News >> സുവിശേഷത്തിന്‍റെ തദ്ദേശവത്ക്കരണ പ്രക്രിയ പ്രചോദനാത്മകം : ഫാദര്‍ ലൊമ്പാര്‍ഡി


സുവിശേഷസന്ദേശത്തിന്‍റെ തദ്ദേശവത്ക്കരണം വത്തിക്കാന്‍ റേഡിയോയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് സേവനകാലത്ത് തന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്ന്, വിരമിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി ഫെബ്രുവരി 24-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

കേന്ദ്രസ്ഥാനമായ വത്തിക്കാനില്‍നിന്നും സഭയുടെ പ്രബോധനങ്ങളും, പാപ്പായുടെ ചിന്തകളും ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കുമായി 43 ഭാഷകളില്‍ കണ്ണുചേര്‍ക്കപ്പെടുന്നതാണ് ചാരിതാര്‍ത്ഥ്യജനകവും, തന്നെ പ്രചോദിപ്പിച്ചിട്ടുള്ളതുമായ സംഭവമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പങ്കുവച്ചു.

പാപ്പാ പറയുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ സഭാ പ്രബോധനങ്ങള്‍ ലഭ്യമായ സാങ്കേതികതയുടെ മികവോടൊപ്പം സമര്‍പ്പിതരായ മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹായത്തോടെ വിവിധ രാജ്യങ്ങള്‍ക്കും ഭാഷകള്‍ക്കും സംസ്ക്കാരങ്ങള്‍ക്കുമായി അനുനിമിഷവും അനുദിനവും പങ്കുവയ്ക്കുന്ന പ്രക്രിയ സഭയുടെ സുവിശേഷവ്തക്കരണ സ്വാഭാവവും, ഒപ്പം അതിന്‍റെ തദ്ദേവത്കൃതമായ സാര്‍വ്വത്രികതയും വെളിപ്പുടുത്തുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

ഇന്ന് വത്തിക്കാന്‍ റോഡിയോ എന്ന സംജ്ഞയ്ക്ക് അര്‍ത്ഥവ്യാപ്തിയുണ്ടെന്നും, ശ്രാവ്യമാധ്യമം എന്നതിനേക്കാള്‍, അത് ബഹുമുഖ ഡിജിറ്റല്‍ സാമൂഹ്യ മാധ്യമ ശൃംഖലയായി വളര്‍ന്നുകഴിഞ്ഞുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്താവിച്ചു.

വത്തിക്കാന്‍ റേഡിയോയുടെ ഈശോ സഭാംഗമായ അവസാനത്തെ ഡയറക്ടര്‍ ജനറലായി താന്‍ വിരമിക്കുമ്പോഴും ആഗോളസഭയുടെ പ്രേഷിതദൗത്യത്തില്‍ ഇനിയും തുടരുമെന്നും, സഭാതലവാനായ പാപ്പായുടെയും സഭാധികാരികളുടെയും താല്പര്യങ്ങളും ദൗത്യങ്ങളും മാനിച്ചുകൊണ്ട് നവീകരണ പദ്ധതികളോട് സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഏറെ സംതൃപതിയോടും സന്തോഷത്തോടുംകൂടെ ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്‍റെ നീണ്ട സേവനകാലത്ത് വത്തിക്കാന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളിലും മറ്റു ഭരണസംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ നല്കിയ സഹകരണത്തിനും സാഹോദര്യത്തിനും നന്ദിപറഞ്ഞുകൊണ്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖം ഉപസംഹരിച്ചത്.

Source: Vatican Radio