News >> എത്യോപ്യന്‍ പാത്രിയര്‍ക്കീസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും
വത്തിക്കാന്‍സിറ്റി: എത്യോപ്യയിലെ ഓര്‍ത്തഡോക്സ് ടെവാഹിദോ സഭയുടെ പാത്രിയര്‍ക്കീസ് ആബുന മത്യാസ് ഒന്നാമന്‍ നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും.
വെള്ളിയാഴ്ച റോമിലെത്തിയ പാത്രിയര്‍ക്കീസ് ഇന്ന് ഉര്‍ബാനിയന്‍ കോളജിന്റെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ പത്രോസിന്റെ കബറിടവും സന്ദര്‍ശിക്കും.
മൂന്നരക്കോടി വിശ്വാസികള്‍ ഉള്ളതാണ് ടെവാഹിദോ സഭ. റോമിലും ഈ സഭക്കാര്‍ ധാരാളമുണ്ട്. ആബുന മത്യാസിന്റെ മുന്‍ഗാമി ആബുന പൌലോസ് 1993-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം കത്തോലിക്കാ സഭയുമായി തികഞ്ഞ സൌഹൃദത്തിലാണു ടെവാഹിദോ സഭ.
ആബുന പൌലോസ് പാത്രിയര്‍ക്കീസ് 2009-ല്‍ ബനഡിക്ട് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ആവര്‍ഷം ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ടെവാഹിദോ സഭ, കത്തോലിക്കാസഭയുമായി ദൈവശാസ്ത്ര സംവാദം നടത്തുന്ന ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ ഇന്റര്‍നാഷണല്‍ കമ്മീഷനില്‍ അംഗമാണ്.
എത്യോപ്യയില്‍ മെന്‍ഗിസ്തു ഹെയ്ല്‍ മറിയാമിന്റെ കമ്യൂണിസ്റ് വാഴ്ചക്കാലത്ത് മൂന്നു ദശകം പ്രവാസിയായി കഴിയേണ്ടിവന്ന ആബുന മത്യാസ് 2013 ഫെബ്രുവരി 28-നാണ് പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ടത്.
Source: Deepika