News >> സഭാചരിത്രം സ്നേഹജീവിതത്തിന്‍റെ ചരിത്രമാണെന്ന് പാപ്പാ ഫ്രാന്‍സിസ്
സഭാചരിത്രം ഉപവിയുടെ ചരിത്രമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
Cor Unum-ന്‍റെ രാജ്യാന്തര സമ്മേളനത്തെ ഫെബ്രുവരി 26-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ പ്രബോധിപ്പിച്ച Deus Caritas Est 'ദൈവം സ്നേഹമാകുന്നു...' എന്ന ചാക്രികലേഖനത്തിന്‍റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 'കോര്‍ ഊനും' പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ രാജ്യാന്തര സമ്മേളനം 25, 26 വ്യാഴം വെള്ളി ദിവസങ്ങളില്‍ റോമില്‍ സംഘടിപ്പിക്കപ്പെട്ടത്.ദൈവത്തില്‍നിന്നും മനുഷ്യര്‍ കൈക്കൊണ്ട സ്നേഹത്തിന്‍റെ കഥയാണ് ഇന്നു സഭയിലൂടെ ലോകത്ത് തുടരുന്നതെന്നും, അതിനാല്‍ സഭയുടെയും ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിന്‍റെ കേന്ദ്രസ്ഥായി സ്നേഹമാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. "അസ്തമിക്കാത്ത സ്നേഹം, ഒരിക്കലും അസ്തമിക്കാത്ത സ്നേഹം..." (1കൊറി. 13,8) എന്ന പൗലോസ് അപ്പസ്തോലന്‍റെ സ്നേഹത്തെക്കുറിച്ചുള്ള സൂക്തം പ്രമേയമാക്കിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ട സഭയിലെ ഉപവിപ്രവര്‍ത്തകരുടെ രാജ്യാന്തര സമ്മേളനം റോമില്‍ നടന്നത്. മനഃസാക്ഷിയെ ശമിപ്പിക്കാന്‍ എന്തെങ്കിലും ധര്‍മ്മം കൊടുക്കുന്നതല്ല ഉപവിപ്രവൃത്തിയെന്നും, അപരനോടുള്ള സ്നേഹാര്‍ദ്രമായ മനോഭാവവും സമീപനവുമാണതെന്ന് പാപ്പാ വ്യക്തമാക്കി (EG199). ഇങ്ങനെയുള്ളൊരു സമീപനത്തില്‍ വ്യക്തി അപരനെ തന്നെപ്പോലെ കാണുകയും, തല്‍ഫലമായി ദൈവത്തോടു കൂട്ടുചേരുന്നൊരു പങ്കുവയ്ക്കലായിരിക്കും അവിടെ യാഥാര്‍ത്ഥ്യമാകുമെന്നും 200-ല്‍പ്പരം പേരുണ്ടായിരുന്ന ഉപവിപ്രവര്‍ത്തകരെ പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ ഉപവിപ്രവര്‍ത്തനം സഭയുടെ ഹൃദയവും പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവുമാണ്. ക്രിസ്തു പഠിപ്പിച്ച പ്രഥമവും പ്രധാനവുമായ കല്പന സ്നേഹത്തിന്‍റേതാണ്. "നിന്‍റെ ദൈവമായ കര്‍ത്താവിനെ പുര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടുകൂടെ സ്നേഹിക്കുക, പിന്നെ നിന്നെപ്പോലെ നിന്‍റെ അയര്‍ക്കാരനെയും.." (മത്തായി 12, 30-31).ക്രൈസ്തവരുടെയും, ക്രൈസ്തവ സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹൃദയങ്ങള്‍ ദൈവ സ്നേഹത്താല്‍ സ്പന്ദിക്കേണ്ട സമയമാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷമെന്ന് സമ്മേളനത്തെ പാപ്പാ അനുസ്മരിപ്പിച്ചു. ദൈവം തന്‍റെ അസ്തിത്വത്തിലും സ്വഭാവത്തിലും സ്നേഹമാണ്. അവിടുന്ന് ഒന്നാണെങ്കിലും, ഏകനല്ല. മനുഷ്യരോടും ഈ പ്രപഞ്ചത്തോടുമുള്ള സ്നേഹത്തിന്‍റെ കൂട്ടായ്മയിലാണ് അവിടുന്നു വസിക്കുന്നത്. അതിനാല്‍ ദൈവസ്നേഹം നമ്മിലേയ്ക്കു ചൊരിയപ്പെടുകയും നമുക്കായി പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യര്‍ ദൈവത്തില്‍നിന്ന് അകന്നുപോകുമ്പോഴും അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹം വീണ്ടും നമ്മെ തേടിയെത്തുന്നു.ദൈവത്തിന് മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്‍റെ പാരമ്യമാണ് ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമായ ദൈവാവതാരം. അങ്ങനെ ക്രിസ്തുവില്‍ ദൈവത്തിന്‍റെ സ്നേഹാര്‍ദ്രവും കരുണാര്‍ദ്രവുമായ മുഖം നാം ദര്‍ശിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. 'ദൈവം സ്നേഹമാകുന്നു' എന്ന ചാക്രികലേഖനത്തിന്‍റെ ആദ്യഭാഗം ക്രിസ്തുവില്‍ ലോകം ദര്‍ശിച്ചു ദൈവസ്നേഹവും, രണ്ടാം ഭാഗത്ത് ഇന്ന് സഭയില്‍ യാഥാര്‍ത്ഥ്യവും ദൃശ്യവുമാകേണ്ട സ്നേഹപ്രവര്‍ത്തികളുമാണ് പ്രതിപാദിക്കപ്പെടുന്നതെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio