News >> റബര്‍ പ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ അടവുനയം തിരുത്തണമെന്ന് ഇന്‍ഫാം
കൊച്ചി: വിലത്തകര്‍ച്ചമൂലം റബര്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ റബര്‍ സംഭരണത്തിലും കര്‍ഷക സഹായധനത്തിലും കേന്ദ്രം അടവുനയവുമായി മുഖംതിരിഞ്ഞു നില്‍ക്കുന്നതു കര്‍ഷകദ്രോഹവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി.സെബാസ്റ്യന്‍ പറഞ്ഞു.
ഇതിനോടകം കേന്ദ്രം നടത്തിയ പ്രഖ്യാപനങ്ങളും നടപടികളും റബര്‍ വിപണിയില്‍ ഫലപ്രദമായിട്ടില്ല. ഇറക്കുമതി തീരുവ 20ല്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ റബറിന് കിലോഗ്രാമിന് 130 രൂപ വിലയുണ്ടായിരുന്നു. ഇപ്പോഴത് 90 രൂപയില്‍ താഴെയായി. മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതി നിയന്ത്രണവും അഡ്വാന്‍സ് ഓഥറൈസേഷന്‍ സ്കീമിലൂടെയുള്ള റബര്‍ ഇറക്കുമതിയുടെ മാര്‍ച്ച് 31 വരെയുള്ള നിരോധനവും റബര്‍ വിപണിയില്‍ കര്‍ഷകനു ഗുണംചെയ്തില്ലെന്നു മാത്രമല്ല, റബര്‍ വില വീണ്ടും കുത്തനെ ഇടിയുകയാണുണ്ടായത്. കരിമ്പ്, പരുത്തി കര്‍ഷകരെയും റബര്‍ കര്‍ഷകരെയും രണ്ടുതരം പൌരന്മാരായി ഭരണനേതൃത്വം കാണുന്നത് ക്രൂരമാണ്. സമാനപ്രതിസന്ധിയില്‍ തായ്ലന്‍ഡ്, മലേഷ്യന്‍ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന സംരക്ഷണവും സഹായവും കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും സെബാസ്റ്യന്‍ പറഞ്ഞു.
Source: Deepika