News >> പാലത്തിനു പകരം മതില്‍ തീര്‍ക്കുന്നത് ക്രൈസ്തവ ശൈലിയല്ലെന്നു മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മെക്സിക്കോയില്‍നിന്നുള്ള കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കോ-യുഎസ് അതിര്‍ത്തിയില്‍ മതില്‍ തീര്‍ക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു. 

മെക്സിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങുമ്പോള്‍ വിമാനത്തില്‍ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. പാലങ്ങള്‍ പണിയുന്നതിനു പകരം മതിലുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുമാത്രം എപ്പോഴും ചിന്തിക്കുന്നയാള്‍ ക്രൈസ്തവനല്ലെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം രൂക്ഷമായി പ്രതികരിച്ച ട്രംപ് ഇന്നലെ അല്പംകൂടി മയപ്പെട്ട സ്വരത്തിലാണു സംസാരിച്ചത്. ഒരു വാക്പോരിനു താത്പര്യമില്ലെന്നും മെക്സിക്കന്‍ സര്‍ക്കാരിന്റെ ഭാഷ്യം മാത്രം കേട്ടായിരിക്കാം മാര്‍പാപ്പ പ്രതികരിച്ചതെന്നും ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റിന്റെ കാലത്തു സംഭവിക്കുന്നതുപോലെ ക്രിസ്തുമതം ദുര്‍ബലമാവാനും ആക്രമിക്കപ്പെടാനും താന്‍ പ്രസിഡന്റായാല്‍ സമ്മതിക്കില്ലെന്നും റിപ്പബ്ളിക്കന്‍ ടിക്കറ്റിനു മോഹിക്കുന്ന ട്രംപ് കൂട്ടിച്ചേര്‍ത്തു. 

അഭയാര്‍ഥികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കാന്‍ മാത്രമേ മാര്‍പാപ്പ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും ട്രംപിനെതിരേ വ്യക്തിപരമായ വിമര്‍ശനമല്ലിതെന്നും വത്തിക്കാന്‍ വക്താവ് ഫാ. ലൊംബാര്‍ഡി പറഞ്ഞു.
Source: Deepika