News >> ഫാ. ജോസ് ഇടശേരി ഫരീദാബാദ് രൂപത വികാരി ജനറാള്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഫരീദാബാദ്-ഡല്‍ഹി രൂപതയുടെ വികാരി ജനറാളായി ഫാ.ജോസ് ഇടശേരി നിയമിതനായി. നേരത്തെ സഭയുടെ ഡല്‍ഹി മിഷന്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം ഇപ്പോള്‍ ചേര്‍ത്തല മുട്ടം ഫൊറോന പള്ളി വികാരിയാണ്.

കറുകുറ്റി ഇടവകാംഗമായ ഫാ.ഇടശേരി 1978ല്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്നാണു പൌരോഹിത്യം സ്വീകരിച്ചത്. ഇടപ്പള്ളി, മുട്ടം പള്ളികളില്‍ സഹവികാരിയായും മാടയ്ക്കല്‍, സൌത്ത് വാഴക്കുളം പള്ളികളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. സിഎല്‍സി അതിരൂപത, സംസ്ഥാന പ്രമോട്ടര്‍, ദേശീയ നിര്‍വാഹക സമിതി അംഗം, അതിരൂപത മതബോധന ഡയറക്ടര്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി, അതിരൂപത ശതാബ്ദി ആഘോഷ കണ്‍വീനര്‍, മൈനര്‍ സെമിനാരി റെക്ടര്‍, ചായ് കേരള ട്രഷറര്‍, അങ്കമാലി എല്‍എഫ് ആശുപത്രി ഡയറക്ടര്‍, പൊങ്ങം നൈപുണ്യ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
Source: Deepika