News >> പാര്‍ട്ടി പ്രമേയത്തെ കാനം ഒറ്റുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വന്തം പാര്‍ട്ടിയുടെ പ്രമേയത്തെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നുവെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്. സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ ഒന്ന് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം എന്നതായിരുന്നു. കാനം രാജേന്ദ്രന്‍ ചീഫ് എഡിറ്ററായ പാര്‍ട്ടി മുഖപത്രത്തില്‍ 2015 ഏപ്രില്‍ 19 നു പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയങ്ങള്‍ എന്ന പേരില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്.
ഈ വാര്‍ത്ത തെറ്റായിരുന്നുവെങ്കില്‍ അത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നാടകമായി കരുതേണ്ടിവരുമെന്നും റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിന് അനുകൂലമായ പ്രമേയം സിപിഐ പാസാക്കിയിട്ടില്ലെങ്കില്‍ ഈ വാര്‍ത്തയുടെ അടിസ്ഥാനമെന്തെന്നു കാനം വ്യക്തമാക്കണം. ഇത് പാര്‍ട്ടിയുടെ പ്രമേയമാണെങ്കില്‍ അതിനെ ആര്‍ക്കുവേണ്ടി ഒറ്റുകൊടുക്കാനും തള്ളിപ്പറയാനുമാണ് കാനം ശ്രമിക്കുന്നതെന്നും കേരളീയ സമൂഹത്തോടു പറയേണ്ടതുണ്ട്.
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം മൂലം കേരളത്തില്‍ മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബെവ്കോയാണ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കേരളത്തില്‍ വില്‍ക്കപ്പെടുന്ന മദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ മദ്യോപയോഗം അളക്കുന്ന ഒരു പഠനവും ഒരു സര്‍ക്കാര്‍ ഏജന്‍സിയും നടത്തിയിട്ടില്ല. ആകെയുള്ളത് മദ്യവില്പനയുടെ കണക്കാണ്. ഈ കണക്ക് പ്രകാരം കേരളത്തില്‍ വീര്യം കൂടിയ മദ്യത്തിന്റെ വില്പന 5,37,24,258 ലിറ്റര്‍ കുറഞ്ഞു. എന്നാല്‍ വ്യാപകമായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറന്നതിന്റെ ഫലമായി ബിയര്‍ (5,42,71,620 ലിറ്റര്‍)), വൈന്‍ (16,53,480 ലിറ്റര്‍) വില്പന കൂടുകയും ചെയ്തു. മദ്യശാലകളുടെ എണ്ണം കുറഞ്ഞപ്പോള്‍ വില്പന കുറഞ്ഞു. എണ്ണം കൂടിയപ്പോള്‍ വില്പന കൂടി. മൊത്തത്തില്‍ 21 ശതമാനം മദ്യത്തിന്റെ ഉപയോഗം കേരളത്തില്‍ കുറഞ്ഞുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മദ്യവില്പന കുറഞ്ഞു എന്ന കണക്കുകള്‍ മറച്ചു വച്ചുകൊണ്ട്, വില്പന കൂടിയ കണക്കുകള്‍ മാത്രം പറയുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. സംസ്ഥാനത്തു മദ്യോപയോഗം കുറഞ്ഞുവെന്ന കേരള ഗവര്‍ണറുടെ പ്രസ്താവന അസത്യമെന്നാണോ എന്നും കാനം വ്യക്തമാക്കണം.മദ്യ ഉപയോഗംകൊണ്ട് സാധാരണ ജനത്തിന് എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്േടായെന്ന് മദ്യനയത്തെ എതിര്‍ക്കുന്നവര്‍ വിശദമാക്കണം.
കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറയുന്ന അവസ്ഥ ഉണ്ടാകണം; അതുവഴി പൊതുസമൂഹത്തില്‍ നന്മയുണ്ടാകും. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ അവസ്ഥ ഇന്നു കേരളത്തില്‍ നിലവിലില്ല. ഏതാനും ചില നിയന്ത്രണങ്ങള്‍ മാത്രമാണു യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ആ നിയന്ത്രണങ്ങള്‍ പോലും ആവശ്യമില്ല എന്ന് ഇടതുപക്ഷം കരുതുന്നുണ്േടാ എന്നു വ്യക്തമാക്കണം. അത്തരത്തലുള്ള ചോദ്യങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതാണ് രഹസ്യ അജണ്ട. ക്രൈസ്തവസമൂഹത്തിനു മദ്യത്തെ സംബന്ധിച്ചുള്ളത് പരസ്യമായ അജണ്ടയാണ്. കേരളത്തില്‍ മദ്യലഭ്യത കുറയണം, ഉപയോഗം കുറയണം. അതുമൂലമുള്ള ദുരന്തവും സാമൂഹ്യ തിന്മകളും ഇല്ലാതാകണം. ഈ ലക്ഷ്യം നിറവേറ്റാന്‍ സഹായിക്കുന്ന ഏതു നയത്തെയും കെസിബിസി മദ്യവിരുദ്ധസമിതി പിന്തുണയ്ക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച ആവശ്യകത ലഘൂകരണം, ലഭ്യത ലഘൂകരണം, അപകടസ്ഥിതി ലഘൂകരണം എന്നിവയിലൂടെയാണ് ഈ ലക്ഷ്യത്തിനായി സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും റവ.ഡോ. വള്ളിക്കാട്ട് പറഞ്ഞു.രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും അവരുടെ മദ്യനയം വ്യക്തമാക്കി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ 27 ന് ഉച്ചയ്ക്ക് രണ്ടിനു പാലാരിവട്ടം പിഒസിയില്‍ മദ്യവിരുദ്ധ മഹാസംഗമം സംഘടിപ്പിക്കും. ഭാവി നിലപാടകളും തുടര്‍പരിപാടികളും സമ്മേളനം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെസിബിസി മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, പ്രോഗ്രാം സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ പറഞ്ഞു.
Source: Deepika