News >> ക്രൈസ്തവന്‍ പണിയേണ്ടത് മതിലുകളല്ല പാലങ്ങള്‍
പാലങ്ങള്‍ പണിയുന്നതിനെക്കുറിച്ചല്ലാതെ മതിലുകള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചു മാത്രം ഒരുവന്‍ ചന്തിക്കുന്നത് ക്രൈസ്തവികമല്ലെന്ന് മാര്‍പ്പാപ്പാ. മെക്സിക്കൊയില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രാവേളയില്‍ വിമാനത്തില്‍ വച്ച് ഫ്രാന്‍സീസ് പാപ്പായോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍, കുടിയേറ്റത്തിനെതിനെതിരെ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു തിരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ളതായിരുന്നു ഈ മറുപടി. സ്ത്രീപുരുഷവിവാഹബന്ധത്തിലധിഷ്ഠിതമാണ് കുടുംബം എന്നതിന് അപവാദമായി സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് കുടുംബത്തിന്‍റെ പദവി നല്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പ്രമേയം ഇറ്റലിയുടെ പാര്‍ലിമെന്‍റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ ഇറ്റലിയുടെ രാഷ്ട്രീയകാര്യങ്ങളില്‍ കൈകടത്തില്ലെന്നും ഏതെങ്കിലും ഒരു നാടിന്‍റെ കാര്യത്തില്‍ ഇടപെടുക പാപ്പായുടെ ദൗത്യമല്ലെന്നും പാപ്പാ എല്ലാവര്‍ക്കും വേണ്ടിയുള്ള ആളാണെന്നും ഫ്രാന്‍സീസ് പാപ്പാ വ്യക്തമാക്കി. ഭ്രൂണഹത്യയെക്കുറിച്ച് പാപ്പാ നല്കിയ മറുപടിയും ശക്തമായിരുന്നു.ഭ്രൂണഹത്യ ചെറിയ തിന്മയല്ല പ്രത്യുത കുറ്റകൃത്യമാണെന്നും കാരണം മാഫിയ ചെയ്യുന്നതു പോലെ ഒരാളെ രക്ഷിക്കാന്‍ മറ്റൊരുവനെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തിയാണ് അതെന്നും പാപ്പാ അപലപിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലായ്മ ചെയ്യുന്നത് ദൈവശാസ്ത്രപരമായ ഒരു പ്രശ്നമല്ല മറിച്ച് മാനുഷിക പ്രശ്നമാണ്, വൈദ്യശാസ്ത്രത്തിന്‍റെ പ്രശ്നമാണ്. ഭ്രൂണഹത്യ അതില്‍ത്തന്നെ ഒരു തിന്മയാണ്-പാപ്പാ വ്യക്തമാക്കി.ഈജിപ്തിലെ സുന്നി ഇസ്ലാം നേതാവായ അല്‍ അഷാറിലെ ഇമാമുമായി കൂടിക്കാഴ്ച നടത്താനും ചൈനസന്ദര്‍ശിക്കാനും മെക്സിക്കോയിലേക്ക് ഒരിക്കല്‍ കൂടി പോകാനുമുള്ള തന്‍റെ അഭിലാഷവും പാപ്പാ വെളിപ്പെടുത്തി.പ്രശ്നങ്ങളാല്‍ മുറിവേറ്റകുടുംബങ്ങളെയും പുനര്‍വിവാഹിതരായവരെയും സഭയുടെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കേണ്ടതിന്‍റെ പ്രാധന്യവും പാപ്പാ ആവര്‍ത്തിച്ചു.റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവാനായ പാത്രിയാര്‍ക്കീസ് കിറിലുമായി മെക്സിക്കോയിലേക്കുള്ള യാത്രാവേളയില്‍ ക്യൂബയില്‍ വച്ചു നടത്തിയ് കൂടിക്കാഴ്ച, കുട്ടികളെ ലൈഗികപീഢനത്തിനിരകളാക്കുന്ന വൈദികരുടെ കാര്യത്തിലുള്ള നിലപാട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പാപ്പാ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കാനയിക്കേണ്ട വൈദികന്‍ ഒരു കുഞ്ഞിനെ ഉപയോഗിക്കുകയാണെങ്കില്‍ അത് പൈശാചികബലിയാണ്, ആ കുഞ്ഞിനെ നശിപ്പിക്കലാണ്, അത് രാക്ഷസീയമാണ് എന്ന് രൂക്ഷമായി അപലപിച്ചു.Source: Vatican Radio