News >> പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമന്‍ വത്തിക്കാനിലെത്തും
എത്യോപ്യയിലെ തെവഹേദൊ ഓര്‍ത്തൊഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമന്‍ പാപ്പായെ സന്ദര്‍ശിക്കും. ഈ വരുന്ന ഇരുപത്തയൊമ്പതാം തിയതി തിങ്കളാഴ്ച (29/02/16) ആയിരിക്കും ഫ്രാന്‍സീസ് പാപ്പായും പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമനും തമ്മില്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടക്കുക. വിശുദ്ധ പത്രോസിന്‍റെ കബറിടവും, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയും പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമന്‍ സന്ദര്‍ശിക്കും. 2013 ഫെബ്രുവരി 28 നാണ് അദ്ദേഹം തെവഹേദൊ ഓര്‍ത്തൊഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ കുടുംബത്തില്‍പ്പെട്ട ഈ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ 3 കോടി 50 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഈ സഭയുടെ മുന്‍ പാത്രിയാര്‍ക്കീസ് അബുന പൗലോസ് 1993 ല്‍ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ പാപ്പായുമായും 2009 ല്‍ ബെനഢിക്ട് പതിനാറാമന്‍ പാപ്പായുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കത്തോലിക്കാസഭയുമായി വളരെ നല്ല ബന്ധമാണ് തെവഹേദൊ ഓര്‍ത്തൊഡോക്സ് സഭ പുലര്‍ത്തുന്നത്.Source: Vatican Radio