News >> പ്രിയ പാപ്പാ ഫ്രാന്‍സിസ് കുട്ടികള്‍ക്കുള്ള പാപ്പായുടെ പുസ്തകം
കുട്ടികള്‍ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പുസ്തകം, 'പ്രിയ പാപ്പാ ഫ്രാന്‍സിസ്' ( Dear Pope Francis) പുറത്തിറങ്ങി.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ഉത്തരങ്ങളാണ് 'പ്രിയ പാപ്പാ ഫ്രാന്‍സിസ്' എന്ന ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.26 രാജ്യങ്ങളില്‍നിന്നുള്ള 6-നും 13-നും ഇടയ്ക്ക് വയസ്സു പ്രായമുള്ള കുട്ടികളുടെ 14 വ്യത്യസ്ത ഭാഷകളിലുള്ള ചോദ്യങ്ങളാണ് ലഭിച്ചത്. പാപ്പാ ഫ്രാന്‍സിസ് അവയ്ക്ക് നല്കിയ മാനുഷികവും ആത്മീയവുമായ മൂല്യപ്രസക്തിയുള്ള ഉത്തരങ്ങളാണ് പുസ്തകമായി രൂപമെടുത്തത്. ഈശോസഭാംഗവും അമേരിക്ക സ്വദേശിയുമായ ഫാദര്‍ പോള്‍ ക്യംബെലാണ് പുസ്തകത്തിന്‍റെ സൂത്രധാരനും പത്രാധിപരും. 259 കുട്ടികളില്‍നിന്നും ആഗോളതലത്തില്‍ ശേഖരിച്ച ചോദ്യങ്ങള്‍ 30 എണ്ണമായി ക്രോഡീകരിച്ചുകൊണ്ടാണ് പുസ്തകത്തിന്‍റെ നിര്‍മ്മിതി ഇംഗ്ലിഷില്‍ പൂര്‍ത്തികരിച്ചതെന്ന് ഫാദര്‍ ക്യാംബെല്‍ വിശദീകരിച്ചു.ഈശോ സഭാംഗങ്ങളുടെ അമേരിക്കയിലെ പ്രസിദ്ധീകരണ ശാല, ലൊയോള പ്രസ്സാണ്
(Loyola Press Chicago) ഗ്രന്ഥത്തിന്‍റെ പ്രസാധകര്‍. ഫെബ്രുവരി 22-ാം തിയതി തിങ്കളാഴ്ച കുട്ടികളുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസാധകര്‍ക്കുവേണ്ടി, ഫാദര്‍ പോള്‍ ക്യാംബെല്‍ പുസ്തകത്തിന്‍റെ ആദ്യപ്രതി പാപ്പായ്ക്ക് സമ്മാനിച്ചു. പ്രകാശനവേളയില്‍ 12 രാജ്യങ്ങളില്‍നിന്നും സന്നിഹിതരായിരുന്ന 14 കുട്ടുകളുടെ ചോദ്യോത്തരങ്ങള്‍ക്ക് പാപ്പാ വീണ്ടും ഉത്തരംപറയുകയും അവര്‍ക്ക് സന്ദേശം നല്കുകയുംചെയ്തു. കുട്ടുകള്‍ സ്നേഹപുരസ്സരം പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്കി. ഇന്ത്യയില്‍നിന്നും ഡല്‍ഹിക്കാരി മാന്‍സിയായിരുന്നു പാപ്പായോട് ചോദ്യം ചോദിച്ചത്. പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം മാന്‍സിയും വത്തിക്കാനില്‍ എത്തിയിരുന്നു. അമേരിക്കയില്‍നിന്നുമുള്ള പത്തുവയസ്സുകാരന്‍ വില്യമിന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു: "പാപ്പാ ഫ്രാന്‍സിസ്, അങ്ങേയ്ക്ക് ഒരു അത്ഭുതം പ്രവര്‍ത്തിക്കാമെങ്കില്‍ അതെന്തായിരിക്കും?" പാപ്പാ ഇങ്ങനെ ഉത്തരംനല്കി. "തനിക്കൊരു അത്ഭുതം പ്രവര്‍ത്തിക്കാനായാല്‍ അത് ലോകത്തുള്ള കുട്ടികളുടെ പീഡനങ്ങള്‍ ഒഴിവാക്കുവാനായിരിക്കും!"ഇങ്ങനെയാണ് 120 പേജുകളുള്ള ബഹുവര്‍ണ്ണ സചിത്ര ഗ്രന്ഥം പുരോഗമിക്കുന്നതെന്ന് എഡിറ്റര്‍ ഫാദര്‍ ക്യാംബെല്‍ വിശദീകരിച്ചു. കുട്ടികളോടും യുവാക്കളോടും, വിശിഷ്യ പാവങ്ങളും പീഡിതരുമായവരോടു പാപ്പാ ഫ്രാന്‍സിസിനുള്ള പ്രത്യേക പ്രതിബദ്ധതയാണ് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നതെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഫാദര്‍ പോള്‍ ക്യംബെല്‍ വ്യക്തമാക്കി.Source: Vatican Radio