News >> കാരുണ്യകേരള സന്ദേശയാത്ര മധ്യമേഖലയില്‍ 25 മുതല്‍
കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതി നേതൃത്വം നല്‍കുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ മധ്യമേഖലാ പര്യടനം 25 മുതല്‍ 28 വരെ നടക്കും. 25ന് എറണാകുളം കച്ചേരിപ്പടി ഹൌസ് ഓഫ് പ്രൊവിഡന്‍സില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തകസംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹപ്രഭാഷണം നടത്തും. 

നൂറോളം ജീവകാരുണ്യപ്രവര്‍ത്തകരേയും പ്രസ്ഥാനങ്ങളേയും ആദരിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, കെ.ജെ. പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. ഇവര്‍ക്കൊപ്പം ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ടോമി ദിവ്യരക്ഷാലയം, മാര്‍ട്ടിന്‍ ന്യൂനസ്, യുഗേഷ് പുളിക്കന്‍, ഡൊമിനിക് ആശ്വാസാലയം, സാധു ഇട്ടിയവര, മാത്തപ്പന്‍ ലൌ ഹോം, വി.സി. രാജു, ഷാജി പീറ്റര്‍, സിസ്റര്‍ ലിറ്റില്‍ തെരേസ്, സിസ്റര്‍ ചൈതന്യ എന്നിവരടങ്ങുന്ന സമിതിയാണ് കാരുണ്യ കേരള സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 

എറണാകുളം-അങ്കമാലി, വരാപ്പുഴ അതിരൂപതകളിലേയും കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി രൂപതകളിലേയും മുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളില്‍ യാത്രാസംഘമെത്തും. അഗതികളെ സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ യാത്രാ സംഘത്തോടൊപ്പം മൊബൈല്‍ ബാത്ത്, മെഡിക്കല്‍ ടീം എന്നിവയുമുണ്ട്. വൈദികര്‍, സന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരടങ്ങിയ യാത്രാസമിതിയില്‍ 25 സാമൂഹ്യപ്രവര്‍ത്തകരുമുണ്ട്. വൈകുന്നേരങ്ങളില്‍ കാരുണ്യ സംഗമങ്ങളും നടത്തും. 

27നു വൈകുന്നേരം 3.30ന് തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടത്തുന്ന കാരുണ്യസംഗമത്തില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പങ്കെടുക്കും. 28ന് ഇടുക്കി ബിഷപ് ഹൌസില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സംഗമത്തില്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി കാരുണ്യ സ്ഥാപനങ്ങളെ ആദരിക്കും.
Source: Deepika