News >> ആരാധകരുടെ ആവേശത്തള്ളലില്‍ മാര്‍പാപ്പയ്ക്കു കാല്‍വഴുതി

മെക്സിക്കോ സിറ്റി: അഞ്ച് ദിവസത്തെ മെക്സിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ മെക്സിക്കോയിലെ മൊറേലിയ നഗരത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനത്തില്‍ കാല്‍വഴുതി. 

തന്റെ അനുഗ്രഹം വാങ്ങാന്‍ വീല്‍ചെയറിലെത്തിയ കുഞ്ഞിന്റെ മുകളിലേക്കാണ് മാര്‍പാപ്പ വീഴാന്‍ തുടങ്ങിയത്. പെട്ടെന്നു മാര്‍പാപ്പ, ആരാധകന്റെ നേരേ തിരിഞ്ഞ് ഇത്രയും സ്വാര്‍ഥനാകരുതെന്ന് ഉപദേശിച്ചു. 

നൃത്തവും പാട്ടുമായി തന്നെ വരവേല്‍ക്കാനെത്തിയ ചെറുപ്പക്കാരെ അനുഗ്രഹിച്ചു നീങ്ങുന്നതിനിടയില്‍ അപ്രതീക്ഷിതമായാണു മാര്‍പാപ്പയെ കെട്ടിപ്പുണരാന്‍ ആരാധകന്‍ ശ്രമിച്ചത്. ഒട്ടും മുന്നോട്ടുനീങ്ങാന്‍ അയാള്‍ സമ്മതിക്കാതെ വന്നതിനെത്തുടര്‍ന്നു തിരക്കിനിടയില്‍പ്പെട്ട് മാര്‍പാപ്പയുടെ നില തെറ്റുകയായിരുന്നു. 

നിലത്തുവീഴാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൈകളില്‍ താങ്ങി. പെട്ടെന്നുതന്നെ നേരേനിന്ന മാര്‍പാപ്പ അയാളെ രൂക്ഷമായി നോക്കി സ്പാനിഷ് ഭാഷയില്‍ രണ്ടു തവണ ഇത്രയും സ്വാര്‍ഥനാകരുതെന്നു പറയുകയും ചെയ്തു. എന്നാല്‍, അയാളെ മാത്രം വീഡിയോ ക്ളിപ്പിംഗില്‍ കാണാന്‍ കഴിയുന്നില്ല.
Source: Deepika