക്കിയ നവമായ ജീവിതകാഴ്ചപ്പാടിന് അടിസ്ഥാനം നശിച്ചുപോകുന്ന ഭൗതികതയാണ്. ഒന്നും തിരിച്ചെടുക്കാനാവാത്ത വിധം സാങ്കേതികതയുടെ സങ്കീര്‍ണ്ണത അകലങ്ങളെ അടുപ്പിക്കുന്നുണ്ട് എന്നാല്‍ അടുക്കാനാവാത്ത വിധം വ്യക്തികളെയും സമൂഹങ്ങളെയും അകറ്റുന്നുമുണ്ട്. ഇങ്ങനെയുള്ളൊരു ലോകത്ത് ദൈവത്തെ പ്രഘോഷിക്കുവാനും, സകലത്തിന്‍റെയും സ്ഥായീഭാവമുള്ള അടിത്തറ ദൈവമാണ്. ദൈവവും അവിടുത്തെ സ്നേഹവും കരുണയും സാങ്കാല്പികമല്ല, മറിച്ച് ചരിത്രത്തില്‍ ദൃശ്യവും അനുഭവവേദ്യവുമായ ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമുഖമാണെന്നും, അത് ദൈവത്തിന്‍റെ സ്നേഹാര്‍ദ്രഭാവമാണെന്നും അജപാലകര്‍ ജനങ്ങളെ പഠിപ്പിക്കേണ്ടതാണ്.അജപാലകര്‍ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കണം. ദൈവികകാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരിക്കണം. മെത്രാന്മാരും വൈദികരും ദൈവാനുഭവമുള്ളവരായിരിക്കണം. കര്‍ത്താവിനെ കണ്ടവരാണ് അവരെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകണം (യോഹ. 20, 25). തൊഴില്‍മനഃസ്ഥിതിയില്‍ ഊന്നിയ ജീവിത വിജയത്തിന്‍റെ തന്ത്രങ്ങളില്‍ സഭാനേതൃത്വം കുടുങ്ങിപ്പോകരുത്. അജപാലകര്‍ കഴിവുകുറഞ്ഞ, ഭരണകര്‍ത്താക്കളായിരുന്നാലും ദൈവത്തിന്‍റെ ശുശ്രൂഷകരായി ജീവിക്കുക. ദൈവിക കാര്യങ്ങളില്‍നിന്നും അകന്നു ജീവിക്കുമ്പോള്‍ കൃപയുടെ ജീവന്‍ അവര്‍ക്ക് നഷ്ടമാകും. ക്രിസ്ത്വാനുഭവം ഇല്ലാത്തതും, ക്രിസ്തു സാക്ഷ്യമില്ലാത്തുമായ ജീവിതങ്ങള്‍ പൊള്ളയായ വാക്കുകളും പദപ്രയോഗങ്ങളുമായി മാറും. അങ്ങനെ ദൈവകൃപയും സ്നേഹവുമില്ലാത്ത അനാഥരായി മാറുകയും, ചുറ്റുമുള്ളവരെ ആത്മീയ അനാഥത്വത്തിലേയ്ക്കും ലോകത്തിന്‍റെ പരിതാപകരമായ അവസ്ഥയിലേയ്ക്കും വലിച്ചിഴക്കുകയും ചെയ്യും.യുവജനങ്ങള്‍ ദൈവത്തിലുള്ള ആശ്രയബോധം നഷ്ടപ്പെട്ട് സമ്പദ്നിക്ഷേപത്തിന്‍റെ പിറകെ പോകുന്നുണ്ട്. പണത്തിന്‍റെയും ലാഭത്തിന്‍റെയും നേട്ടങ്ങളുടെ മായാവലയത്തില്‍ വീണ്, ധാര്‍മ്മികമൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ സാമൂഹ്യവിമതരായി മാറുന്നുണ്ട്. ഇവിടെയാണ് ഇന്ന് സഭയ്ക്കും രാഷ്ട്രത്തിനും ഒരുപോലെ വെല്ലുവിളിയാകുന്ന മയക്കുമരുന്നു വിപണനം തലപൊക്കുന്നത്. സങ്കീര്‍ണ്ണമായ പ്രതിഭാസമാണ് മയക്കുമരുന്നു കടത്ത്. അജപാലകര്‍ക്കോ സഭാനേതൃത്വത്തിനോ രക്ഷപ്പെടുത്തുവാനോ ഒഴിവാക്കുവാനോ ആവാത്തവിധത്തില്‍ അതുമായി ബന്ധപ്പെട്ട അതിക്രമങ്ങളുടെ ആഴവും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ അജപാലന മേഖലയില്‍ പ്രവാചക തീക്ഷ്ണതയും ധൈര്യവും, ഒപ്പം ശരിയായ അറിവും, വ്യക്തതയുമുള്ള അജപാലന പദ്ധതി ഇന്ന് അനിവാര്യമാണ്.മനുഷ്യാസ്തിത്വത്തിന്‍റെ തരംതാണ ഓരങ്ങളിലേയ്ക്ക് തള്ളപ്പെടുന്ന കുടുംബങ്ങളെ കേന്ദ്രീകരിച്ച് ഇടവക സമൂഹങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥാപനങ്ങളും, രാഷ്ട്രീയ നേതൃത്വും, നാടിന്‍റെ സുരക്ഷാവിഭാഗങ്ങളും പ്രവര്‍ത്തിക്കണം. അങ്ങനെ വിനാശകരമായ മയക്കുമരുന്നു കച്ചവടശ്രൃംഖലയുടെ കുത്തൊഴുക്കില്‍പ്പെട്ടു മെക്സിക്കോയുടെ പുതിയതലമുറ ഒലിച്ചു പോകാതിരിക്കാന്‍ നമ്മുടെ കരങ്ങളില്‍ പണത്തിന്‍റെയോ അധാര്‍മ്മിക ഇടപാടുകളുടെയോ കറപുരളാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു...Source: Vatican Radio