News >> ജോസഫ് വിതയത്തിലച്ചന്‍ ധന്യ പദവിയില്‍; നന്ദിയര്‍പ്പിച്ച് ആയിരങ്ങള്‍
കുഴിക്കാട്ടുശേരി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ആത്മീയനിയന്താവും ഇടവക വൈദികനുമായ ജോസഫ് വിതയത്തിലച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ നന്ദിസൂചകമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ സഹകാര്‍മികനായിരുന്നു. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദിവ്യബലിയിലും മറ്റു പരിപാടികളിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
ദിവ്യബലിക്കുമുമ്പായി ബിഷപ്പുമാരും സഹകാര്‍മികരും ഭക്തജനങ്ങളും ധന്യന്‍ വിതയത്തിലച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു പ്രദക്ഷിണമായി ബലിവേദിയിലെത്തി. ബിഷപ്പുമാര്‍, ഹോളിഫാമിലി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ, ഈസ്റ് പുത്തന്‍ചിറ വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, വിതയത്തില്‍ കുടുംബാംഗമായ റോസിലി വിതയത്തില്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
വികാരി ജനറാള്‍മാര്‍, ചാന്‍സലര്‍, വിതയത്തിലച്ചന്റെ നാമകരണത്തോടനുബന്ധിച്ചു രൂപം നല്കിയിട്ടുള്ള ചരിത്ര കമ്മീഷന്‍ അംഗങ്ങള്‍, തിയോളജിക്കല്‍ സെന്‍സേഴ്സ്, ട്രൈബ്യൂണല്‍ അംഗങ്ങള്‍, പ്രമോട്ടര്‍, ഫൊറോന വികാരി തുടങ്ങി ഒട്ടേറെ വൈദികരും സമൂഹബലിയില്‍ സഹകാര്‍മികരായിരുന്നു. 2015 ഡിസംബര്‍ 14 നു ഫ്രാന്‍സിസ് മാര്‍പാപ്പ ജോസഫ് വിതയത്തിലച്ചനെ ധന്യനായി ഉയര്‍ത്തിക്കൊണ്ട് പുറപ്പെടുവിച്ച ഡിക്രി മാര്‍ പോളി കണ്ണൂക്കാടന്‍ വായിച്ചു.
വിശുദ്ധര്‍ സ്വര്‍ഗത്തിന് ആനന്ദവും ഭൂമിക്ക് അനുഗ്രഹവും തിരുസഭയ്ക്ക് അഭിമാനവുമാണെന്നു പ്രസംഗമധ്യേ മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു. ദിവ്യകാരുണ്യത്തിന്റെ ഉപാസകനും ജീവകാരുണ്യത്തിന്റെ കര്‍മയോഗിയുമാണ് ധന്യനായ വിതയത്തിലച്ചനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവ്യബലിക്കുശേഷം ധന്യനായ വിതയത്തിലച്ചനെ സംബന്ധിക്കുന്ന വിവിധ പുസ്തകങ്ങള്‍, ഓഡിയോ സിഡി എന്നിവയുടെ പ്രകാശനം മാര്‍ ജയിംസ് പഴയാറ്റില്‍ നിര്‍വഹിച്ചു. ഹോളിഫാമിലി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സ്വാഗതവും വികാര്‍ ജനറല്‍ സിസ്റര്‍ പുഷ്പ നന്ദിയും പറഞ്ഞു.
Source: Deepika