News >> സത്യസന്ധമായ മാനവികതയില്‍ രാഷ്ട്രീയം ചിട്ടപ്പെടുത്തണം : പാപ്പാ മെക്സിക്കോയില്‍
മെക്സിക്കോ അപ്പസ്തോലിക പര്യടത്തിന്‍റെ പ്രഥമദിനം ഫെബ്രുവരി 13-ാം തിയതി ശനിയാഴ്ച മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍ട്രീക്കോ പേഞ്ഞ നിയതോ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രപ്രമുഖര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കുമായി നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.മെക്സിക്കോ നഗരമദ്ധ്യത്തിലുള്ള പ്രസിഡന്‍റിന്‍റെ മന്ദരിത്തല്‍വച്ചായിരുന്നു പാപ്പായുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8 മണിയോടെ പാപ്പാ മെക്സിക്കോ നഗരത്തില്‍ വിമാനമിറങ്ങിയിരുന്നു. ഫെബ്രുവരി 17-ന് പരിപാടികള്‍ കഴിയുന്നതുവരെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരമായിരിക്കും പാപ്പായുടെ താല്‍ക്കാലിക വസതി. കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രേഷിതനും ഗ്വാദലൂപ്പെ നാഥയുടെ പുത്രനുമായിട്ടാണ് മെക്സിക്കോയിലെ ജനങ്ങളുടെ പക്കലേയ്ക്കു വരുന്നത്. ഇങ്ങനെയാണ് മെക്സിക്കോ അപ്പസ്തോലിക യാത്രയിലെ ആദ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത്.മെക്സിക്കോയ്ക്ക് അമേരിക്കയുടെ മണ്ണില്‍ പ്രത്യേക സ്ഥാനമുണ്ട്. സംസ്ക്കാരവും ചരിത്രവും വൈവിധ്യങ്ങളുമുള്ള ഈ നാടിനോടും ഇവിടത്തെ ജനതയോടുമുള്ള പ്രത്യേക വാത്സല്യാതിരേകമാണ് ഈ അപ്പസ്തോലികയാത്ര! മെക്സിക്കന്‍ ജനതയെ വൈവിധ്യമാര്‍ന്ന അവരുടെ ജീവിതപരിസരങ്ങളില്‍ അടുത്തറിയുക, മനസ്സിലാക്കുക, അവരെ പിന്‍തുണയ്ക്കുക എന്നത് ഈ യാത്രയുടെ ലക്ഷ്യമാണ്. സംസ്ക്കാര സമ്പന്നതയുടെ രാഷ്ട്രമാണിത്. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും ഉപായസാദ്ധ്യതകളും ജൈവവൈവിധ്യങ്ങളും ഇന്നാടിന്‍റെ തനിമയാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇതിനെ ശ്രദ്ധേയമാക്കുന്നു. മറ്റൊരിടത്തും കാണാത്ത സാംസ്ക്കാരിക വൈവിധ്യങ്ങളും സമ്പന്നതയും മൂല്യങ്ങളും ഈ നാടിനുണ്ട്.മെക്സിക്കോയുടെ ബഹുമുഖ സാംസ്ക്കാരികത തെളിയിക്കുന്നതാണ് ഇവിടത്തെ പൗരാണിക വിജ്ഞാനവും ജൈവസമ്പന്നതയും ഉപായസാദ്ധ്യതകളും. മെസ്തീസോ, ക്രയാലോ തദ്ദേശസംസ്ക്കാരങ്ങളെ പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി. വൈവിധ്യങ്ങള്‍ക്കിടയില്‍ എങ്ങനെ അതിനെ കോര്‍ത്തിണക്കാമെന്നും, സമ്പന്നമായ ഇന്നാടിന്‍റെ പൈതൃകത്തെ ഇനിയും ആദരിക്കുവാനും, വിലമതിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, വളര്‍ത്തിയെടുക്കുവാനുമാണ് പരിശ്രമിക്കേണ്ടത്.യുവജനങ്ങളാണ് രാഷ്ട്രത്തിന് യുവത്വം പകരുന്നത്. കാരണം, ജനസംഖ്യയുടെ പകുതിയും യുവജനങ്ങളാണ്. ഈ ശക്തി ഇന്നാടിന്‍റെ ഭാവിയെ കരുപ്പിടിപ്പിക്കേണ്ടതാണ്. യുവതയാണ് ഭാവിയുടെ പ്രത്യാശയും ഭാവുകത്വവും ആകേണ്ടത്. രാഷ്ട്രത്തിന്‍റെ നവീകരണത്തിനും, അതിനെ കാലികമായി രൂപാന്തരപ്പെടുത്തുകയും ചെയ്യേണ്ട പ്രേരകശക്തി യുവജനങ്ങളാണ്. ഭാവിയെയും ഭാവിതലമുറയെയും പ്രത്യാശയോടെ ഉറ്റുനോക്കുന്നതോടൊപ്പം, ഇന്നിന്‍റെ വെല്ലുവിളികളെ ഇവിടെ ഇപ്പോള്‍ ഏറെ ക്രിയാത്മകമായി കാണുകയും നേരിടുകയും വേണം. ഈ ഒരു കാഴ്ചപ്പാടില്‍ മാത്രമേ മെക്സിക്കോയുടെ ഭാവി ഭാഗധേയം ഉത്തരവാദിത്വപൂര്‍ണ്ണമായി നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുവാനും, എങ്ങനെയുള്ളൊരു രാഷ്ട്രമാണ് ഭാവതലമുറയ്ക്ക് കൈമാറേണ്ടതെന്നുമുള്ള ധാരണ രൂപപ്പെടുത്തുവാനും സാധിക്കുകയുള്ളൂ.പൊതുനന്മ തിരസ്ക്കരിക്കുന്ന കാലഘട്ടമാണ് നവയുഗം, 21-ാം നൂറ്റാണ്ട്! നേരായ മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്ന സത്യസന്ധരായ പൗരന്മര്‍ക്കു മാത്രമേ പൊതുന്മയ്ക്കായി പ്രവര്‍ത്തിക്കാനാവൂ. അഴിമതി, മയക്കുമരുന്നു കച്ചവടം, വംശീയചിന്താഗതി, അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയി കൊലചെയ്യുന്ന രീതി, അങ്ങനെ സമൂഹത്തില്‍ അധര്‍മ്മങ്ങള്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പുരോഗതി ഇല്ലാതാക്കുന്ന സാഹചര്യം മെക്സിക്കോയില്‍ വളരുന്നുണ്ട്. അങ്ങനെ പൊതുനന്മ ഇല്ലാതാക്കിക്കൊണ്ടു കുറച്ചുപേരുടെ മാത്രം സുസ്ഥിതിക്കായി പരിശ്രമിക്കുന്നൊരു നിഷേധാത്മകമായ സാമൂഹിക സംവിധാനം നാട്ടില്‍ വളര്‍ന്നു വരുന്നതുകൊണ്ടാണ് പുരോഗതി ഇല്ലാതാകുന്നതെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.വഴങ്ങാത്ത വ്യക്തിമാഹാത്മ്യവാദത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ക്ലേശകരമായ ജീവിതചുറ്റുപാടുകളെ മറികടക്കാന്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥാപനങ്ങളും, പൊതുനന്മയും മനുഷ്യാന്തസ്സും മാനിക്കുന്നവരും തമ്മില്‍ ശരിയായ ധാരണ വളര്‍ത്തിയെടുക്കേണ്ടതാണ്. സംവാദത്തിന്‍റെയും പരസ്പര ധാരണയുടെയും പാലങ്ങള്‍ പണിതെങ്കില്‍ മാത്രമേ മാനവശേഷിയും സാംസ്ക്കാരിക സമ്പന്നതയും അര്‍പ്പണബോധവുമുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ സാമൂഹ്യചുറ്റുപാടില്‍ മെക്സിക്കോ എത്തിച്ചേരുകയുള്ളൂ. 'സത്യസന്ധതയുള്ള മാനവികതയില്‍ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ സമര്‍പ്പണം എല്ലാവരും ജീവിക്കേണ്ടതാണ്, വിശിഷ്യ ക്രൈസ്തവര്‍ പ്രകടമാക്കേണ്ടതാണ് (GS 73). അങ്ങനെ സമൂഹത്തില്‍ ആരും ഇന്നിന്‍റെ വലിച്ചെറിയല്‍ സംസ്ക്കാരത്തിന്‍റെ ഇരകളാകാതിരിക്കട്ടെ....!Source: Vatican Radio