News >> ജൂബിലിചിഹ്നത്തിന്‍റെ കലാദര്‍പ്പണം
'പിതാവിനെപ്പോലെ കരുണയുള്ളവരാകുവിന്‍...' എന്ന സുവിശേഷചിന്തയും (ലൂക്ക 6, 36) കരുണാദ്രനായ ക്രിസ്തുവിന്‍റെ ഭാവചിത്രവും സങ്കലനം ചെയ്തതാണ് ഇന്ന് ലോകത്ത് എവിടെയും തെളിഞ്ഞു നില്ക്കുന്ന അത്യപൂര്‍വ്വമായ കാരുണ്യത്തിന്‍റെ ജൂബിലിചിഹ്നം. നല്ല ഇടയനാണ് ചിഹ്നത്തിന് അടിസ്ഥാനമെങ്കിലും നല്ലിടയനും നല്ല 'സമരിയക്കാര'നുമായ ക്രിസ്തു തോളിളേറ്റി നില്ക്കുന്നത് മുറിപ്പെട്ട മനുഷ്യനെയും വഴിതെറ്റിപ്പോയ മകനെയുമാണ്.ക്രിസ്തുവിന്‍റെ കണ്ണ് മുറിപ്പെട്ട മനുഷ്യന്‍റെ കണ്ണോടു ചേര്‍ന്ന് ത്രിത്വഭാവമണിയുന്നുണ്ട്. അങ്ങനെ ദൈവപിതാവിന്‍റെ അനന്തമായ കരുണയുടെ മൂര്‍ത്തരൂപം ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്നത് ചിഹ്നം വരച്ചുകാട്ടുന്നു. ഒപ്പം മനുഷ്യാവതാരത്തില്‍ തെളിഞ്ഞ ക്രിസ്തുവിന്‍റെ രക്ഷണീയ രഹസ്യവും ചിത്രപ്പെടുത്തുന്നു. ക്രിസ്തുവിലെ പുതിയ ആദത്തെയും ചിഹ്നം ഓര്‍പ്പിക്കുന്നുണ്ട്. അങ്ങനെയാണല്ലോ ലോകത്തിന് പിതൃസ്നേഹം ദൃശ്യമായത്. ത്രിത്വത്തിലെ സമ്പൂണ്ണസ്നേഹവും ഐക്യവും അങ്ങനെ ചിഹ്നം ഉള്‍ക്കൊള്ളുന്നുണ്ട്.ചിഹ്നത്തില്‍ പ്രകടമാകുന്ന അത്യപുര്‍വ്വമായ ചലനാത്മകത ക്രിസ്തുവിന്‍റെ കാരുണ്യത്തിലൂടെ ലഭ്യമാകുന്ന നവജീവന്‍റെ ബലതന്ത്രമാണ്. ചരിത്രസത്യമായ പരിത്രാണകര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണം അനുസ്മരിപ്പിക്കുവാന്‍ ക്രിസ്തുവിന്‍റെ കുരിശും പഞ്ചക്ഷതങ്ങളും ചിത്രകാരന്‍ ചിഹ്നത്തില്‍ കോറിയിട്ടിട്ടുണ്ട്. ചിഹ്നത്തിന്‍റെ അണ്ഡാകൃതി അല്ലെങ്കില്‍ ബദാംവിത്തിന്‍റെ ആകാരം മദ്ധ്യകാലഘട്ടത്തിലെ വര്‍ണ്ണന ചിത്രങ്ങളിലേതുപോലെ (Iconography) ക്രിസ്തുവിന്‍റെ മാനുഷികതയും ദൈവികതയും സൂചിപ്പിക്കുന്നു. ഇരുണ്ട കേന്ദ്രപ്രതലത്തില്‍നിന്നും വിരിഞ്ഞുവരുന്ന ഇളം നിറക്കൂട്ടിന്‍റെ പ്രകാശം ക്രിസ്തുവിലുള്ള വിമോചനത്തിന്‍റെയും കുരിശിലൂടെ നേടുന്ന ആത്മീയ സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമാണ്.പതിവു ശൈലിയില്‍നിന്നും വേറിട്ടുനില്ക്കുന്ന ജൂബിലിചിഹ്നം വിമര്‍ശിക്കപ്പെടുകയുണ്ടായി. എന്നാല്‍ മത്സരത്തിലൂടെയല്ലാതെ വത്തിക്കാന്‍റെ ജൂബിലിക്കുള്ള കൗണ്‍സിലും പാപ്പാ ഫ്രാന്‍സിസും അംഗീകരിച്ച ഈ സവിശേഷചിഹ്നം ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമായ മുഖഭാവം വെളിപ്പെടുത്തുന്നുവെന്നതില്‍ സംശയമില്ല.മാര്‍ക്ക് രൂപിനിക്ക് എന്ന ചിത്രകാരനും ചിന്തകനുമായ ഇശോസഭാ വൈദികനാണ് ചിഹ്നം രൂപകല്പനചെയ്തത്. ഈ അറുപതുകാരന്‍ സ്ലൊവേനിയ സ്വദേശിയാണ്. ജന്മസിദ്ധമായ കഴിവുകളും ആത്മീയതയും പരിശ്രമവും കൂട്ടിയിണക്കിയാണ് അദ്ദേഹം തനിമയാര്‍ന്ന ചിത്ര രചനാശൈലി വളര്‍ത്തിയെടുത്തത്. കലാസംഭാവനകളെല്ലാം ക്രൈസ്തവ ലോകത്താണ്. റോമിലുള്ള സ്വന്തമായ സ്റ്റുഡിയോയില്‍ സഹപ്രവര്‍ത്തരോടും വിദ്യാര്‍ത്ഥികളോടുമൊപ്പം രൂപിനിക്ക് കലാസൃഷ്ടിയില്‍ ഇന്നും സജീവമാണ്. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം മിസിയോളജി വിഭാഗം പ്രഫസറുമാണ്.പുരാതനമായ മൊസൈക്ക് ചിത്രീകരണ രീതിക്ക് ആധുനികതയുടെ വര്‍ണ്ണപ്പൊലിമയും രൂപഭംഗിയും നല്കിക്കൊണ്ടാണ് രൂപിനിക്ക് ക്രൈസ്തവ കലാലോകത്ത് വ്യക്തിമുദ്രപതിപ്പിച്ചത്. വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ കപ്പേള മുതല്‍ റോമിന്‍റെയും യൂറോപ്പിന്‍റെയും വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളുടെ അള്‍ത്താരകളിലും രൂപിനിക്കിന്‍റെ സ്പര്‍ശമുണ്ട്. വര്‍ണ്ണപ്പകിട്ടും ചലാത്മകതയുമുള്ള മൊസൈക്ക് ചിത്രസംയോജനശൈലി രൂപിനിക്കിന്‍റെ അത്യപൂര്‍വ്വമായ തനിമതന്നെ! അഭിനന്ദനങ്ങള്‍!!Source: Vatican Radio