News >> ചാരത്തുള്ള പാവപ്പെട്ടവനെ തിരിച്ചറിയുക - പാപ്പാ


ചാരത്തുള്ള പാവപ്പെട്ടവനെ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ വിശ്വാസമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

     വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, അതായത്, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള, കപ്പേളയില്‍ വ്യാഴാഴ്ച(25/02/16)  താന്‍ അര്‍പ്പിച്ച പ്രഭാതദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     വിരുന്നുകളുടെയും വിലയേറിയ വസ്ത്രങ്ങളുടെയും പൊങ്ങച്ചത്തിന്‍റെയുമൊക്കെയായ ഒരു ലോകത്തില്‍ ജീവിതം നയിച്ചിരുന്ന ധാനവാന്‍റെയും അവന്‍റെ   വീട്ടുപടിക്കല്‍ ഒട്ടിയവയറുമായി വ്രണിതഗാത്രവുമായി കിടന്ന്, ധനവാന്‍റെ  ഭക്ഷണമേശയില്‍ നിന്ന് വീണു കിട്ടുന്നവകൊണ്ട് വിശപ്പടക്കിയിരുന്ന ദരിദ്രനായ ലാസറിന്‍റെയും ഉപമയായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ സമീക്ഷണത്തിനവലംബം.

     കല്പനകള്‍ അറിയാവുന്നവനും സാബത്താചരണത്തിന് സിനഗോഗില്‍ മുടങ്ങാതെ പോയിരുന്നവനുമായിരുന്ന ഈ സമ്പന്നന്‍ ഒരുതരം മതാത്മകത ജീവിച്ചിരുന്നുവെങ്കിലും അവന്‍റെ ചെറിയലോകത്തില്‍ സ്വയം അടച്ചിട്ടവനായിരുന്നുവെന്നും അവന്‍റെ  
ആ ലോകത്തിനപ്പുറത്തുള്ളവയിലേക്ക് നോക്കാനുള്ള കഴിവ്   അവനില്ലായിരുന്നുവെന്നും, അതായത്  സ്വഭവനത്തിന്‍റെ വാതിലിനടുത്തള്ളതായ ആ അതിരുപോലും അവനറിയില്ലായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

     സ്വന്തം ലോകത്തില്‍ അടച്ചിട്ട ആ സമ്പന്നന്‍ അപരന്‍റെ ആവശ്യങ്ങളറിയാന്‍, രോഗികള്‍ക്ക് തുണ ആവശ്യമാണെന്നറിയാന്‍ ശ്രമിച്ചില്ലയെന്നും  സമ്പത്തും സ്വന്തം സുഖജീവിതവും മാത്രമായിരുന്നു അവന്‍റെ ചിന്തയെന്നും അങ്ങനെ അവന്‍ കാപട്യത്തിന്‍റെ വിഴിയിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

     കാരുണ്യത്തിനു കടന്നുവരുന്നതിനായി  സമ്പന്നന്‍ ഹൃദയം തുറന്നിടുന്നതിനു വേണ്ടി വാതിലില്‍ മുട്ടിയത് ആ വീട്ടുവാതില്‍ക്കല്‍ കിടന്നിരുന്ന ദരിദ്രനായ ലാസ്സറിലൂടെ കര്‍ത്താവായിരുന്നുവെന്നും എന്നാല്‍ സ്വയം അടച്ചിട്ടിരുന്ന ആ സമ്പന്നന് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലയെന്നും പാപ്പാ പറഞ്ഞു.

     സുവിശേഷത്തില്‍ ഈ മനുഷ്യന് പേരില്ല, സമ്പന്നന്‍ എന്ന വിശേഷണം മാത്രമാണുള്ളത്. ഒരുവന് പേരില്ലാതെ വിശേഷണം മാത്രമാണുള്ളതെങ്കില്‍ അവന്‍ സത്ത നഷ്ടപ്പെട്ടവനാണ്, ബലഹീനനാണ്- പാപ്പാ പറഞ്ഞു.

     പദവികളുടെ പിന്നാലെ പായുന്നവര്‍, അത് വൈദികാരായാലും മെത്രാന്മാരായാലും ശരി, അവര്‍ സത്ത നഷ്ടപ്പെട്ടവരാണെന്ന് പാപ്പാ വശദീകരിച്ചു.

     ആകയാല്‍ ആ സമ്പന്നനെപ്പോലെ കാപട്യത്തിന്‍റെ വഴിയിലാണോ സഞ്ചരിക്കുന്നതെന്ന് ആത്മശോധന ചെയ്യാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

Source: Vatican Radio