News >> കാരുണ്യവും പ്രതിജ്ഞാബദ്ധതയും
ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും നന്മയുടെയും ആഴങ്ങളിലേക്കിറങ്ങാന്‍ നമുക്കുള്ള യഥാര്‍ത്ഥ അവസരമാണ് കാരുണ്യത്തിന്‍റെ ജൂബിലിയെന്ന് മാര്‍പ്പാപ്പാ. കരുണയുടെ ജൂബിലിവത്സരത്തോടനുബന്ധിച്ച് ശനിയാഴ്ച (20/02/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രത്യേക പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്. വിവിധരാജ്യാക്കാരായിരുന്ന 50000 ത്തിലേറെപ്പേര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു. യേശുവിനെ കൂടുതലായി അറിയാനും ദൈവപിതാവിന്‍റെ കരുണയെ ആവിഷ്ക്കരിക്കുന്നതായ വിശ്വാസനുസൃതജീവിതം നയിക്കാനും ഈ നോമ്പുകാലത്ത് സഭ നമ്മെ പ്രത്യേകം ക്ഷണിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. കാരുണ്യവും പ്രതിജ്ഞാബദ്ധതയും കൈകോര്‍ത്തു നീങ്ങേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പാപ്പാ പ്രതിജ്ഞാബദ്ധത ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്നും അതില്‍ വിശ്വസ്ഥതയും ദൗത്യനിര്‍വ്വഹണത്തിലുള്ള സൂക്ഷ്മതയും ഒക്കെ അടങ്ങിയിരിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു. ദൈവത്തിനും ഈ പ്രതിജ്ഞാബദ്ധതയുണ്ടെന്നും നമ്മോടുള്ള ഈ പ്രതിജ്ഞാബദ്ധത ആദ്യം പ്രകടമായത് ലോകസൃഷ്ടിയലൂടെയാണെന്നും പാപ്പാ പറഞ്ഞു. ഈ ലോകത്തെ നശിപ്പിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടായിട്ടും ദൈവം അതിനെ ഓജസുറ്റതാക്കി നിര്‍ത്താന്‍ പരിശ്രമിക്കുന്നുവെന്നും അവിടത്തേക്ക് നമ്മുടെ കാര്യത്തിലുള്ള ഈ കരുതലില്‍ പ്രധാനം യേശുവിനെ നമുക്കായി നല്കിയതാണെന്നും പാപ്പാ വ്യക്തമാക്കി. യേശുവില്‍ ദൈവം ദരിദ്രര്‍ക്കും ഔന്നത്യഹീനര്‍ക്കും പരദേശികള്‍ക്കും രോഗികള്‍ക്കും കാരാഗൃഹവാസികള്‍ക്കും പ്രത്യാശ വീണ്ടെടുത്തു നല്കാന്‍ ശ്രമിച്ചുവെന്ന് പാപ്പാ പറഞ്ഞു. യേശു ദൈവപിതാവിന്‍റെ കരുണയുടെ ജീവിക്കുന്ന ആവിഷ്ക്കാരമായിരുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന് നമ്മോടുള്ള കരുതല്‍ യേശു വെളിപ്പെടുത്തിയ കരുണാര്‍ദ്രസ്നേഹത്തോടു നമ്മളും പ്രതിജ്ഞാബദ്ധതയോടുകൂടി പ്രത്യുത്തരിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. പരിത്യക്തരെയും, സാരമായ അംഗവൈകല്യമുള്ളവരെയും ഗുരുതരമായ രോഗാവസ്ഥയിലായിരിക്കുന്നവരെയും മരണാസന്നരെയുമൊക്കെ നാം ശുശ്രൂഷിക്കുമ്പോള്‍ നമ്മള്‍ ദൈവത്തിന്‍റെ കാരുണ്യമാണ് അവരിലേത്തിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. വിശുദ്ധ പത്രോസിന്‍റെ സിംഹാനസനത്തിന്‍റെ തിരുന്നാള്‍ ദിനമായ തിങ്കളാഴ്ച (22/02/16) റോമന്‍ കൂരിയയ്ക്ക് കരുണയുടെ ജബിലിയാഘോഷദിനമായിരിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു.Source: Vatican Radio