News >> കുടുംബത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്: മാര്‍പാപ്പ

കുടുംബത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്ന പ്രവണതയ്ക്കെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ മെക്സിക്കോയിലെ ചിയാപസ് സ്റേറ്റിന്റെ തലസ്ഥാനമായ ടുക്സ്റിലാ ഗുട്ടിയേറത്തിലെ സ്പോര്‍ട്സ് സ്റേഡിയത്തില്‍ കുടുംബങ്ങളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സംസ്ഥാനം മെക്സിക്കോയിലെ ഏറ്റവും അവികസിതമായ പ്രദേശമാണ്. മെക്സിക്കന്‍ തലസ്ഥാനത്തും പ്രാന്തപ്രദേശത്തും നടത്തിയ പര്യടനവേളയില്‍ അഴിമതിക്കും ചൂഷണത്തിനും എതിരേയാണു മാര്‍പാപ്പ മുഖ്യമായും സ്വരം ഉയര്‍ത്തിയത്. എന്നാല്‍, ചിയാപസില്‍ അജപാലനദൌത്യത്തിനും ഇതിന്റെ ഭാഗമായ കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കുമാണു പ്രാധാന്യം നല്‍കിയത്. ടുക്സ്റിലാ ഗുട്ടിയേറത്തില്‍ മാര്‍പാപ്പയെ ശ്രവിക്കാന്‍ എത്തിയവരില്‍ അയല്‍രാജ്യമായ ഗ്വാട്ടിമാലയില്‍നിന്നുള്ളവരുമുണ്ടായിരുന്നു.

കുടുംബജീവിതത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും സഹനവും മൂലം നഷ്ടധൈര്യരാകരുതെന്നും കുടുംബമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അനുകമ്പയും മൃദുലതയും തൊട്ടുതീണ്ടാത്ത മുഖങ്ങളേക്കാള്‍, ദാനവും ത്യാഗവുംമൂലം ക്ഷീണിച്ച മുഖങ്ങളെയാണു താന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബജീവിതം സന്തോഷപ്രദമാക്കുന്നതിനുള്ള മാര്‍ഗവും മാര്‍പാപ്പ ഉപദേശിച്ചു- വഴക്കുകള്‍ പറഞ്ഞു തീര്‍ക്കാതെ ഒരു ദിവസവും അവസാനിപ്പിക്കരുത്. മറിച്ചായാല്‍ അതു ശീതയുദ്ധത്തിന് ഇടയാക്കും. ശീതയുദ്ധം കുടുംബത്തിന്റെ അടിത്തറ ഇളക്കും.

ചിയാപസിലെ സാന്‍ ക്രിസ്റോബല്‍ ഡിലാസ് കാസാസില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിച്ച മാര്‍പാപ്പ തദ്ദേശീയ ഗോത്രവര്‍ഗ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ചു.നൂറ്റാണ്ടുകളായി ചൂഷണത്തിനു വിധേയരായ തദ്ദേശീയര്‍ പ്രകൃതിസംരക്ഷണത്തിനു കാണിക്കുന്ന വ്യഗ്രത അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദിവ്യബലിയില്‍ മൂന്നു മായന്‍ ഭാഷകളില്‍നിന്നുള്ള ബൈബിള്‍ വായനകള്‍ ഉണ്ടായിരുന്നു. ദിവ്യബലിക്കുശേഷം വിവിധ ഗോത്രവര്‍ഗ പ്രതിനിധികളോടൊപ്പം മാര്‍പാപ്പ ഉച്ചഭക്ഷണം കഴിച്ചു.
Source: Deepika