News >> വത്തിക്കാന്‍ റേഡിയോ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ലൊമ്പാര്‍ഡി വിരമിക്കുന്നു
ഇരുപത്തിയഞ്ചു വര്‍ഷക്കാലം, 1990-മുതല്‍ 2015-വരെ വത്തിക്കാന്‍ റേഡിയോയുടെ ചുക്കാന്‍പിടിച്ച ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി ഫെബ്രുവരി 29-ാം തിയതി വിരമിക്കും.വത്തിക്കാന്‍ മാധ്യമങ്ങളുടെ സെക്രട്ടേറിയേറ്റിന്‍റെ (Secretariate for Vatican's media) പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയാണ് ഇക്കാര്യം ഫെബ്രുവരി 22-ാം തിയതി തിങ്കളാഴ്ച റോമില്‍ പ്രസ്താവനയിലൂടെ പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവി അല്ലെങ്കില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് എന്ന നിലയില്‍ 74-കാരനായ ഫാദര്‍ ലൊമ്പാര്‍ഡി സേവനം തുടരുമെന്നും മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി.വത്തിക്കാന്‍ മാധ്യമങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ച പുതിയ സെക്രട്ടേറിയേറ്റും അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും കണക്കിലെടുത്തുകൊണ്ടാണ് സഭയുടെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍ മാധ്യമ കാര്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജക്കോമോ ജിസാനി വത്തിക്കാന്‍ റേഡിയോയുടെ ഭരണകാര്യങ്ങള്‍ ഇനി കൈകാര്യംചെയ്യുമെന്നും പ്രസ്താവന വെളിപ്പെടുത്തി. വത്തിക്കാന്‍ മാധ്യമങ്ങളുടെ വിദേശകാര്യങ്ങളുടെ ഉത്തതവാദിത്ത്വം വഹിക്കവെയാണ് അഭിഭാഷകനായ ജാക്കമോ ജിസാനി റേഡിയോയുടെ ഭരണകാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.ഈശോസഭയുടെ ഇറ്റാലിയന്‍ മേഖലയുടെ പ്രവിന്‍ഷ്യല്‍, 'ചിവില്‍ത്ത കത്തോലിക്കാ' മാസികയുടെ പത്രാധിപര്‍ എന്നീ തസ്തികകളില്‍ സേവനംചെയ്തിട്ടുള്ള ഫാദര്‍ ലൊമ്പാര്‍ഡി വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് സ്വദേശിയാണ്. 1990-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടറായും, പിന്നീട് 2005-ല്‍ ജനറല്‍ ഡയറക്ടറുമായി നിയമിതനായി. 2001-ല്‍ വത്തിക്കാന്‍ ടെലിവിഷന്‍റെ ഉത്തരവാദിത്വം ഫാദര്‍ ലൊമ്പാര്‍ഡി ഏറ്റെടുത്തു. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിന്‍റെ മേധാവിയായും 2006-ല്‍ അദ്ദേഹം സ്ഥാനമേറ്റു. അങ്ങനെ അച്ചടി-പ്രസിദ്ധീകരണ വിഭാഗം ഒഴികെയുള്ള വത്തിക്കാന്‍ മാധ്യമങ്ങളുടെ സേവനം സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ച ഫാദര്‍ ലൊമ്പാര്‍ഡി തന്‍റെ സമര്‍പ്പണം വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മാത്രമായി തല്‍ക്കാലം ചുരുക്കുകയാണ്.വത്തിക്കാന്‍ റോഡിയോയുടെ അഡിമിനിസ്ട്രേറ്റീവ് ഓഫീസറും, പേപ്പല്‍ വിദേശയാത്രകളുടെ സംവിധായകനുമായ ആല്‍ബര്‍ത്തോ ഗസ്ബാരിയും വിരമിക്കുന്ന വാര്‍ത്ത മോണ്‍സീഞ്ഞോര്‍ വിഗനോ വെളിപ്പെടുത്തി. റോമാക്കാരനായ അല്‍ബേര്‍ത്തോ ഗസ്ബാരി യുവാവായിരിക്കെ വത്തിക്കാന്‍റെ സേവനരംഗത്ത് എത്തിയതാണ്. 67-മത്തെ വയസ്സില്‍ റേഡിയോയുടെ അഡിമിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലാണ് ഗസ്ബാരി വിരമിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വത്തിക്കാന്‍ റേഡിയോയുടെ ഭരണകാര്യങ്ങള്‍ക്കൊപ്പം ഏറെ സൂക്ഷ്മതയും സമര്‍പ്പണവും ആവശ്യമുള്ളതും, ഒപ്പം ശ്രമകരവുമായ അന്തദേശിയ പേപ്പല്‍ യാത്രകളുടെ സംവിധായകനായും ഗസ്ബാരി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു. പാപ്പായുടെ റേഡിയോയിലെ ദീര്‍ഘകാല സേവനത്തില്‍നിന്നും വിരമിക്കുന്ന ഇറ്റാലിയന്‍ സ്വദേശികളായ ഫാദര്‍ ലൊമ്പാര്‍ഡി, ആല്‍ബേര്‍ത്തോ ഗസ്ബാരി എന്നിവരോടുള്ള നന്ദിസൂചകമായി വത്തിക്കാന്‍റെ 'വിയ കൊണ്‍ചീലിയാസിയോനെ'യിലുള്ള ട്രാന്‍സ്പൊന്തീനായിലെ കര്‍മ്മലനാഥയുടെ ദേവാലയത്തില്‍ ഫെബ്രുവരി 29-ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് കൃതജ്ഞതാബലിയര്‍പ്പിക്കപ്പെടും. തുടര്‍ന്ന് വത്തിക്കാന്‍ റോഡിയോ ഹാളില്‍ യാത്രയയപ്പു സമ്മേളനവും നടക്കുമെന്ന്, പ്രോഗ്രാം ഡയറക്ടര്‍ ഫാദര്‍ അന്ത്രയാ മയോസ്ക്കി അറിയിച്ചു.Source: Vatican Radio