News >> മദ്യനിരോധന നയം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ഡോ. സൂസപാക്യം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മദ്യനിരോധന നയം അട്ടിമറിക്കാന്‍ ഒരു ശക്തി യെയും അനുവദിക്കില്ലെന്ന് ആര്‍ ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടത്തിയ മദ്യവിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യനിരോധനത്തിലേക്കു നയിക്കാത്ത മദ്യവര്‍ജനം വിജയിപ്പിക്കാനാവില്ല. പ്രകടന പത്രികകളിലും പ്രസ്താവനകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മദ്യനയം പ്രഖ്യാപിക്കണം. മദ്യത്തെ പ്രോത്സാ ഹിപ്പിക്കുന്ന ഭരണസംവിധാനം വേണ്ട. മദ്യസംസ്കാരത്തെ പ്രോത്സാ ഹിപ്പിക്കുന്നവര്‍ അധികാരത്തില്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റീസ് പി.കെ. ഷംസുദീന്‍ അധ്യക്ഷതവഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി മുഖ്യപ്രഭാഷണം നടത്തി.
മദ്യനിരോധനം സംബന്ധിച്ചു വ്യക്തമായ നയം അറിയിക്കുന്നവരുമായി തുറന്ന സംവാദത്തിനു തയാറാണെന്നു സമ്മേളനത്തെത്തുടര്‍ന്നു നടത്തിയ പത്രസമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തെ കെസിബിസി മദ്യവിരുദ്ധസമിതി സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇതു യുഡിഎഫിനുള്ള പിന്തുണയല്ല; മദ്യനിയന്ത്രണ നയത്തിനുള്ള പിന്തുണയാണ്. കേരളത്തിന്റെ പുരോഗതിയെപ്പോലും ബാധിക്കുന്ന പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമായ നയം രൂപീകരിക്കാതെ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതു വഞ്ചനയാണ്.
കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഏഴിന കര്‍മപരിപാടികള്‍ക്കു സമ്മേളനം രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലും മദ്യവിരുദ്ധസംഗമങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മഹാസംഗമങ്ങള്‍ സംഘടിപ്പിക്കും. വിവിധ രൂപതകളുടെ നേതൃത്വത്തില്‍ സംയുക്ത ഇടയലേഖനങ്ങള്‍ തയാറാക്കും. തെരഞ്ഞെടുപ്പിനു മുമ്പു മുന്നണികളുടെ നേതാക്കളെ കണ്ട് മദ്യനയം വ്യക്തമാക്കാന്‍ ആവശ്യപ്പെടും. സംസ്ഥാനത്തെ 140 മണ്ഡലങ്ങ ളിലും മദ്യനയം നടപ്പിലാക്ക ണമെന്നാവശ്യപ്പെട്ടു സമ്മേളനങ്ങള്‍ നടത്തും. ഇതു സംബന്ധിച്ച പോസ്ററുകള്‍ തയാറാക്കും. മദ്യനിരോധനത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നടത്തുമെന്നും ഫാ. ടി .ജെ. ആന്റണി പറഞ്ഞു.
കെസി ബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മദ്യനിരോധന ഏകോപന സമിതി നേതാക്കളായ ഫാ.തോമസ് തൈത്തോട്ടം, ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്കോപ്പ, ടി. എം. വര്‍ഗീസ്, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, പ്രഫ. ടി.എം. രവീന്ദ്രന്‍, ഫ്രാന്‍സിസ് പെരുമന, ഫാ. പോള്‍ കാരാച്ചിറ, പ്രഫ. ഒ.ജെ. ചിന്നമ്മ, ആന്റണി ജേക്കബ്, അഡ്വ. എന്‍. രാജേന്ദ്രന്‍, എം.ഡി. റാഫേല്‍, തോമസ്കുട്ടി മണക്കുന്നേല്‍, സേവ്യര്‍ പള്ളിപ്പാടന്‍, പി.എച്ച്. ഷാജഹാന്‍, ജോണ്‍സണ്‍ ഇടയാറന്മുള, രാജന്‍ അമ്പൂരി, പ്രഫ. വിന്‍സെന്റ് മാളിയേക്കല്‍, എസ്.എസ്. മുസ്തഫ, സി.സി. സാജന്‍ തുടങ്ങിയവരും മദ്യവിരുദ്ധ മഹാസമ്മേളനത്തില്‍ പ്രസംഗിച്ചു.
കേരളത്തിലെ 31 മദ്യവിരുദ്ധ സംഘടനകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Source: Deepika