News >> ജീവകാരുണ്യ പ്രവര്‍ത്തക സംഗമം നടത്തി

കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ കാരുണ്യ കേരള സന്ദേശയാത്രയുടെ മധ്യമേഖല പര്യടനത്തോടനുബന്ധിച്ച് ഇടുക്കി കരിമ്പന്‍ ബിഷപ്സ് ഹൌസില്‍ ജീവകാരുണ്യ പ്രവര്‍ത്തക സംഗമം നടത്തി. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. മരണസംസ്കാരത്തിലേക്ക് ആധുനിക തലമുറ വഴുതിവീഴുമ്പോള്‍ ജീവന്റെ സംസ്കാരത്തിനു കരുത്തുപകരാന്‍ കാരുണ്യ കേരള സന്ദേശയാത്രയ്ക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവനെ വിലമതിക്കാതിരിക്കുകയും ഭൂമിയില്‍ ജനിക്കാനുളള സാധ്യത പോലും ഭ്രൂണഹത്യയിലൂടെയും മറ്റും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രൊലൈഫ് പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തിന്റെ മുഖം സമൂഹത്തില്‍ പ്രകാശിതമാക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജെയിംസ് മംഗലശേരി അധ്യക്ഷത വഹിച്ചു. പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി, കാരുണ്യ യാത്ര ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, ആനിമേറ്റര്‍ സിസ്റര്‍ മേരി ജോര്‍ജ്, വൈസ് പ്രസിഡന്റ് യുഗേഷ് പുളിക്കന്‍, കെസിബിസി ഫാമിലി കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍, ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, റോസക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ കാരുണ്യപ്രവര്‍ത്തകരെ ആദരിച്ചു. ഇടുക്കി ജില്ലയിലെ അന്‍പതോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ആദരിച്ചു. ജില്ലയിലെ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
Source: Deepika