News >> ഹൃദയപരിവര്‍ത്തനം പ്രകൃതിസംരക്ഷണത്തിന് അവശ്യ വ്യവസ്ഥ


നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കണമെങ്കില്‍ നാം ഹൃദയപരിവര്‍ത്തനത്തിന് വിധേയരാകുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യേണ്ടത് അനിവാര്യമെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍.

     അമേരിക്കന്‍ ഐക്യനാടുകളിലെ മിയാമിയില്‍, സെന്‍റ് തോമാസ് സര്‍വ്വകലാശാലയില്‍ കാലവസ്ഥയെയും പ്രകൃതിയെയും സമൂഹത്തെയും അധികരിച്ചു നടന്ന ഒരന്തര്‍ദ്ദേശീയ സമ്മേളനത്തെ വെള്ളിയാഴ്ച (19/02/16) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

     പാപത്തില്‍ നിന്നുള്ള പിന്തിരിയലിന്, മാനസാന്തരത്തിന് മാത്രമെ, പിളര്‍പ്പ്   കടന്നുകൂടിയട്ടുള്ളിടങ്ങളിലെല്ലാം അഗാധവും സ്ഥായിയുമായ അനുരഞ്ജനം സാധ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ച  കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഇതിന്‍റെ ആദ്യപടിയെന്നോണം സ്വന്തം പാപങ്ങള്‍ തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും മാറ്റത്തിനായി ആഗ്രഹിക്കുകയും ചെയ്യണമെന്ന് കൂട്ടിച്ചേര്‍ത്തു.

     നമ്മുടെ ഗ്രഹത്തിന്‍റെ ഭാവി എപ്രകാരം രൂപപ്പെടുത്തുമെന്നതിനെക്കുറിച്ച് തുറന്ന സംഭാഷണത്തിലേര്‍പ്പെടാന്‍ ഫ്രാന്‍സീസ് പാപ്പാ ക്രൈസ്തവരും അക്രൈസ്തവരുമായ സകലരെയും ക്ഷണിക്കുന്നതും അദ്ദേഹം അനുസ്മരിച്ചു. 

Source: Vatican Radio