News >> അടിമ വ്യാപാരത്തിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ

(മെക്സിക്കോ): മനുഷ്യരെ അടിമപ്പണിക്കാരായി ചൂഷണം ചെയ്യുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ രൂക്ഷവിമര്‍ശനം. മെക്സിക്കോ-യുഎസ് അതിര്‍ത്തിപ്രദേശത്തേക്കു നടത്തിയ യാത്രയിലാണ് അദ്ദേഹം അടിമ വ്യാപാരത്തിനെതിരേ പ്രതികരിച്ചത്. മെക്സിക്കോ സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ റോമിലേക്കു മടങ്ങി. 

അടിമപ്പണി ചെയ്യിക്കുന്നവര്‍ ദൈവത്തോട് ഉത്തരം പറയേണ്ടിവരും. സമൂഹത്തെ നന്നാക്കാന്‍ ബിസിനസുകാര്‍ക്ക് നടത്താവുന്ന ഏറ്റവും നല്ല നിക്ഷേപം കുടുംബങ്ങളിലും വ്യക്തികളിലുമാണ്. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന പാഴ്വസ്തുക്കളായി തൊഴിലാളികളെ കാണാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടെ മെക്സിക്കോയിലെ പല പിന്നോക്കമേഖലകളും അദ്ദേഹം സന്ദര്‍ശനം നടത്തി.

മയക്കുമരുന്നിന്റെ ഉപയോഗവും കുറ്റകൃത്യങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. മെക്സിക്കോയില്‍ ഏറ്റവുമധികം അക്രമം നടക്കുന്ന മേഖലയാണു സിയുഡാഡ് ഹ്വാറെഡ്. ഇവിടെനിന്നാണു യുഎസിലേക്കു പലരും അനധികൃതമായി കുടിയേറുന്നത്. അതേസമയം, ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കു നേര്‍വിപരീതമാണു മാര്‍പാപ്പയുടെ നിലപാട്. മാര്‍പാപ്പ ഒരു രാഷ്ട്രീയക്കാരനാണെന്നും മെക്സിക്കന്‍ സര്‍ക്കാരാണ് അദ്ദേഹത്തെ അതിര്‍ത്തി സന്ദര്‍ശനത്തിനു നിയോഗിച്ചതെന്നും ട്രംപ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഈ ആരോപണം വിചിത്രവും സത്യവിരുദ്ധവുമാണെന്നു വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു.

മെക്സിക്കോ സിറ്റിയില്‍ വിമാനമിറങ്ങവേ മാര്‍പാപ്പയുടെ വിമാനത്തില്‍ ലേസര്‍ രശ്മി പതിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും ആര്‍ക്കും കുഴപ്പമൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Source: Deepika