News >> സിഎംസി ശതോത്തര സുവര്‍ണ ജൂബിലി: കാരുണ്യദിനം ആചരിച്ചു
സ്വന്തം ലേഖകന്‍
കൊച്ചി: സിഎംസി (കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മദര്‍ ഓഫ് കാര്‍മല്‍) സന്യാസിനി സമൂഹത്തിന്റെ ശതോത്തര സുവര്‍ണജൂബിലി സമാപനത്തോടനുബന്ധിച്ചു കാരുണ്യദിനാചരണം നടത്തി. 1270 കന്യാസ്ത്രീകളുടെ രക്തദാനം ഉള്‍പ്പെടെ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നു. ആലുവ തായിക്കാട്ടുകരയിലുള്ള മൌണ്ട് കാര്‍മല്‍ ജനറലേറ്റില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണു കാരുണ്യദിനാചരണം ആരംഭിച്ചത്. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു പ്രഫഷണല്‍ കോഴ്സുകള്‍ക്കുള്ള പഠനം, സ്വയംതൊഴില്‍ കണ്െടത്തല്‍ എന്നിവയ്ക്കു സഹായം നല്‍കുന്ന അഡോക് പദ്ധതിക്കു തുടക്കം കുറിച്ചു.
സ്വയംതൊഴില്‍ സംരംഭ പദ്ധതിയുടെ ഭാഗമായി നല്‍കിയ ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം സിഎംസി മദര്‍ ജനറല്‍ സിസ്റര്‍ സിബി നിര്‍വഹിച്ചു. ജനറലേറ്റിലും വിവിധ പ്രോവിന്‍സുകളിലുമായി ഒരേ ദിനത്തില്‍ നടത്തിയ രക്തദാന ക്യാമ്പുകളിലാണു സിഎംസി സഭയിലെ 1270 കന്യാസ്ത്രീകള്‍ രക്തദാനം നടത്തിയത്. ഇതിനൊപ്പം സഭയുടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും രക്തദാനം നടത്തി. ജനറലേറ്റില്‍ രക്തദാനക്യാമ്പ് ഐഎംഎ പ്രതിനിധി ഡോ. സുലേഖ മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു.
ശതോത്തര സുവര്‍ണജൂബിലിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത പാവങ്ങള്‍ക്കായി 252 വീടുകള്‍ പൂര്‍ണമായി നിര്‍മിച്ചു നല്‍കിയിരുന്നു. 2570 വീടുകള്‍ നവീകരിച്ചു നല്‍കി. മൂന്നു വര്‍ഷത്തിനിടെ 2237 പെണ്‍കുട്ടികള്‍ക്കു വിവാഹസഹായവും 75564 രോഗികള്‍ക്കു ചികിത്സാസഹായവും നല്‍കി. വിവിധ സ്ഥലങ്ങളിലായി 5430 പേരെ ലഹരിവിമുക്ത ക്യാമ്പുകളിലെത്തിച്ചു. പാവപ്പെട്ട കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള റിവോള്‍വിംഗ് ഫണ്ട് സ്കീം വഴിയായി 8300 ദളിത് ക്രൈസ്തവരുള്‍പ്പെടെ 21914 പേര്‍ക്കു സ്വയം തൊഴില്‍ കണ്െടത്തുന്നതിനു സാമ്പത്തികസഹായം നല്‍കി. 145 ഓട്ടോറിക്ഷ, 830 തയ്യല്‍ മെഷിനുകള്‍, എട്ടു സൈക്കിള്‍ റിക്ഷകള്‍, 53 സൈക്കിളുകള്‍ എന്നിവ ഈ ഫണ്ടു വഴി അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാനായി. 22 പ്രോവിന്‍സുകളും അഞ്ചു റീജണുകളും ഒരു കോളനി/ചേരി വീതം ദത്തെടുത്ത് അവിടുത്തെ ജനങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കായുള്ള പ്രയത്നങ്ങള്‍ നടത്തുന്നുണ്ട്. 3,45,600 വൃക്ഷത്തൈകള്‍ നടാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സിഎംസി സന്യാസിനികള്‍ നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളില്‍ അഞ്ചു കുളം, 27 കിണര്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കി. വിശുദ്ധ ചാവറയച്ചന്റെ ജീവിതദര്‍ശനത്തില്‍നിന്നും സംസ്കാരത്തില്‍നിന്നും ചൈതന്യമുള്‍ക്കൊണ്ടു സഹോദരങ്ങളുടെ ഹൃദയങ്ങളെ കാരുണ്യംകൊണ്ടു വായിക്കാനും അവരുടെ ആവശ്യങ്ങളോടു കാരുണ്യംകൊണ്ടു പ്രത്യുത്തരിക്കാനുമുള്ള പരിശ്രമമായിരുന്നു കാരുണ്യദിനാചരണത്തിലൂടെ ലക്ഷ്യമാക്കിയതെന്നു മദര്‍ ജനറല്‍ സിസ്റര്‍ സിബി പറഞ്ഞു.
Source: Deepika