News >> മെക്സിക്കോയില്‍നിന്നു കണ്ണിചേര്‍ത്ത പാപ്പായുടെ ചിന്തോദ്ദീപങ്ങളായ ട്വിറ്റുകള്‍
"അനുതാപത്തിലേയ്ക്കു നയിക്കുവാന്‍ കരുത്തുള്ള വികാര വിസ്ഫോടനമാണ് കണ്ണുനീര്‍!"ഈ ചിന്തയാണ് മെക്സിക്കോയിലെ അപ്പോസ്തോലിക യാത്രയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്. ഫെബ്രുവരി 18-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 12-ാം അപ്പസ്തോലിക പര്യടനം മെക്സിക്കോയുടെ വടക്കന്‍ അതിര്‍ത്തിയിലെ 'ലാ പാസി'ല്‍ അവസാനിച്ചത്.അമേരിക്കയുടെ ടെക്സസ് പ്രവിശ്യയോടു തോളുരുമ്മി കിടക്കുന്ന ലാ-പാസിലെ കുന്നിന്‍മുകളില്‍ നിന്നുകൊണ്ട് ഇരുരാഷ്ട്രങ്ങളെയും (മെക്സിക്കോ യുഎസ്എ) പാപ്പാ ആശീര്‍വ്വദിച്ചു. അതിര്‍ത്തിയിലൂടെ മൗനമായി ഒഴുകിയ ചെറിയ റിയോ നദി (River Rio Grande) അവിടങ്ങളില്‍ പൊലിഞ്ഞുവീണ നൂറുകണക്കിന് കുടിയേറ്റക്കാരുടെ കദനകഥകള്‍ പറഞ്ഞുകൊണ്ടാണ് മെല്ലെ ഒഴുകിയത്. നദിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിരവധി പാദരക്ഷകളും വസ്ത്രങ്ങളും കുടിയേറ്റപ്രതിഭാസത്തിലെ ജീവിതനൊമ്പരം പേറി അലക്ഷ്യമായി ഒഴുകിനടന്നു.ദിവ്യബലിയര്‍പ്പിച്ചശേഷമാണ്, സഭ അനുഷ്ഠിക്കുന്ന താപസ്സുകാലത്തിന്‍റെ രണ്ടാംവാരത്തിലെ വ്യാഴാഴ്ച ജീവിതനൊമ്പരങ്ങളുടെ കണ്ണീര്‍ക്കയത്തെ അനുതാപത്തോടു ബന്ധപ്പെടുത്തി 'ലാ-പാസി'ല്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ചിന്തകള്‍ പങ്കുവച്ചത്.ഫെബ്രുവരി 17-ാം തിയതി ബുധനാഴ്ച, മെക്സിക്കോയിലെ സ്യുദാദ് ഹ്വാരസിലെ ജയില്‍ സന്ദര്‍ശിക്കുകയും തൊഴില്‍ മേഖലയിലെ പ്രമുഖരും, തൊഴിലാളി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അതിനുശേഷം പങ്കുവച്ച ദൈവികകാരുണ്യത്തിന്‍റെ 'ട്വിറ്റുകള്‍' താഴെചേര്‍ക്കുന്നു:
ആദ്യത്തെ മൂന്നു സന്ദേശങ്ങള്‍ ജയില്‍ വാസികള്‍ക്കുവേണ്ടിയായിരുന്നു:ദൈവത്തിന്‍റെ കാരുണ്യം ലോകത്ത് എവിടെയും എല്ലാവരെയും ആശ്ലേഷിക്കുന്നു: അതിനാല്‍ ഹൃദയങ്ങള്‍ തുറക്കുവിന്‍! കാരുണ്യത്തിന്‍റെ ജൂബിലിയാഘോഷം ഗതകാലത്തിന്‍റെ തടവറയിലാകരുത്. എല്ലാം നവീകരിക്കാമെന്ന പ്രത്യാശയിലായിരിക്കണം.പ്രിയ ജയില്‍വാസികളേ, നിങ്ങള്‍ ഏറെ വേദന സഹിച്ചുകഴിഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കിനി അതിക്രമങ്ങളും ഒറ്റപ്പെടലുമില്ലാത്ത മെച്ചപ്പെട്ടൊരു സമൂഹത്തിന്‍റെ പ്രവാചകരും പ്രായോക്താക്കളുമാകാം.
തൊഴില്‍ മേഖലയിലുള്ളവര്‍ക്കായും പാപ്പാ ചിന്തകള്‍ കണ്ണിചേര്‍ത്തു:നാം ഓരോരുത്തരും കഠിനാദ്ധ്വാനം ചെയ്തെങ്കില്‍ മാത്രമേ മാനവികതയുടെ സുസ്ഥിതിയും ക്രിയാത്മകവുമായ ഭാവിയും കൈവരിക്കാനാകൂ. സമ്പാദ്യവും മൂലധനവും വ്യക്തിയെക്കാള്‍ വലുതല്ല. അവ പൊതുനന്മയ്ക്ക് ഉതകുന്നതായിരിക്കണം. അനീതിക്കും, നശീകരണത്തിനും പീഡനങ്ങള്‍ക്കും എതിരെയുള്ള നമ്മുടെ പരിചയും ശക്തിയും ദൈവികകാരുണ്യമാണെന്ന് മറന്നുപോകരുത്.അവസാനത്തെ രണ്ടു സന്ദേശങ്ങള്‍ മെക്സിക്കന്‍ ജനതയ്ക്കുള്ളതായിരുന്നു: നിങ്ങള്‍ പ്രത്യാശയോടും സ്നേഹത്തോടും കൂടിയാണ് എന്നെ മെക്സിക്കോയില്‍ സ്വീകരിച്ചത്. നിങ്ങളുടെ ആത്മാര്‍ത്ഥതയില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. മെക്സിക്കോ രാഷ്ട്രത്തിനും ജനതയ്ക്കും നന്ദി! ദൈവം നിങ്ങളെ നയിക്കട്ടെ, ഗ്വാദലൂപേ നാഥാ നിങ്ങളെ തുണയ്ക്കട്ടെ!@pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ ഫ്രാന്‍സിസ് 'ട്വിറ്റ്'ചെയ്യുന്നത്.Source: Vatican Radio