News >> പ്രലോഭനങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍
മെക്സിക്കോ അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസം ഞായറാഴ്ച ഫെബ്രുവരി 14-ാം തിയതി ഏക്കത്തെപേക് കുന്നിന്‍ ചെറിവിലെ മൈതാനിയില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. പാപ്പാ വചനപ്രഘോഷണം നടത്തി, തപസ്സിലെ ആദ്യവാരത്തെ ചിന്തകള്‍ പങ്കുവച്ചു:ഉത്ഥാനമഹോതസവത്തിനുള്ള ഒരുക്കമാണ് തപസ്സുകാലം. ജ്ഞാനസ്നാനത്തിലൂടെ നാം ദൈവമക്കളായതിന്‍റെ സവിശേഷമായ കൃപകളെ ഓര്‍ക്കുന്ന സമയവുമാണിത്. ലഭിച്ച കൃപയുടെ സമൃദ്ധി ഓര്‍മ്മച്ചെപ്പില്‍ അടച്ചുപൂട്ടാതെ അവ നവീകരിക്കാനുള്ള ക്ഷണമാണിത്. അതുവഴി, ജ്ഞാനസ്നാന വരത്തിന്‍റെ കൃപയും പ്രത്യാശയും സന്തോഷവും വീണ്ടെടുക്കാന്‍ നാം പരിശ്രമിക്കുന്നു. ദൈവമക്കളുടെ സ്ഥാനം നാം അതുവഴി പുനരാവിഷ്ക്കരിക്കുന്നു.നഷ്ടപ്പെട്ട മകനെ കരുണാര്‍ദ്രനായ പിതാവ് കാത്തുനിന്ന് സ്വീകരിച്ച്, അവന്‍റെ പരിക്ഷീണത്തിന്‍റെയും അവിശ്വസ്തതയുടെയും പിന്‍തിരിപ്പിന്‍റെയും ജീര്‍ണ്ണിച്ച മേലങ്കി അഴിച്ചുമാറ്റി ഒരച്ഛനെയോ അമ്മയെയോപോലെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പുതുവസ്ത്രം അണിയിച്ച് ഭവനത്തില്‍ സ്വീകരിക്കുന്നു. പിതാവ് അപരിമേയനാണ്, സ്നേഹസമ്പന്നനാണ്. പിന്നെ കരുണാര്‍ദ്രനാണ്. സകലരെയും ആശ്ലേഷിക്കുന്ന അന്യൂനതയും സ്നേഹവിശാലതയുമുള്ള സ്വര്‍ഗ്ഗസ്ഥനായ 'ഞങ്ങളുടെ പിതാവാ'ണിത്. അവിടുന്ന് 'എന്‍റെ പിതാവു' മാത്രമല്ല. നമ്മുടെ പിതാവാണ്, സകലരുടെയും പിതാവാണ്.അനുതാപത്തിന്‍റെ സമയമാണ് തപസ്സ്! എന്നാല്‍ പിശാചാണ് അനുരഞ്ജനത്തിനായുള്ള മനുഷ്യരുടെ സ്വപ്നത്തെ തച്ചുടയ്ക്കുന്നത്. അങ്ങനെ വ്യക്തിബന്ധങ്ങള്‍ താറുമാറാക്കുകയും, സമൂഹങ്ങളും കുടുംബങ്ങളും ചിഹ്നഭിന്നമാക്കപ്പെടുകയും ചെയ്യുന്നു. സമൂഹം കുറച്ചുപേര്‍ക്കും, കുറച്ചുപേരുടേതുമായി മാറുന്നു. സമൂഹത്തിലും അയല്‍പക്കങ്ങള്‍ തമ്മിലും, സ്നേഹിതരും സഹോദരങ്ങള്‍ തമ്മിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് അടിസ്ഥാനപരമായി അപരന്‍റെ അന്തസ്സ് മാനിക്കാതെ പോകുന്ന അവസരങ്ങളിലാണ്! അന്ധമായും നിസ്സംഗമായും അന്യരുടെയും നമ്മുടെ തന്നെയും അന്തസ്സ് അവഗണിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ വേദനാജനകമാണ്!നമ്മുടെ വികാരങ്ങളെ വിലയിരുത്തുന്ന സമയമാണ് തപസ്സ്. ദൈവിക പദ്ധതിക്ക് ഘടകവിരുദ്ധമായി ചുറ്റും നടമാടുന്ന അനീതിക്കെതിരെ കണ്ണുതുറക്കേണ്ട സമയമാണിത്. നമ്മിലെ ദൈവികജീവന്‍റെ പ്രതിച്ഛായ ഇല്ലാതാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തിലെ മൂന്നു വലിയ പ്രലോഭനങ്ങളെ അനാവരണംചെയ്യുന്ന സമയവുമാണ് പുണ്യമായ തപസ്സുകാലം. ക്രിസ്തുവിനുണ്ടായെന്നു പറയപ്പെടുന്ന മൂന്നു പ്രലോഭനങ്ങള്‍ തന്നെയാണ് ക്രൈസ്തവര്‍ക്കും ഉണ്ടാകുന്നത്. ക്രൈസ്തവവിളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്ന പ്രലോഭനങ്ങളാണിവ.
സമ്പത്ത് : എല്ലാവര്‍ക്കുമായുള്ള സ്വത്ത് ഞാന്‍ എനിക്കും 'എന്‍റെ പക്ഷക്കാര്‍ക്കു'മായി സംവരണംചെയ്യുന്നു. അന്യന്‍റെ ജീവനെ അവഗണിച്ചും അവരുടെയും അദ്ധ്വാനഫലമായ 'അപ്പം' തട്ടിപ്പറിച്ചുമാണ് ചിലര്‍ സമ്പത്തുണ്ടാക്കുന്നത്. അഴിമതിക്കധീനമായ സമൂഹങ്ങള്‍ അവരുടെ മക്കള്‍ക്കു നല്കുന്ന അപ്പം, വേദനയുടെയും വെറുപ്പിന്‍റെയും യാതനകളുടെയും ഫലംപേറുന്ന സമ്പത്തുകൊണ്ടു നേടുന്നതാണ്.
മിഥ്യാബോധം : എന്നെപ്പോലല്ലാത്തവരെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുന്ന രീതിയില്‍ ഊന്നിനില്ക്കുന്നതാണ് മിഥ്യാബോധം. പ്രശസ്തിക്കായുള്ള പരക്കംപാച്ചിലില്‍ അപരന്‍റെ സല്‍പ്പേരിലും വളര്‍ച്ചയിലും ഇക്കൂട്ടര്‍ ഏറെ അസൂയാലുക്കളുമാണ്.'വെട്ടിവീഴ്ത്തിയ മരത്തില്‍നിന്നും വിറകെടുക്കുന്ന,' ചൂഷണത്തിന്‍റെ മനോഭാവം നമ്മെ മൂന്നാമത്തെ പ്രലോഭനത്തിലേയ്ക്ക് കൊണ്ടുപോകുന്നു...
അഹങ്കാരം : ആയിരിക്കുന്ന അവസ്ഥയിലും വലുതാണ് ഞാന്‍ എന്നു ചിന്തിക്കുക, അല്ലെങ്കില്‍ സ്വയം ഊതിവീര്‍പ്പിച്ചു കാണിക്കുന്ന ധാര്‍ഷ്ട്യമാണിത്. നാം ഈ ഭൂമിയിലാണെന്നും, ബലഹീനര്‍ക്കൊപ്പമാണ് ജീവിക്കുന്നതെന്നുമുള്ള ചിന്തയില്ലാതിരിക്കുന്ന അവസ്ഥയാണിത്. എങ്കിലും ഈശ്വരവിശ്വാസികളും പ്രാര്‍ത്ഥിക്കുന്നവരുമാണ് അഹങ്കാരികളായ ഇക്കൂട്ടര്‍. "ദൈവമേ, മറ്റുള്ളവരെപ്പോലെയല്ല ഞാന്‍! ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു, അങ്ങയെ സ്തുതിക്കുന്നു," എന്നുള്ള ഫരിസേയ മനോഭാവവും ഇതിന്‍റെ ഭാഗമാണ്.ക്രിസ്തുവിനുണ്ടായ മൂന്നു പ്രലോഭനങ്ങളില്‍ ക്രൈസ്തവരായ നാമും അകപ്പെടുന്നുണ്ട്. സുവിശേഷചൈതന്യം കെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇവ മൂന്നും. നമ്മെ പാപത്തിന്‍റെയും നാശത്തിന്‍റെയും വലയത്തില്‍ വീഴ്ത്തുന്നതാണിവ. അതിനാല്‍ അത്മശോധനചെയ്യേണ്ടതാണ്, ഞാന്‍ പ്രലോഭനങ്ങളില്‍ എത്രത്തോളം അകപ്പെടുന്നുണ്ട്? സമ്പത്തിന്‍റെയും സുഖലോലുപതയുടെയും ജീവിതശൈലിയ്ക്ക് ഞാന്‍ കീഴ്പ്പെട്ടു പോയിട്ടുണ്ടോ? മറ്റുള്ളവരുടെ നന്മയും, അവരുടെ ആവശ്യങ്ങളും അന്തസ്സും മാനിക്കുന്നത് എന്‍റെ സന്തോഷമാണെന്നും, എനിക്ക് പ്രത്യാശ പകരുന്ന വസ്തുതയാണെന്നും ഞാന്‍ ചിന്തിക്കാറുണ്ടോ?തിന്മയെയല്ല, ക്രിസ്തുവിനെയാണ് നാം അനുഗമിക്കുന്നത്. അത് എളുപ്പമല്ലെന്ന് നമുക്കറിയാം. പണത്തിനും പ്രശസ്തിക്കും അധികാരത്തിനും കീഴ്പ്പെടുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ നമുക്കറിയാം. അതുകൊണ്ടാണ് സഭാമാതാവ് നമുക്കീ തപസ്സുകാലം തരുന്നത്. ദൈവം നമ്മെ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുന്നു. കീറിമുറിക്കുന്ന തിന്മയുടെ ശക്തികളില്‍നിന്നും ഹൃദയത്തെ സൗഖ്യപ്പെടുത്തുവാന്‍ കരുത്തുള്ള ദൈവത്തിന്‍റെ പേരും മുഖവും -
കാരുണ്യമാണ്! ഈ ദൈവിക കാരുണ്യമായിരിക്കണം നമ്മുടെ സമ്പത്ത്. ഈ കാരുണ്യമായിരിക്കണം ക്രൈസ്തവന്‍റെ സമ്പത്ത്. അതുതന്നെയായിരിക്കണം നമ്മുടെ കീര്‍ത്തിയും ഓജസ്സും. അവിടുത്തെ നാമത്തില്‍ നമുക്ക് സങ്കീര്‍ത്തകനോടൊപ്പം ഏറ്റുപാടാം, "അങ്ങാണെന്‍റെ ദൈവം, അവിടുന്നില്‍ ഞാന്‍ ശരണപ്പെടുന്നു...." (സങ്കീ. 31, 14).ദിവ്യകാരുണ്യത്തിലൂടെ ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം നമ്മില്‍ ദൃഢപ്പെടട്ടെ, പതിയട്ടെ! 'ക്രിസ്തുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങള്‍ സുവിശേഷ ചൈതന്യത്താല്‍ നിറയട്ടെ!' കാരണം, ക്രിസ്തുവിലും ക്രിസ്തുവിനോടു കൂടെയുമാണ് യാഥാര്‍ത്ഥ സന്തോഷം നമ്മില്‍ എപ്പോഴും വളരേണ്ടത്, വിരിയേണ്ടത് (EG,1).Source: Vatican Radio